News

ആപ്പിള്‍ പുതിയ ഐഫോണ്‍ മോഡല്‍ പുറത്തിറക്കി; ഐഫോണ്‍ 12ന്റെ പ്രധാന ആകര്‍ഷണം 5ജി

ആപ്പിള്‍ പുതിയ ഐഫോണ്‍ മോഡല്‍ പുറത്തിറക്കി. ആപ്പിളിന്റെ ആദ്യ 5ജി മൊബൈല്‍ ഫോണ്‍ ആണിത്. ഐഫോണ്‍ 12, ഐഫോണ്‍ 12 മിനി, ഐഫോണ്‍ 12 പ്രോ, ഐഫോണ്‍ 12 പ്രോ മാക്സ് എന്നിങ്ങനെ നാല് വകഭേദങ്ങളാണ് ഐഫോണ്‍ 12 സീരീസില്‍ ആപ്പിള്‍ അവതരിപ്പിച്ചിരിക്കുന്നത്. ഒക്ടോബര്‍ 30 മുതല്‍ പുതിയ ഫോണുകള്‍ ഇന്ത്യന്‍ വിപണിയില്‍ ലഭ്യമാകും.

ഫൈവ് ജി അല്‍ട്ര വൈഡ് ബാന്‍ഡില്‍ ഡാറ്റ ഉപയോഗിക്കാം എന്നതാണ് ഐഫോണ്‍ 12 നെ നേരത്തേയുള്ള ഐഫോണ്‍ മോഡലുകളില്‍ നിന്ന് വ്യത്യസ്തമാക്കുന്നത്. ടെലികോം കമ്പനിയായ വെരിസോണുമായി ചേര്‍ന്നാണ് ഐഫോണ്‍ 12 ല്‍ 5ജി സാങ്കേതിക വിദ്യ എത്തിക്കുന്നത്. ഇതുവഴി സെക്കന്റില്‍ 4ജിബിപിഎസ് ഡൗണ്‍ലോഡ് വേഗതയും 200 എംബിപിഎസ് അപ് ലോഡ് വേഗതയും ആര്‍ജിക്കാനാവുമെന്ന് കമ്പനി അവകാശപ്പെടുന്നു.

മുന്‍മോഡലുകളേക്കാള്‍ നേര്‍ത്തതും വളരെ കനം കുറഞ്ഞതും ചെറുതുമാണ് ഐഫോണ്‍ 12 സീരീസ്. ഒഎല്‍ഇഡി ഡിസ്പ്ലേയ്ക്ക് കൂടുതല്‍ സുരക്ഷിതത്വം നല്‍കുന്ന സെറാമിക് ഷീല്‍ഡാണ് ഐഫോണിലുള്ളത്. താഴെ വീഴുമ്പോള്‍ പോലും ഇത് ഫോണിന് ശക്തമായ സംരക്ഷണം നല്‍കുമെന്ന് കമ്പനി അവകാശപ്പെടുന്നു. ചാര്‍ജിങ് അഡാപ്ടറും ഹെഡ്ഫോണും ഒഴിവാക്കിയാണ് പുതിയ മോഡല്‍ എത്തുന്നത്. പരമാവധി പരിസ്ഥിതി സൗഹൃദമായ അന്തരീക്ഷം സൃഷ്ടിക്കാനാണ് പുതിയ നടപടി.

Author

Related Articles