News

കൊറോണ കവചും കൊറോണ രക്ഷകും പുതുക്കി നല്‍കണമെന്ന് ഐആര്‍ഡിഎഐ

കോവിഡ് പരിരക്ഷ നല്‍കുന്ന പ്രത്യേക ഇന്‍ഷൂറന്‍സ് പോളിസികളായ കൊറോണ കവചും കൊറോണ രക്ഷകും പുതുക്കി നല്‍കണമെന്ന് ഇന്‍ഷൂറന്‍സ് റഗുലേറ്ററി ആന്റ് ഡെവലപ്‌മെന്റ് അതോറിറ്റി ഓഫ് ഇന്ത്യ (ഐആര്‍ഡിഎ) നിര്‍ദ്ദേശിച്ചു. ചില ഇന്‍ഷൂറന്‍സ് സ്ഥാപനങ്ങള്‍ ഇവ നല്‍കുന്നില്ലെന്നും മറ്റു ചില സ്ഥാപനങ്ങള്‍ ഈ പോളിസികള്‍ പുതുക്കി നല്‍കുന്നില്ലെന്നും പരാതി ഉയര്‍ന്നതിനെ തുടര്‍ന്നാണ് ഐആര്‍ഡിഎയുടെ നിര്‍ദ്ദേശം.

കോവിഡ് 19 ന്റെ രണ്ടാം തരംഗത്തില്‍ രോഗവ്യാപനം വര്‍ധിച്ചതു കണക്കിലെടുത്ത് പൊതുജനങ്ങള്‍ക്ക് യുക്തമായ ഇന്‍ഷൂറന്‍സ് പരിരക്ഷ നല്‍കേണ്ടതുണ്ടെന്നും നിര്‍ണായകമായ ഈ വേളയില്‍ പരിരക്ഷ നിഷേധിക്കുന്നത് ശരിയല്ലെന്നും ഐആര്‍ഡിഎ എല്ലാ ലൈഫ് ഇന്‍ഷൂറന്‍സ്  ജനറല്‍ ഇന്‍ഷൂറന്‍സ് കമ്പനികള്‍ക്കുമായി ഈ മാസം അയച്ച സന്ദേശത്തില്‍ ചൂണ്ടിക്കാട്ടുന്നു.  2020 ഒക്ടോബര്‍ 13-ലെ സര്‍ക്കുലര്‍ അനുസരിച്ചു പോളിസികള്‍ പുതുക്കാനാണ് ഇതില്‍ നിര്‍ദ്ദേശിച്ചിരിക്കുന്നത്.

ആരോഗ്യ ഇന്‍ഷൂറന്‍സ് കൂടുതല്‍ പ്രോല്‍സാഹിപ്പിക്കാനും ഐആര്‍ഡിഎ നിര്‍ദ്ദേശിച്ചിട്ടുണ്ട്. കോവിഡിനെതിരെ പരിരക്ഷ നല്‍കുന്ന താല്‍ക്കാലിക പോളിസികളായ കൊറോണ കവചും കൊറോണ രക്ഷകും 2021 സെപ്റ്റംബര്‍ 30 വരെ ഉപഭോക്താക്കള്‍ക്കു നല്‍കാനും പുതുക്കാനും ഐആര്‍ഡിഎ അനുമതി നല്‍കിയിരുന്നു. 2021 മാര്‍ച്ച് 31 വരെ ഈ പോളിസികള്‍ നല്‍കാനായിരുന്നു നേരത്തെ അനുമതിയുണ്ടായിരുന്നത്.

Author

Related Articles