News

6 വയസ്സ് പൂര്‍ത്തിയാക്കി പ്രധാനമന്ത്രി ജന്‍ ധന്‍ യോജന പദ്ധതി; ഗുണം ലഭിച്ചത് 40 കോടി പേര്‍ക്ക്

ന്യൂഡല്‍ഹി: പ്രധാനമന്ത്രി ജന്‍ ധന്‍ യോജന പദ്ധതിക്ക് ആറ് വയസ്സ് പൂര്‍ത്തിയായി. ഇതിനിടെ 40.35 കോടി പേര്‍ക്കാണ് ഈ പദ്ധതി ഗുണഫലങ്ങള്‍ ലഭിച്ചുവെന്ന് കേന്ദ്ര ധനകാര്യ മന്ത്രി നിര്‍മല സീതാരാമന്‍ പറഞ്ഞു. പ്രധാനമന്ത്രി നരേന്ദ്രമോദി 2014 സ്വാതന്ത്ര്യ ദിനത്തിലാണ് പദ്ധതി പ്രഖ്യാപിച്ചത്. ആഗസ്റ്റ് 28 നാണ് പദ്ധതി നടപ്പിലായത്. എല്ലാവര്‍ക്കും ബാങ്ക് അക്കൗണ്ട് എന്ന ആശയത്തിലൂന്നിയാണ് ഇത് നടപ്പിലാക്കിയത്.

കൊവിഡ് 19 സാമ്പത്തിക സഹായം, പിഎം കിസാന്‍, തൊഴിലുറപ്പ് പദ്ധതിയുടെ വര്‍ധിപ്പിച്ച വേതനം, ജീവന്‍-ആരോഗ്യ രക്ഷാ ഇന്‍ഷുറന്‍സ് തുടങ്ങിയ സാമ്പത്തിക സഹായങ്ങള്‍ ഈ പദ്ധതി വഴിയാണ് നല്‍കിയിരുന്നത്.

ബാങ്കിലല്ലാതെ പണം സൂക്ഷിച്ചിരുന്ന രാജ്യത്തെ സാധാരണ ഗ്രാമീണരെ ബാങ്കിങിലേക്ക് കൊണ്ടുവരുന്നതില്‍ പദ്ധതി നിര്‍ണ്ണായക പങ്ക് വഹിച്ചെന്നാണ് കേന്ദ്ര ധനകാര്യ സഹമന്ത്രി അനുരാഗ് താക്കൂര്‍ പറഞ്ഞത്. പദ്ധതിയുടെ ആനുകൂല്യം നേടിയവരില്‍ ഭൂരിഭാഗവും സ്ത്രീകളാണെന്നതാണ് നേട്ടം.

ഈ അക്കൗണ്ടുകളില്‍ നിലവില്‍ 1.31 ലക്ഷം കോടി രൂപയാണ് നിക്ഷേപമുള്ളത്. ശരാശരി ഒരു അക്കൗണ്ടില്‍ 3,239 രൂപയുണ്ട്. 2018 ല്‍ പദ്ധതി കേന്ദ്രസര്‍ക്കാര്‍ നവീകരിച്ച് അവതരിപ്പിച്ചിരുന്നു. അപകട ഇന്‍ഷുറന്‍സ് പരിരക്ഷ രണ്ട് ലക്ഷമായി ഉയര്‍ത്തിയത് ഈ ഘട്ടത്തിലാണ്.

Author

Related Articles