News

ഇന്ത്യയിലെ ബഹിരാകാശ വ്യവസായ രംഗം പുതിയ കാല്‍വയ്പ്പിലേക്ക്; 10,000 കോടി രൂപയുടെ നിക്ഷേപം പ്രഖ്യാപിച്ചു

ന്യൂഡല്‍ഹി: ഇന്ത്യയിലെ ബഹിരാകാശ വ്യവസായ രംഗം പുതിയ വളര്‍ച്ചാ ഘട്ടത്തിലേക്ക് കടക്കാന്‍ പദ്ധതിയിടുന്നു. ഇതിന്റെ ഭാഗമായി എന്‍എസ്‌ഐഎല്‍ (ന്യൂ സ്‌പേസ് ഇന്ത്യ ലിമിറ്റഡ്) അടുത്ത അഞ്ച് വര്‍ഷത്തേക്ക് 10,000 കോടി രൂപയുടെ നിക്ഷേപം പ്രഖ്യാപിച്ചു. സര്‍ക്കാരിന്റെ വാണിജ്യ സ്‌പേസ് കമ്പനിയാണ് എന്‍എസ്‌ഐഎല്‍. സാറ്റലൈറ്റുകള്‍ വാങ്ങാനും പ്രവര്‍ത്തിപ്പിക്കാനും റോക്കറ്റുകള്‍ ലോഞ്ച് ചെയ്യാനുമെല്ലാമാകും എന്‍എസ്‌ഐഎല്‍ തുക വിനിയോഗിക്കുക.   

ഓരോ വര്‍ഷവും 2000 കോടി രൂപ നിക്ഷേപിക്കാനാണ് പദ്ധതിയെന്ന് കഴിഞ്ഞ ദിവസം എന്‍എസ്‌ഐഎല്‍ ടെക്‌നിക്കല്‍ സ്ട്രാറ്റജി ഡയറക്റ്റര്‍ ഡി രാധാകൃഷ്ണന്‍ പറഞ്ഞിരുന്നു. രണ്ട് പുതിയ കമ്യൂണിക്കേഷന്‍ സാറ്റലൈറ്റുകളുടെ ഉടമസ്ഥാവകാശവും പ്രവര്‍ത്തിപ്പിക്കാനുള്ള അവകാശവും ചോദിച്ച് മാതൃസ്ഥാപനമായ സ്‌പേസ് ഡിപ്പാര്‍ട്ട്‌മെന്റിനെ സമീപിച്ചിരിക്കുകയാണ് എന്‍എസ്‌ഐഎല്‍. ഒരു ഇന്ത്യന്‍ ടെലികോം കമ്പനിയും ഡിടിച്ച് സേവനദാതാവും ക്ലൈന്റുകളായുള്ള സാറ്റലൈറ്റുകളാണവ.

വ്യത്യസ്ത കമ്പനികള്‍ക്കായി അഞ്ച് പിഎസ്എല്‍വി റോക്കറ്റുകള്‍ നിര്‍മിക്കാനും പദ്ധതിയുണ്ട്. അഞ്ച് മാസത്തിനുള്ളിലാകും ഇത് സാധ്യമാക്കുക. കൂടുതല്‍ സാറ്റലൈറ്റുകള്‍ നിര്‍മിക്കാനും ശ്രമിക്കും. കമ്യൂണിക്കേഷന്‍ മേഖലയില്‍ കൂടുതല്‍ സാറ്റലൈറ്റുകളുടെ ഉടമസ്ഥാവകാശം കരസ്ഥമാക്കുകയാണ് ലക്ഷ്യമെന്ന് എന്‍എസ്‌ഐഎല്‍ ചെയര്‍മാന്‍ ജി നാരായണന്‍ വ്യക്തമാക്കി. ആഗോളതലത്തിലും ആഭ്യന്തര തലത്തിലുമുള്ള ഉപഭോക്താക്കള്‍ക്ക് വാണിജ്യ സേവനങ്ങള്‍ ലഭ്യമാക്കുന്നതിനായി സര്‍ക്കാര്‍ തുടങ്ങിയ സംരംഭമാണ് എന്‍എസ്‌ഐഎല്‍. ഇന്ത്യയിലെ റോക്കറ്റ് സ്റ്റാര്‍ട്ടപ്പുകളുമായി സ്ഥാപനം സഹകരിച്ച് പ്രവര്‍ത്തിക്കാന്‍ സജ്ജമാണെന്ന് അധികൃതര്‍ വ്യക്തമാക്കി.

സ്വകാര്യ സ്‌പേസ് ടെക്‌നോളജി മേഖലയെ നിയന്ത്രിക്കുന്നതിനും ആരോഗ്യകരമായ മല്‍സരം പ്രോല്‍സാഹിപ്പിക്കുന്നതിനുമായി നാഷണല്‍ സ്‌പേസ് പ്രൊമോഷന്‍ ആന്‍ഡ് ഓതറൈസേഷന്‍ സെന്റര്‍ എന്ന സ്ഥാപനം രൂപീകരിക്കാനും സര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ട്. പിഎസ്എല്‍വിയിലും എസ്എസ്എല്‍വിയിലും റിമോട്ട് സെന്‍സിംഗ് സാറ്റലൈറ്റുകള്‍ ലോഞ്ച് ചെയ്യാനുള്ള നാല് കരാറുകള്‍ എന്‍എസ്‌ഐഎല്ലിന് ലഭിച്ചിട്ടുണ്ട്. 500 കിലോഗ്രാമില്‍ താഴെയുള്ള സാറ്റലൈറ്റുകള്‍ ലോഞ്ച് ചെയ്യാനായി ഡിസൈന്‍ ചെയ്ത് റോക്കറ്റാണ് എസ്എസ്എല്‍വി. ഈ വര്‍ഷം തന്നെ ഇതിലെ ആദ്യ ലോഞ്ച് ഉണ്ടാകും.   

വലിയ സാറ്റലൈറ്റുകളാണ് പിഎസ്എല്‍വിയില്‍ ലോഞ്ച് ചെയ്യുന്നത്. ഇന്ത്യന്‍ സ്‌പേസ് റിസര്‍ച്ച് ഓര്‍ഗനൈസേഷന്‍(ഐഎസ്ആര്‍ഒ) വികസിപ്പിച്ചെടുത്ത് ഉപയോഗിക്കുന്ന എക്‌സ്‌പെന്‍ഡബിള്‍ വിഭാഗത്തില്‍ പെട്ട വിക്ഷേപണ വാഹനമാണ് പോളാര്‍ സാറ്റലൈറ്റ് ലോഞ്ച് വെഹിക്കിള്‍ അഥവാ പി.എസ്.എല്‍.വി. സണ്‍ സിങ്ക്രണസ് ഓര്‍ബിറ്റുകളിലേയ്ക്ക് ഇന്ത്യന്‍ റിമോട്ട് സെന്‍സിംഗ് ഉപഗ്രഹങ്ങളെ (കഞട) വിക്ഷേപിക്കാനായാണ് പി.എസ്.എല്‍.വി ഇന്ത്യ വികസിപ്പിച്ചെടുത്തത്.

Author

Related Articles