News

കേരളാ ബാങ്കിന്റെ രൂപീകരണം എങ്ങനെയൊക്കെ? നേട്ടം എവിടെയൊക്കെ

കേരളാ ബാങ്ക് നവംബര്‍ ഒന്നിന് രൂപീകൃതമാവുകയാണ്. സംസ്ഥാനത്ത് ആകെയുള്ള 14 സഹകരണ ബാങ്കുകളെ ലയിപ്പിച്ച് കേരളാ ബാങ്ക് രൂപീകരിക്കാനാണ് റിസര്‍വ്വ് ബാങ്ക് ഓഫ് ഇന്ത്യ നിലവില്‍ അനുമതി നല്‍കിയിരിക്കുന്നത്. കേരളാ ബാങ്കിന്റെ രൂപീകരണത്തോടെ സംസ്ഥാനത്തിന്റെ സാമ്പത്തിക വളര്‍ച്ചയില്‍ വലിയ മാറ്റങ്ങള്‍ പ്രകടമാകുമെന്നാണ് വിദഗ്ധര്‍ ഒന്നടങ്കം അഭിപ്രായപ്പെട്ടിട്ടുള്ളത്. അതേസമയം കേരളാ ബാങ്കുമായി ബന്ധപ്പെട്ട് നിലവില്‍ 21 കേസുകളാണുള്ളത്. ഹൈക്കോടതി 21 കേസുകളില്‍ തീര്‍പ്പാക്കുന്നതോടെയാണ് കേരളാ ബാങ്കില്‍ പുതിയ ഭരണ സമിതിയടക്കം നിലവില്‍ വരിക. പ്രവര്‍ത്തന മേഖലയിലടക്കം കൂടുതല്‍ പരിഷ്‌കരണം കൊണ്ടുവരേണ്ടത് ഈ സാഹചര്യത്തില്‍ അനിവാര്യമാണ്. കേരളാ ബാങ്കിന്റെ പ്രവര്‍ത്തനം കൂടുടല്‍ സുതാര്യമാക്കാന്‍ ചുരുങ്ങിയത് ഒരുവര്‍ഷം വേണ്ടി വരുമെന്നാണ് സര്‍ക്കാര്‍ വൃത്തങ്ങള്‍ ഇപ്പോള്‍ വ്യക്തമാക്കിയിരിക്കുന്നത്. 

കേരളാ ബാങ്കിന്റെ പ്രവര്‍ത്തനം ശക്തിപ്പെടുത്താന്‍ ഓഫീസ് കേന്ദ്രങ്ങടക്കം രൂപീകരിക്കണം. ബാങ്കിന് ആസ്ഥാന കേന്ദ്രമടക്കം ഉണ്ടാകേണ്ടത് അനിവാര്യമാണ്.  തിരുവനന്തപുരം ആസ്ഥാനമായി സ്ഥാപിക്കുന്ന ബാങ്കിനു സംസ്ഥാനത്തെ പ്രധാന കേന്ദ്രങ്ങളില്‍ റീജനല്‍ ഓഫിസുകള്‍. ബാങ്ക് ഭരണം നിയന്ത്രിക്കാന്‍ തിരുവനന്തപുരത്തു കേന്ദ്രഭരണസമിതി എന്നിവയടക്കം രൂപീകരിക്കേണ്ടത് അനിവാര്യമാണ്. നിലവില്‍ ജില്ലാ ബാങ്കുകളുടെ എണ്ണം 805, സംസ്ഥാന ബാങ്കിന്റെ 20 ശാഖകള്‍ കേരള ബാങ്കിന് കീഴില്‍ ലയിച്ച് പ്രവര്‍ത്തിക്കും. അതേസമയം ഇതില്‍ പല ശാഖകളും റിസര്‍വ്വ് ബാങ്കിന്റെ മാനദണ്ഡങ്ങള്‍ക്കനുസരിച്ച് പൂട്ട് വീഴും. അങ്ങനെ ചില ബാങ്കുകളുടെ പ്രവര്‍ത്തനം ഇല്ലാതായാല്‍ വിവിധ ജീവനക്കാര്‍ക്ക് തൊഴില്‍ നഷ്ടമാകുമെന്ന ഭീതിയും നിലനില്‍ക്കുന്നുണ്ട്. 

