രാജ്യത്തെ കയറ്റുമതി മേഖലയില്‍ വീണ്ടും തകര്‍ച്ച; 5.4 ശതമാനം ഇടിഞ്ഞു
രാജ്യത്തെ കയറ്റുമതി മേഖലയില്‍ വീണ്ടും തകര്‍ച്ച. ഒക്ടോബറില്‍ ഇന്ത്യയിലെ ചരക്ക് കയറ്റുമതി 5.4 ശതമാനം ഇടിവോടെ 24.82 ബില്യണ്‍ ഡോളറിലാണ് എത്തിനിന്നത്. പെട്രോളിയം ഉത്പന്നങ്ങള്‍, രത്നക്കല്ലുകള്‍, ആഭരണങ്ങള്‍, തുകല്‍, എഞ്ചിനീയറിങ് ചരക്കുകള്‍ എന്നിവയുടെ നീക്കം മന്ദഗതിയിലായത് കയറ്റുമതിക്ക് ആഘാതമായി. ഇറക്കുമതിയിലും തളര്‍ച്ച കാണാം. 11.56 ശതമാനം തകര്‍ച്ചയോടെ 33.6 ബില്യണ്‍ ഡോളര്‍ ഇറക്കുമതി മേഖല രേഖപ്പെടുത്തി. ഇതോടെ വ്യാപാരക്കമ്മിയും കുറഞ്ഞു. പോയമാസം 8.78 ബില്യണ്‍ ഡോളറാണ് ഇന്ത്യയുടെ വ്യാപാരക്കമ്മി. സെപ്തംബറില്‍ ഇത് 11.76 ബില്യണ്‍ ഡോളറായിരുന്നു. കേന്ദ്ര വാണിജ്യ വ്യവസായ മന്ത്രാലയമാണ് പുതിയ വിവരം പുറത്തുവിട്ടത്. കയറ്റുമതി മേഖലയില്‍ പെട്രോളിയം ഉത്പന്നങ്ങള്‍ക്ക് ഡിമാന്‍ഡ് കുറഞ്ഞതാണ് വലിയ തിരിച്ചടിയായത്.
പോയമാസം പെട്രോളിയം ഉത്പന്നങ്ങളുടെ കയറ്റുമതിയില്‍ മാത്രം 53.30 ശതമാനം ഇടിവ് കണ്ടു. കശുവണ്ടി കയറ്റുമതി 21.57 ശതമാനവും രത്നങ്ങളുടെയും ആഭരണങ്ങളുടെയും കയറ്റുമതി 21.27 ശതമാനവും വീണു. 16.69 ശതമാനം തകര്‍ച്ചയാണ് തുകല്‍ കയറ്റുമതിയില്‍ സംഭവിച്ചത്. ഇലക്ട്രോണിക് ഉത്പന്നങ്ങുടെ കയറ്റുമതിയില്‍ 9.40 ശതമാനവും കാപ്പിക്കുരു കയറ്റുമതിയില്‍ 9.25 ശതമാനവും ഇടിവ് രേഖപ്പെടുത്തി. സമുദ്രോത്പന്നങ്ങളുടെ കയറ്റുമതിയിലും കാണാം 8.09 ശതമാനം ഇടിവ്. ഇതേസമയം അരി, എണ്ണ ഭക്ഷണം, ഇരുമ്പയിര്, എണ്ണക്കുരു, പരവതാനി, സുഗന്ധവ്യഞ്ജനങ്ങള്‍, പരുത്തി ഉള്‍പ്പെടെയുള്ള വിഭാഗങ്ങളില്‍ കയറ്റുമതി വര്‍ധിച്ചെന്ന് പ്രത്യേകം പരാമര്‍ശിക്കണം.
കണക്കുപ്രകാരം ഏപ്രില്‍ - ഒക്ടോബര്‍ കാലയളവില്‍ 19.05 ശതമാനം തകര്‍ച്ചയാണ് കയറ്റുമതിയില്‍ ഇന്ത്യ നേരിട്ടത്. ഈ കാലയളവില്‍ 150.07 ബില്യണ്‍ ഡോളര്‍ മാത്രമേ കയറ്റുമതി ഇനത്തില്‍ രാജ്യത്തിന് വരുമാനം ലഭിച്ചുമുള്ളൂ. ഇറക്കുമതിയിലും ചിത്രം ആശാവഹമല്ല. 182.29 ബില്യണ്‍ ഡോളറാണ് ഇറക്കുമതിയിലൂടെ ഇന്ത്യ കുറിച്ചത്. ഇവിടെയും തകര്‍ച്ച 36.28 ശതമാനം. ഒക്ടോബറില്‍ എണ്ണ ഇറക്കുമതി 38.52 ശതമാനം കുറഞ്ഞ് 5.98 ബില്യണ്‍ ഡോളറിലെത്തി. ഏപ്രില്‍ - ഒക്ടോബര്‍ കാലയളവ് പരിശോധിച്ചാല്‍ എണ്ണ ഇറക്കുമതി 49.5 ശതമാനം ഇടിഞ്ഞ് 37.84 ബില്യണ്‍ ഡോളറിലാണ് വന്നുനില്ക്കുന്നത്. നേരത്തെ, തുടര്‍ച്ചയായ ആറ് മാസം ഇടിവ് രേഖപ്പെടുത്തിയ ശേഷം സെപ്തംബറില്‍ ഇന്ത്യയുടെ കയറ്റുമതി 5.99 ശതമാനം വര്‍ധനവ് രേഖപ്പെടുത്തിയിരുന്നു. 27.58 ബില്യണ്‍ ഡോളറിന്റെ കയറ്റുമതിയാണ് സെപ്തംബറില്‍ ഇന്ത്യ കുറിച്ചത്.
Related Articles
-
ആറുമാസം മുൻപ് ഒരു ബിറ്റ് കോയിന്റെ വില 68,000 ഡോളർ; ഇന്നലെ 23,000 ഡോളർ; ക്രിപ്റ്റ -
പൊതുജനങ്ങൾക്ക് ഓഹരി നിക്ഷേപ പാഠങ്ങളുമായി ധനമന്ത്രാലയം; രജിസ്ട്രേഷൻ ആരംഭിച്ചു -
റിപ്പോ നിരക്കും കരുതല്‍ ധനാനുപാതവും ഉയര്‍ത്തി റിസര്‍വ് ബാങ്ക് -
സംസ്ഥാനത്ത് ഇന്ന് സ്വര്‍ണ വില ഉയര്‍ന്നു -
അനില്‍ അംബാനിക്ക് വിദേശത്ത് കോടികളുടെ നിക്ഷേപം; ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തല -
രാജ്യത്തെ പലിശ നിരക്കുകള്‍ ഉയരും; സര്‍ക്കാര്‍ കടപ്പത്ര ആദായത്തില്‍ കുതിപ്പ് -
ഐഡിബിഐ ബാങ്കിനെ സ്വകാര്യ ബാങ്കുകളുമായി ലയിപ്പിച്ചേക്കും -
വായ്പാ നിരക്ക് വര്‍ധിപ്പിച്ച് എച്ച്ഡിഎഫ്സി ബാങ്ക്; ഇന്ന് മുതല്‍ പ്രാബല്യത്തില്‍