News

കേരളം ആസ്ഥാനമായുള്ള കമ്പനികള്‍ ഐപിഒ തിയതി നീട്ടുന്നു

ഇന്ത്യന്‍ ഓഹരി വിപണിയില്‍ പ്രാഥമിക ഓഹരി വില്‍പ്പനയ്ക്ക് തയാറെടുക്കുന്ന കേരളം ആസ്ഥാനമായുള്ള കമ്പനികള്‍ ഐപിഒ തിയതി നീട്ടുന്നു. പോപ്പുലര്‍ വെഹിക്കിള്‍സ്, ഇസാഫ് സ്മോള്‍ ഫിനാന്‍സ് ബാങ്ക് എന്നിവയാണ് ഉടനെ ഐപിഒ നടത്താനുള്ള തയാറെടുപ്പ് നടത്തിയിരുന്നത്. സെക്യൂരിറ്റീസ് ആന്‍ഡ് എക്സ്ചേഞ്ച് ബോര്‍ഡ് ഓഫ് ഇന്ത്യയുടെ അപ്രൂവലിനായി ഡിആര്‍എച്ച്പി സമര്‍ച്ചിരിക്കുന്നത് ഈ രണ്ട് കമ്പനികളാണ്.

വില്‍പ്പനയുടെ അടിസ്ഥാനത്തില്‍ രാജ്യത്തെ ഏറ്റവലും വലിയ മൂന്നാമത്തെ മാരുതി സുസുകി ഡീലര്‍ഷിപ്പായ കൊച്ചി ആസ്ഥാനമായുള്ള പോപ്പുലര്‍ വെഹിക്ക്ള്‍സ് ആന്‍ഡ് സര്‍വീസസ് ലിമിറ്റഡ് ഒക്ടോബര്‍-ഡിസംബര്‍ കാലയളവില്‍ ഐപിഒ നടത്തുമെന്നാണ് പ്രതീക്ഷിക്കപ്പെട്ടിരിക്കുന്നത്. എന്നാല്‍ ഏറ്റവും ഒടുവില്‍ ലഭിച്ച വിവരമനുസരിച്ച് ഇത് അടുത്ത വര്‍ഷം ജനുവരിയിലേക്ക് നീട്ടും. വിപണിയില്‍ നിന്ന് ഓഹരി വില്‍പ്പനയിലൂടെ 700 കോടി രൂപ സമാഹരിക്കുകയായിരുന്നു പോപ്പുലര്‍ വെഹിക്ക്ള്‍സിന്റെ ലക്ഷ്യം.

രാജ്യത്തെ ഓട്ടോമൊബീല്‍ വില്‍പ്പനയില്‍ ഉണ്ടായിരിക്കുന്ന ഇടിവ്, ചിപ്പ് ക്ഷാമം മൂലമുള്ള ഉല്‍പ്പാദനത്തിലെ കുറവ് തുടങ്ങിയ കാര്യങ്ങള്‍ വിപണിയെ ബാധിച്ചിരിക്കുന്നതും തിയതി നീട്ടാന്‍ പ്രേരിപ്പിച്ചതായാണ് റിപ്പോര്‍ട്ട്. വൈദ്യുത വാഹനങ്ങളുടെ കടന്നു വരവോടെ പെട്രോള്‍- ഡീസല്‍ വാഹനങ്ങളുടെ ഭാവിയെ കുറിച്ചുള്ള ആശങ്കകളും അവയുടെ ഡീലര്‍ഷിപ്പിന്റെ ഭാവിയെ കുറിച്ച് നിക്ഷേപകരില്‍ ആശയക്കുഴപ്പം ഉണ്ടാക്കിയിട്ടുണ്ട്. എന്നാല്‍ പല കാരണങ്ങളാല്‍ നിരത്തില്‍ വ്യാപകമായ തോതില്‍ വൈദ്യുത വാഹനങ്ങള്‍ എത്താന്‍ ഇനിയും വര്‍ഷങ്ങളെടുക്കുമെന്നാണ് വിദഗ്ധരുടെ കണക്കുകൂട്ടല്‍. അതുകൊണ്ടു തന്നെ നിലവില്‍ ഇത്തരം കമ്പനികളുടെ ഭാവിയെ ചൊല്ലിയുള്ള ആശങ്ക അസ്ഥാനത്താണെന്നും വിദഗ്ധര്‍ അഭിപ്രായപ്പെടുന്നു.

മറ്റൊരു കേരള കമ്പനിയായ ഇസാഫ് സ്മോള്‍ ഫിനാന്‍സ് ബാങ്കും ഐപിഒ തിയതി നീട്ടിവെക്കുമെന്നാണ് റിപ്പോര്‍ട്ട്. 1000 കോടി രൂപ സമാഹരിക്കുകയായിരുന്നു ലക്ഷ്യം. മണപ്പുറം ഫിനാന്‍സിന് കീഴിലുള്ള മൈക്രോഫിനാന്‍സ് സ്ഥാപനമായ ആശിര്‍വാദ് മൈക്രോ ഫിനാന്‍സ്, മുത്തൂറ്റ് പാപ്പച്ചന്‍ ഗ്രൂപ്പിന് കീഴിലുള്ള മുത്തൂറ്റ് മൈക്രോഫിന്‍, ജൂവല്‍റികളായ ജോയ്ആലൂക്കാസ്, മലബാര്‍ ഗോള്‍ഡ് എന്നിവയും പ്രഥമ ഓഹരി വില്‍പ്പനയ്ക്ക് തയാറെടുക്കുന്നതായാണ് വിവരം.

Author

Related Articles