കേരളാ ബാങ്കിന്റെ രൂപീകരണത്തോടെ സര്‍ക്കാര്‍ പ്രധാനമായും കണ്ണുവെക്കുന്നത് പ്രവാസി നിക്ഷേപത്തിലാണ്. പ്രവാസി നിക്ഷേപം ബാങ്കിലേക്ക് ഒഴുകിയെത്തുമെന്നാണ് പൊതു അഭിപ്രായം.  നിക്ഷേപം ഒഴുകിയെത്്തുന്നതോടെ ബാങ്കിന്റെ പ്രവര്‍ത്തന മേഖല കൂടുതല്‍ വികസിക്കുമെന്നാണ് വിദഗ്ധര്‍ ഒന്നടങ്കം അഭിപ്രായപ്പെടുന്നത്. കേരള ബാങ്കെന്ന സ്വപ്നം പൂവണിയുമ്പോള്‍ നിയമനത്തിലുള്ള രാഷ്ട്രീയ ഇടപെടലുകളെ ഒഴിവാക്കാനാകും. നിയമനങ്ങളില്‍ കൂടുതല്‍ സുതാര്യത ഉറപ്പാക്കാനും കഴിയും. എന്നാല്‍ മൂലധന സമാഹരണത്തിലൂടെ വന്‍ നേട്ടം കൊയ്യാന്‍ കേരളാ ബാങ്കിന് കഴിയുമെന്നാണ് വിലയിരുത്തല്‍. ഒരു ലക്ഷം കോടി രൂപയുടെ മൂലധനവുമായാണ് കേരളാ ബാങ്ക് ഇനി പ്രവര്‍ത്തിക്കാന്‍ പോവുക. സംസ്ഥാന, ജില്ലാ ബാങ്കുകളുടെ ആകെ വരുന്ന പ്രവര്‍ത്തന മൂലധനമാണിത്. വാണിജ്യ മേഖലയ്ക്ക് കരുത്ത് പകരാനും വ്യവസായ സംരംഭങ്ങളെ പ്രോത്സാഹിപ്പിക്കാനും കേരളാ ബാങ്കിന് കൂടുതല്‍ മൂലധന സമാഹരണത്തിലൂടെ കഴിയുമെന്നാണ് വിലയിരുത്തല്‍. 

കേരളത്തിലെ സഹകരണ മേഖല പരാമ്പരാഗതമായി പിന്തുടര്‍ന്ന് പോകുന്ന ത്രിതല ബാങ്കിങ് വ്യവസ്ഥ ഇനിയുണ്ടാകില്ല. സഹകരണ നിയമത്തിലടക്കം സംസ്ഥാന സര്‍ക്കാര്‍ കൂടുതല്‍ ഭേഗദതിയാണ് ഇതിനകം തന്നെ വരുത്തിയിട്ടുള്ളത്. കേരളത്തിലെ സഹകരണ ബാങ്കിങ് മേഖലയില്‍ കൂടുതല്‍ അഴിച്ചുപണികള്‍ തന്നെ ഇതിനകം നടന്നേക്കും. പ്രഥമിക സഹകരണ സംഘങ്ങള്‍, ജില്ലാ സഹകരണ ബാങ്കുകള്‍, സംസ്ഥാന സഹകരണ ബാങ്ക് എന്നിങ്ങനെ മൂന്നു തട്ടുകളിലായി നിലനില്‍ക്കുന്ന സഹകരണരംഗം, രണ്ടു തട്ടുകളിലേക്ക് മാത്രമായി ഒതുങ്ങിപ്പോകും.  

