News

വ്യക്തിഗത വായ്പ എടുക്കും മുന്‍പ് ചില കാര്യങ്ങള്‍ ഓര്‍ക്കാം; വായ്പയ്ക്ക് അപേക്ഷിക്കുമ്പോള്‍ കമ്പനിയ്ക്ക് നല്‍കേണ്ട രേഖകള്‍ എന്തൊക്കെ? തിരിച്ചടവ് കാലാവധിയെ പറ്റിയും ഓര്‍ക്കാം

പണത്തിന് ആവശ്യം വരുമ്പോള്‍ വ്യക്തിഗത വായ്പ എന്നത് ഏവരും ആശ്രയിക്കുന്ന ഒന്നാണ്. 20 ലക്ഷം രൂപ വരെ ഈടില്ലാതെ വായ്പ ലഭിക്കാന്‍ വ്യക്തിഗത വായ്പയ്ക്ക് അപേക്ഷിക്കാം. വായ്പ നല്‍കുന്നതിന് മുന്‍പ് നിങ്ങളുടെ താമസ സ്ഥലത്തും ജോലി സ്ഥലത്തും നിങ്ങളെ പറ്റി അന്വേഷിക്കും. വ്യക്തിഗത വായ്പയ്ക്ക് നല്‍കേണ്ട രേഖകള്‍:  മൂന്ന് മാസത്തെ ശമ്പള രസീത്, ആറു മാസത്തെ ബാങ്ക് അക്കൗണ്ട് സ്റ്റേറ്റ്‌മെന്റ്, 3 വര്‍ഷത്തെ ഇന്‍കം ടാക്സ് റിട്ടേണ്‍  എന്നിവയുടെ പകര്‍പ്പുകള്‍ വായ്പാ കമ്പനിക്ക് സമര്‍പ്പിക്കണം. അവര്‍ നിങ്ങളുടെ താമസസ്ഥലത്തും ജോലിസ്ഥലത്തും നിങ്ങളെ കുറിച്ച് അന്വേഷിക്കും. 

ഹാജരാക്കിയ രേഖകളുടെയും സിബില്‍ നല്‍കുന്ന ബാദ്ധ്യത ചരിത്രത്തിന്റെയും അന്വേഷണത്തിന്റെയും അടിസ്ഥാനത്തിലാണ് ലോണ്‍ അനുവദിക്കുക. നിങ്ങള്‍ക്ക് എത്ര തുക മാസം തിരിച്ചടയ്ക്കാന്‍ കഴിയുമെന്ന് രേഖകളില്‍ നിന്നും മനസ്സിലാക്കിയിട്ട് അതിനനുസരിച്ചുള്ള തുകയെ വായ്പ ലഭിക്കുകയുള്ളു. രണ്ടര ശതമാനത്തോളം പ്രോസസ്സിംഗ് ചാര്‍ജ് ഈടാക്കാറുണ്ട്. മുന്‍കൂട്ടി വായ്പ തിരിച്ചടയ്ക്കുന്നെങ്കില്‍ ബാക്കി അടയ്ക്കാനുള്ള തുകയുടെ  നാല് ശതമാനത്തോളം അതിനുള്ള ചെലവായിട്ട് ഈടാക്കും. പേഴ്‌സണല്‍ ലോണ്‍ തിരിച്ചടിക്കാനുള്ള കാലാവധി അഞ്ചുവര്‍ഷം വരെ ലഭിക്കും.

പലിശ നിരക്ക് 13 ശതമാനത്തിനും 22 ശതമാനത്തിനും ഇടയ്ക്കായിരിക്കും. നിങ്ങളുടെ സിബില്‍ സ്‌കോര്‍,തിരിച്ചടവിന്റെ കാലാവധി  എന്നിവയ്ക്കനുസരിച്ച് പലിശ നിരക്ക് നിശ്ചയിക്കപെടും. വായ്പ നല്‍കുന്ന കമ്പനിയുമായി കരാര്‍ ഒപ്പിടണം. പ്രോമിസറി നോട്ടും തീയതി വയ്ക്കാത്ത ചെക്കും കമ്പനികള്‍  വാങ്ങാറുണ്ട്. മാസതവണ ഇ സി എസ് വഴി നേരിട്ട് നിങ്ങളുടെ ബാങ്ക് അക്കൗണ്ടില്‍ നിന്നും എടുക്കും. അല്ലെങ്കില്‍ മുന്‍കൂട്ടി തീയതി വച്ച് നല്‍കിയ തവണ ചെക്കുകള്‍ മുഖേന സ്വീകരിക്കും.

തവണ അടയ്ക്കേണ്ട തീയതിക്ക് അക്കൗണ്ടില്‍ പണമില്ലെങ്കില്‍ ഭീമമായ തുക ചെക്ക് തിരിച്ചയച്ചതിന് പിഴ ഈടാക്കും. പേഴ്‌സണല്‍ ലോണിന്റെ  തിരിച്ചടവുകള്‍ മുടക്കിയാല്‍ അവ നിങ്ങളുടെ സിബില്‍ സ്‌കോറിനെ ബാധിക്കും മാത്രമല്ല വീണ്ടുമൊരു ലോണ്‍ കിട്ടാനുള്ള സാദ്ധ്യതയും ഇല്ലാതാകും.

Author

Related Articles