News

നടപ്പ് സാമ്പത്തിക വര്‍ഷത്തിലെ ജിഡിപി നെഗറ്റീവ് മേഖലയില്‍ തുടരുമെന്ന് റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ ശക്തികാന്ത ദാസ്

ന്യൂഡല്‍ഹി: കോവിഡ് 19 മഹാമാരി സാമ്പത്തിക പ്രവര്‍ത്തനങ്ങളെ തടസ്സപ്പെടുത്തിയതിനാല്‍, 2021 സാമ്പത്തിക വര്‍ഷത്തേക്കുള്ള ഇന്ത്യയുടെ വളര്‍ച്ചാ പ്രവചനം റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ (ആര്‍ബിഐ) കുറച്ചു. 2020-21 ലെ ജിഡിപി വളര്‍ച്ച, രണ്ടാം പകുതിയില്‍ നേരിയ പുരോഗതിയോടെ നെഗറ്റീവ് മേഖലയില്‍ തുടരുമെന്ന് റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ ശക്തികാന്ത ദാസ് പത്രസമ്മേളനത്തില്‍ അറിയിച്ചു. കഴിഞ്ഞ രണ്ട് മാസത്തിനിടെയുണ്ടായ രാജ്യവ്യാപക ലോക്ക് ഡൗണ്‍ ഇന്ത്യയിലെ സാമ്പത്തിക പ്രവര്‍ത്തനങ്ങളെ സാരമായി ബാധിച്ചു.
 
സ്വകാര്യ ഉപഭോഗത്തിലെ മാന്ദ്യത്തില്‍ നിന്നാണ് സമ്പദ് വ്യവസ്ഥയ്ക്ക് ഏറ്റവും വലിയ തിരിച്ചടി ലഭിച്ചിരിക്കുന്നത്. കണ്‍സ്യൂമര്‍ ഡ്യൂറബിള്‍ ഉല്‍പ്പാദനം മാര്‍ച്ചില്‍ 33% കുറഞ്ഞു, വൈദ്യുതി ഉപഭോഗവും ഇടിഞ്ഞു. സേവന മേഖല ചുരുങ്ങി - യാത്രക്കാരുടെ വാണിജ്യ വാഹന വില്‍പ്പന, ആഭ്യന്തര വിമാന യാത്രക്കാരുടെ ഗതാഗതം, വിദേശ വിനോദ സഞ്ചാരികളുടെ വരവ് എന്നിവയും മാര്‍ച്ചില്‍ കുത്തനെ കുറഞ്ഞു. എങ്കിലും, കാര്‍ഷിക മേഖല പ്രതീക്ഷയുടെ കിരണമായി തുടരുകയാണെന്നും അദ്ദേഹം പറഞ്ഞു.

വിവരശേഖരണത്തിലെ ബുദ്ധിമുട്ട് കാരണം വളര്‍ച്ചാ പ്രവചനം സങ്കീര്‍ണമായിട്ടുണ്ടെന്നും ആര്‍ബിഐ ഗവര്‍ണര്‍ കൂട്ടിച്ചേര്‍ത്തു. 'ദേശീയ വരുമാനത്തെക്കുറിച്ച് 2020 മെയ് അവസാനത്തോടെ എന്‍എസ്ഒ പുറത്തിറക്കുന്ന റിപ്പോര്‍ട്ട് കൂടുതല്‍ വ്യക്തത നല്‍കും. ഇത് ജിഡിപി വളര്‍ച്ചയുടെ വ്യാപ്തിയും ദിശയും അനുസരിച്ച് കൂടുതല്‍ വ്യക്തമായ പ്രവചനങ്ങള്‍ക്ക് പ്രാപ്തമാക്കും,' ശക്തികാന്ത ദാസ് അറിയിച്ചു.

എന്‍എസ്ഒ ഡാറ്റ ഭാഗികമായി പുറത്തുവിട്ടതുമൂലമുണ്ടായ സങ്കീര്‍ണതകള്‍ ചൂണ്ടിക്കാട്ടി ആര്‍ബിഐ ഒരു ദിശാസൂചന പണപ്പെരുപ്പ മാര്‍ഗനിര്‍ദേശം നല്‍കി. പണപ്പെരുപ്പ കാഴ്ചപ്പാട് വളരെ അനിശ്ചിതത്വത്തിലാണെന്ന് ധനനയ സമിതി വിലയിരുത്തി. സാമ്പത്തിക വര്‍ഷത്തിലെ മൂന്നാം പാദത്തിലും നാലാം പാദത്തിലും നാല് ശതമാനത്തേക്കാള്‍ താഴെയാകുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം പറയുന്നു.

ഫിസ്‌കല്‍, മോണിറ്ററി, അഡ്മിനിസ്ട്രേറ്റിവ് പ്രവര്‍ത്തനങ്ങളുടെ സയോജനം സാമ്പത്തിക വര്‍ഷത്തിന്റെ രണ്ടാം പകുതയില്‍ സമ്പദ് വ്യവസ്ഥയുടെ പുനരുജ്ജീവനുള്ള സാഹചര്യങ്ങള്‍ സൃഷ്ടിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. കൊവിഡ് 19 വ്യാപനത്തിനിടയില്‍ സാമ്പത്തിക പ്രവര്‍ത്തനങ്ങള്‍ മന്ദഗതിയിലായതിനാല്‍ വരുമാനത്തെ ബാധിച്ചു.

ചില നിയന്ത്രണങ്ങള്‍ വച്ചുകൊണ്ട് മെയ് അവസാനത്തോടെ ലോക്ക് ഡൗണ്‍ എടുത്തുകളയുമെങ്കിലും, സാമൂഹിക അകല നടപടികളും തൊഴില്‍ ക്ഷാമവും കാരണം രണ്ടാം പാദത്തിലെ സാമ്പത്തിക പ്രവര്‍ത്തനങ്ങള്‍ പോലും കുറയാന്‍ സാധ്യതയുണ്ട്. കൊവിഡ് 19 ലോക്ക് ഡൗണ്‍ 2020-21 സാമ്പത്തിക വര്‍ഷത്തില്‍ ഇന്ത്യയുടെ ജിഡിപി വളര്‍ച്ച 6 ശതമാനത്തില്‍ നിന്ന് 1 ശതമാനമായി പരിമിതപ്പെടുത്തുമെന്ന് 15-ാമത് ധനകാര്യ കമ്മീഷന്‍ ചെയര്‍മാന്‍ എന്‍.കെ.സിംഗ് അറിയിച്ചു.

Author

Related Articles