News

ഭക്ഷണത്തിന് പോലും വഴിയില്ലാതെ വിഷമിക്കുന്ന ശ്രീലങ്കയ്ക്ക് സഹായവുമായി ഇന്ത്യ; 90 കോടി ഡോളര്‍ നല്‍കും

കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുന്ന ശ്രീലങ്കയ്ക്ക് സഹായവുമായി ഇന്ത്യ. 90 കോടി യുഎസ് ഡോളറിന്റെ സഹായമാണ് നല്‍കുന്നത്. ശ്രീലങ്ക ഇന്ത്യയോട് 100 കോടി ഡോളറിന്റെ സഹായം ആവശ്യപ്പെട്ടിരുന്നു. അവശ്യ വസ്തുക്കള്‍ക്ക് ശ്രീലങ്കയില്‍ ക്ഷാമം നേരിടുന്നതിനാല്‍ ഭക്ഷ്യ വസ്തുക്കള്‍ ഉള്‍പ്പെടെ ഇറക്കുമതി ചെയ്യാനാണ് തുക ആവശ്യപ്പെട്ടത്. ഈ തുക വായ്പയായി ആണ് നല്‍കുന്നത്. ശ്രീലങ്കയ്ക്ക് എല്ലാ പിന്തുണയും നല്‍കുമെന്ന് ഇന്ത്യ പ്രഖ്യാപിച്ചിട്ടുണ്ട്.

ശ്രീലങ്കയുടെ വിദേശ കരുതല്‍ നാണ്യ ശേഖരം ഡിസംബറില്‍ 150 ബില്യണ്‍ ഡോളറായി കുറഞ്ഞത് ഇരട്ടിയായി ഉയര്‍ന്നിട്ടുണ്ട്. 300 കോടി ഡോളറായി ആണ് വിദേശനാണ്യം ഉയര്‍ന്നത്. ഒരു മാസത്തെ ഇറക്കുമതിക്ക് ഇതില്‍ നിന്ന് തുക കണ്ടെത്താന്‍ ആകും. ഇന്ത്യയില്‍ നിന്നുള്ള വായ്പാ തുക ഭക്ഷ്യ ഇറക്കുമതിക്കായി ഉപയോഗിച്ചേക്കും.

അവശ്യവസ്തുക്കള്‍ക്കുള്‍പ്പെടെ കടുത്ത ക്ഷാമം നേരിടുകയാണ് ഇപ്പോള്‍ ശ്രീലങ്ക. ഇറക്കുമതിക്ക് പണം ഇല്ലാത്തതാണ് ക്ഷാമം രൂക്ഷമാക്കിയത്. ടര്‍ബൈനുകള്‍ പ്രവര്‍ത്തിപ്പിക്കാനുള്ള ഇന്ധനം ഇല്ലാത്തതിനാല്‍ ഇവിടെ പവര്‍കട്ടും സാധാരണമാണ്. ഏറ്റവും തിരക്കേറിയ സമയങ്ങളില്‍ പവര്‍ കട്ട് ഏര്‍പ്പെടുത്തുന്നുണ്ട്. വൈദ്യുതി ബോര്‍ഡിന് വലിയ തുക അടയ്ക്കാന്‍ ഉള്ളതിനാല്‍ എണ്ണ വിതരണം തടസപ്പെട്ടത്. ക്രൂഡ് ഇറക്കുമതിക്കായി തുക നല്‍കാന്‍ കഴിയാത്തതിനാല്‍ രാജ്യത്തെ ഏക റിഫൈനറിയും അടച്ചു പൂട്ടി.

ഡിസംബറില്‍ ശ്രീലങ്കയില്‍ വിലക്കയറ്റം രൂക്ഷമായിരുന്നു. 12.1 ശതമാനമായി ആണ് പണപ്പെരുപ്പം ഉയര്‍ന്നത്. മുന്‍ മാസത്തേക്കാള്‍ ഒന്‍പത് ശതമാനത്തിലധികം വര്‍ധനയാണ് പണപ്പെരുപ്പത്തില്‍ ഉണ്ടായത്. ഇവിടെ ഏറ്റവുമധികം വില വര്‍ധനന ഭക്ഷ്യ വസ്തുക്കള്‍ക്കാണ്. 22 ശതമാനമാണ് വില ഉയര്‍ന്നത്. 2013-ന് ശേഷം ഇതാദ്യമായാണ് ശ്രീലങ്കയില്‍ ഭക്ഷ്യ വസ്തുക്കളുടെ വില ഇത്രയും കുതിക്കുന്നത്. രണ്ട് ലക്ഷം കോടി രൂപയിലധികമാണ് രാജ്യത്തിന്റെ കടബാധ്യത. പിന്നെ ഇറക്കുമതി ചെലവുകള്‍ക്കായി നല്‍കാന്‍ കാര്യമായി പണമില്ലാത്തതാണ് പ്രതിസന്ധിക്ക് ആക്കം കൂട്ടിയത്.

കൊവിഡാണ് ശ്രീലങ്കയെ തകര്‍ത്തത് എന്ന് തന്നെ പറയാം. പൂര്‍ണമായും വിനോദസഞ്ചാര മേഖലയെ ആശ്രയിച്ചിരുന്ന രാജ്യത്ത് കൊവിഡ് പടര്‍ന്നത് സമ്പദ് വ്യവസ്ഥയെ ബാധിച്ചു. വിദേശ നാണ്യ കരുതല്‍ ശേഖരം വര്‍ധിപ്പിക്കാന്‍ ആണ് ഇറക്കുമതി നിയന്ത്രണങ്ങള്‍ നടപ്പാക്കിയത്. സമ്പദ് വ്യവസ്ഥയെ പുനരുജ്ജീവിപ്പിക്കാന്‍ കാര്യമായ നടപടികള്‍ ഒന്നും പ്രഖ്യാപിക്കാനാകാതെ കുഴങ്ങുകയാണ് ശ്രീലങ്കന്‍ പ്രസിഡന്റ് ഗോതാബയ രാജപക്‌സെയുടെ നേതൃത്വത്തിലുള്ള സര്‍ക്കാരും.

Author

Related Articles