News

ലോകത്തിലെ വൈദ്യുത വാഹന നിര്‍മാണ കേന്ദ്രമായി ഇന്ത്യ മാറും: നിതിന്‍ ഗഡ്കരി

ന്യൂഡല്‍ഹി: ലോകം മുഴുവന്‍ വൈദ്യുത വാഹനങ്ങളിലേക്ക് വരും കാലങ്ങളില്‍ മാറും എന്നാണ് പ്രതീക്ഷിക്കുന്നത്. പെട്രോളിയം ഇന്ധനങ്ങളുടെ ലഭ്യത ഇനി എത്രകാലം ഉണ്ടാകുമെന്ന് ഒരു ഉറപ്പുമില്ല. അത് മാത്രമല്ല, അന്തരീക്ഷ മലിനീകരണവും വലിയ പ്രതിസന്ധിയാണ്. വരും വര്‍ഷങ്ങളില്‍ ലോകത്തിലെ വൈദ്യുത വാഹന നിര്‍മാണ കേന്ദ്രമായി ഇന്ത്യ മാറും എന്നാണ് ഗതാഗത മന്ത്രി നിതിന്‍ ഗഡ്കരി പറയുന്നത്. നിലവില്‍ വൈദ്യുത വാഹനങ്ങള്‍ക്ക് വലിയ നിര്‍മാണ ചെലവാണുള്ളത്. ഇത് വരുംകാലങ്ങളില്‍ കുറയും എന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.

ലിഥിയം അയോണ്‍ ബാറ്ററികളുടെ വില കുറയുമ്പോള്‍ വൈദ്യുത വാഹനങ്ങളുടെ നിര്‍മാണ ചെലവും കുറയും. ഇപ്പോള്‍ പെട്രോളിയം ഇന്ധനങ്ങള്‍ ഉപയോഗിക്കുന്ന വാഹനങ്ങളേക്കാള്‍ ഉയര്‍ന്ന വിലയാണ് വൈദ്യുത വാഹനങ്ങള്‍ക്കുള്ളത്. വൈദ്യുത വാഹനങ്ങളുടെ നിര്‍മാണത്തിന് സര്‍ക്കാര്‍ സഹായം നല്‍കുമെന്ന സൂചനയും അദ്ദേഹം നല്‍കുന്നുണ്ട്. വൈദ്യുത വാഹനങ്ങളുടെ കാര്യത്തില്‍ ബദല്‍ സാങ്കേതികവിദ്യകളുടെ സാധ്യതയും കേന്ദ്ര സര്‍ക്കാര്‍ ആലോചിക്കുന്നുണ്ട് എന്ന് അദ്ദേഹം വ്യക്തമാക്കി. ആമസോണ്‍ സംഘടിപ്പിച്ച പരിപാടിയില്‍ സംസാരിക്കുകയായിരുന്നു നിതിന്‍ ഗഡ്കരി.

വൈദ്യുത വാഹനങ്ങളുടെ ഉത്പാദനം കൂട്ടണം എന്ന നിര്‍ദ്ദേശമാണ് വാഹന നിര്‍മാതാക്കള്‍ക്ക് കേന്ദ്ര സര്‍ക്കാര്‍ നല്‍കിയിരിക്കുന്നത്. അന്തരീക്ഷ മലിനീകരണം കുറയ്ക്കാന്‍ ഇതുവഴി സാധിക്കുമെന്നതാണ് പ്രതീക്ഷ. അതിലും അപ്പുറം, പെട്രോളിയം ഇന്ധനങ്ങളുടെ ഇറക്കുമതിയിലെ രാജ്യത്തിന്റെ പരാശ്രയത്വം അവസാനിപ്പിക്കാനും ഇതുവഴി സാധിക്കും.

എട്ട് ലക്ഷം കോടിയിലധികം രൂപയുടെ അസംസ്‌കൃത എണ്ണയാണ് രാജ്യം ഇറക്കുമതി ചെയ്യുന്നത് എന്നാണ് നിതിന്‍ ഗഡ്കരി പറഞ്ഞത്. അടുത്ത നാലോ അഞ്ചോ വര്‍ഷം കൊണ്ട് ഇത് ഇരട്ടിയാകുമെന്നും അദ്ദേഹം നിരീക്ഷിക്കുന്നുണ്ട് . രാജ്യത്തിന്റെ സമ്പദ്ഘടനയെ വലിയ രീതിയില്‍ ഇത് ബാധിക്കുമെന്നും അദ്ദേഹം പറഞ്ഞു . ഈ സാഹചര്യത്തില്‍ ബദല്‍ ഊര്‍ജ്ജ സാധ്യതകള്‍ തേടേണ്ടതുണ്ട് എന്നും അദ്ദേഹം പറഞ്ഞു.

Author

Related Articles