News

ഐടി കമ്പനികള്‍ മടങ്ങി വരുന്നു; നിയമനങ്ങള്‍ തുടങ്ങി

കൊറോണ വൈറസ് പ്രതിസന്ധിയെ തുടര്‍ന്ന് രാജ്യത്തെ മികച്ച നാല് ഐടി കമ്പനികള്‍ ഈ സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യ പകുതിയില്‍ വെറും 12,258 പേരെ മാത്രമാണ് നിയമിച്ചത്. കഴിഞ്ഞ വര്‍ഷം ഇതേ കാലയളവില്‍ 54,002 പേരെയാണ് നിയമിച്ചിരുന്നു. ടിസിഎസ്, ഇന്‍ഫോസിസ്, എച്ച്സിഎല്‍, വിപ്രോ എന്നീ നാല് കമ്പനികളില്‍ ഓരോന്നിനും 70% മുതല്‍ 80% വരെയാണ് നിമയമനങ്ങളില്‍ കുറവുണ്ടായിരിക്കുന്നത്. ഏറ്റവും വലിയ ഐടി സേവന കമ്പനിയായ ടിസിഎസില്‍ ഏറ്റവും വലിയ ഇടിവ് രേഖപ്പെടുത്തി. എന്നാല്‍ കമ്പനികള്‍ വീണ്ടും മടങ്ങി വരവിന്റെ പാതയിലേയ്ക്ക് കടന്നിരിക്കുകയാണ്.

കഴിഞ്ഞ വര്‍ഷം 26,453 പേരെ നിയമിച്ച ടിസിഎസ് ഈ വര്‍ഷം 80 ശതമാനം ഇടിവ് രേഖപ്പെടുത്തി 5,076 പേരെ മാത്രമാണ് നിയമിച്ചത്. എന്നാല്‍ ഇപ്പോള്‍ വീണ്ടും കമ്പനികള്‍ നിയമനങ്ങള്‍ വര്‍ദ്ധിപ്പിക്കാന്‍ തുടങ്ങിയിട്ടുണ്ട്. നിയമനം ഈ വര്‍ഷം രണ്ടാം പകുതിയില്‍ മെച്ചപ്പെടുമെന്നാണ് വിലയിരുത്തല്‍. എല്ലാ കമ്പനികളും ആദ്യ പാദത്തേക്കാള്‍ രണ്ടാം പാദത്തില്‍ വരുമാനത്തിന്റെ കാര്യത്തില്‍ മികച്ച പ്രകടനം കാഴ്ചവച്ചു. ഇത് മൂന്നാമത്തെയും നാലാമത്തെയും പാദങ്ങളില്‍ കൂടുതല്‍ മെച്ചപ്പെടുമെന്നാണ് പ്രതീക്ഷിക്കുന്നത്.

മൂന്നാമത്തെയും നാലാമത്തെയും പാദങ്ങളിലെ നിയമനങ്ങള്‍ കമ്പനികളുടെ വളര്‍ച്ചയെ ആശ്രയിച്ചിരിക്കുമെന്ന് അതിവേഗം വളരുന്ന ഐടി കമ്പനിയായ ഇന്‍ഫോസിസ് പറഞ്ഞു. ഇന്ത്യയില്‍ ഈ വര്‍ഷം 16,500ഓളം ഫ്രെഷേഴ്‌സിനെ ഉള്‍പ്പെടുത്താനാകുമെന്ന് പ്രതീക്ഷിക്കുന്നതായും കമ്പനി വ്യക്തമാക്കി. അടുത്ത വര്‍ഷം 15,000 പേരെ കൂടി ഉള്‍പ്പെടുത്താന്‍ പദ്ധതിയിടുന്നുണ്ടെന്ന് ചീഫ് ഓപ്പറേറ്റിംഗ് ഓഫീസര്‍ പ്രവീണ്‍ റാവു പറഞ്ഞു.

ഇന്‍ഫോസിസിന്റെ മൊത്തം കരാര്‍ മൂല്യം രണ്ടാം പാദത്തില്‍ 3.1 ബില്യണ്‍ ഡോളറായി ഉയര്‍ന്നു, ആദ്യ പാദത്തിലെ 1.7 ബില്യണ്‍ ഡോളറില്‍ നിന്നാണ് വളര്‍ച്ച. ടിസിഎസിനെ സംബന്ധിച്ചിടത്തോളം ഇത് 6.9 ബില്യണ്‍ ഡോളറില്‍ നിന്ന് 8.6 ബില്യണ്‍ ഡോളറായി ഉയര്‍ന്നു. ആദ്യ പാദത്തില്‍ ടിസിഎസിലും നിയമനങ്ങള്‍ കുറഞ്ഞു, പക്ഷേ രണ്ടാം പാദത്തില്‍ ഇത് 10,000 ത്തോളം ഉയര്‍ന്നു. ഇത് ആത്മവിശ്വാസം വര്‍ദ്ധിപ്പിക്കുന്നതിന്റെ സൂചനയാണ്. ഈ സീസണില്‍ പുതിയ ജോലിക്കാരെ 40,000 ആയി നിലനിര്‍ത്താനാണ് കമ്പനി പദ്ധതിയിടുന്നത്.

ക്ലയിന്റ് അഭിമുഖീകരണ റോളുകളിലും ഡൊമെയ്ന്‍ വൈദഗ്ധ്യത്തിലും കമ്പനിക്ക് വളരെ ശക്തമായ നിയമന പദ്ധതികള്‍ ഉണ്ടെന്ന് വിപ്രോയുടെ മുഖ്യ മാനവ വിഭവശേഷി ഓഫീസര്‍ സൗരഭ് ഗോവില്‍ പറഞ്ഞു. ഈ സാമ്പത്തിക വര്‍ഷം ഇന്ത്യന്‍ കാമ്പസുകളില്‍ നിന്ന് 12,000 പേരെ നിയമിക്കുമെന്നും കമ്പനി പറഞ്ഞു. എച്ച്സിഎല്ലിന്റെ ലക്ഷ്യം ഈ വര്‍ഷം 12,000 ആണ്. കഴിഞ്ഞ വര്‍ഷം 9,000 പേരെയാണ് നിയമിച്ചത്.

Author

Related Articles