കേരളാ ബാങ്ക് രൂപീകൃതമാകുമ്പോള്‍ പ്രതീക്ഷിക്കാവുന്ന ചില മാറ്റങ്ങള്‍ 

ഒന്നാമതായി സേവനങ്ങള്‍ കൂടുതല്‍ ഏകീകൃതമാക്കുന്നതാകും കേരളാ ബാങ്ക് രൂപീകരണത്തോടെ പ്രധാനമായും വരുന്ന മാറ്റങ്ങള്‍. സംസ്ഥാന ജില്ലാ ബാങ്കുകളില്‍ ഒരേ രൂപത്തിലുള്ള സേവനങ്ങളാകും പ്രധാനമായും നടപ്പിലാക്കുക.എന്നാല്‍ നേരത്തെയുണ്ടായിരുന്ന ഘടകങ്ങളില്‍ വന്‍ മാറ്റമാണുണ്ടാവുക. നേരത്തെ സംസ്ഥാനാത്താകെയുള്ള  ജില്ലാ ബാങ്കുകളുടെ ഭരണസമിതികള്‍ക്കു ഓരോ ജില്ലയ്ക്കും അനുയോജ്യമായ പ്രൊഡക്ടുകള്‍ തയാറാക്കുകയും പലിശ നിരക്ക് നിശ്ചയിക്കേണ്ട ദൗത്യമായിരുന്നു ഉണ്ടായിരുന്നത്. ഇനി അത്തരമൊരു സാഹചര്യമുണ്ടാകില്ല. സംസ്ഥാനത്തെ എല്ലാ ജില്ലാ സഹകരണ ബാങ്കുകളിലും ഒരേ തരത്തിലുള്ള പലിശ നിരക്കാകും ഇനി പ്രാബല്യത്തില്‍ വരാന്‍ പോവുക. 

വായ്പാ നിരക്കില്‍ വന്‍കുറവ് വരും

ഭവന വായ്പകളിലും, മറ്റ് മേഖലകളിലുള്ള വായ്പാ നിരക്കിലും കുറവ് വരും. നബാര്‍ഡില്‍ നിന്ന് കൂടുതല്‍ തുക വായ്പയായി ലഭിക്കുന്നത് മൂലമാണ്  കേരളാ ബാങ്ക് രൂപീകൃതമാകുന്നതോടെ വായ്പാ നിരക്കില്‍ കുറവ് വരാന്‍ ഇടയാക്കിയിട്ടുള്ളത്. 

സര്‍വീസ് ചാര്‍ജ്

വാണിജ്യ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന മറ്റ് ബാങ്കുകള്‍ ഈടാക്കുന്നത് പോലെ ഉയര്‍ന്ന സര്‍വീസ് ചാര്‍ജ് കേരളാ ബാങ്ക് ഈടാക്കിയേക്കില്ല. കേരളാ ബാങ്കിന്റെ രൂപീകരണത്തോടെ ഉപഭോക്താക്കള്‍ക്ക് കുറഞ്ഞ നിരക്കിലള്ള സേവന നിരക്കുകളാകും ഉണ്ടാവുക. 

കേരളാ ബാങ്കിന്റെ രൂപീകരണത്തോടെ സംസ്ഥാനത്തിന്റെ വികസനത്തിന് കരുത്തേകുമെന്നാണ് സര്‍ക്കാര്‍ കണക്ക് കൂട്ടുന്നത്. സംസ്ഥാനത്തിനാവശ്യമായ ഫണ്ട് കേരളാ ബാങ്കിലൂടെ സമാഹരിക്കാന്‍ സര്‍ക്കാറിന് കഴിഞ്ഞേക്കും, മറ്റ് വിദേശ ബാങ്കുകളെ ആശ്രയിക്കേണ്ട സാഹചര്യം ഇതോടെ ഒഴിവാകുകയും ചെയ്യുമെന്നാണ് സര്‍ക്കാര്‍ അഭിപ്രായപ്പെടുന്നത്.

Author

Related Articles