News

സ്റ്റാര്‍ട്ടപ്പുകള്‍ക്കും ചെറുകിട വ്യവസായങ്ങള്‍ക്കും വായ്പ; സഹകരണത്തിനൊരുങ്ങി ഇന്ത്യന്‍ ബാങ്ക്

മുംബൈ: സ്റ്റാര്‍ട്ടപ്പുകള്‍ക്കും ചെറുകിട വ്യവസായങ്ങള്‍ക്കും വായ്പ നല്‍കാന്‍ സൊസൈറ്റി ഫോര്‍ ഇന്നൊവേഷന്‍ ആന്‍ഡ് എന്റര്‍പ്രണര്‍ഷിപ്പ് (SINE), ഐഐടി ബോംബെ എന്നിവയുമായി സഹകരിക്കാന്‍ ഇന്ത്യന്‍ ബാങ്ക്. ഇതു സംബന്ധിച്ച ധാരണ പത്രം (MoU) ഇരു സ്ഥാപനങ്ങളുമായും ഇന്ത്യന്‍ ബാങ്ക് ഒപ്പ് വെച്ചു.

ചെറുകിട മേഖലയ്ക്ക് സാങ്കേതിക സഹായം നല്‍കല്‍, ഹൈ-എന്‍ഡ് ടെക്‌നോളജി ഉല്പന്നങ്ങള്‍ വികസിപ്പിക്കുന്നതിനുള്ള സഹായം, സാമ്പത്തിക സഹായം തുടങ്ങിയ കാര്യങ്ങളില്‍ ബാങ്ക് ഇരു സ്ഥാപനങ്ങളുമായി സഹകരിക്കും. ധാരണാപത്രം അനുസരിച്ച് ഈ സ്ഥാപനങ്ങള്‍ യോഗ്യതയുള്ള സ്റ്റാര്‍ട്ടപ്പുകളുടെയും ചെറുകിട വ്യവസായങ്ങളുടെയും പട്ടിക തയ്യാറാക്കി ബാങ്കിന് റെഫര്‍ ചെയ്യും.

ഈ പട്ടിക അനുസരിച്ചാകും ബാങ്ക് വായ്പ അനുവദിക്കുക. സ്റ്റാര്‍ട്ടപ്പുകള്‍ക്ക് അവരുടെ പ്രവര്‍ത്തന മൂലധന ആവശ്യങ്ങള്‍ക്കും യന്ത്രങ്ങള്‍, ഉപകരണങ്ങള്‍ തുടങ്ങിയവ വാങ്ങുന്നതിനും ബാങ്ക് 50 കോടി രൂപ വരെ വായ്പ നല്‍കും. ചെറുകിട സംരംഭകരെ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി 'എംഎസ്എംഇ പ്രേരണ' എന്ന പദ്ധതി ബാങ്ക് ആരംഭിച്ചിരുന്നു.

Author

Related Articles