News

ബജറ്റില്‍ ഭൂനികുതി പരിഷ്‌കരണവും മരച്ചീനിയില്‍ നിന്ന് മദ്യവും

സംസ്ഥാനത്തെ ഭൂനികുതി പരിഷ്‌കരിച്ച് പുതിയ സ്ലാബ് കൊണ്ടുവരുമെന്ന് ബജറ്റില്‍ ധനമന്ത്രി വ്യക്തമാക്കി. ഭൂനികുതി പരിഷ്‌കരിക്കുന്നതിലൂടെ 80 ലക്ഷം രൂപയുടെ വരുമാന വര്‍ധനവാണ് പ്രതീക്ഷിക്കുന്നത്. കൂടാതെ ഭൂമിയുടെ ന്യായവിലയും ഉയര്‍ത്തും. 10 ശതമാനമാണ് ഭൂമി ന്യായവില വര്‍ധിപ്പിക്കുക. ഇതുവഴി 200 കോടി രൂപയുടെ അധിക വരുമാനമാണ് സംസ്ഥാനം ലക്ഷ്യമിടുന്നത്. മോട്ടോര്‍ വാഹന നികുതിയും 1 ശതമാനം വര്‍ധിപ്പിക്കും. പഴയ വാഹനങ്ങള്‍ക്ക് ഹരിത നികുതി 50 ശതമാനം വരെ ഉയര്‍ത്തും

പഴവര്‍ഗങ്ങളും കാര്‍ഷിക ഉല്‍പ്പന്നങ്ങളും ഉപയോഗിച്ച് കേരളം വീര്യം കുറഞ്ഞ മദ്യം ഉല്‍പ്പാദിപ്പിക്കും. ധനമന്ത്രി കെഎന്‍ ബാലഗോപാല്‍, ബജറ്റ് അവതരണ വേളയിലാണ് ഇക്കാര്യം പ്രഖ്യാപിച്ചത്. ആദ്യ ഘട്ടത്തില്‍ മരച്ചീനിയില്‍ നിന്നാവും മദ്യം ഉല്‍പ്പാദിപ്പിക്കുക. പരീക്ഷണാര്‍ത്ഥം പദ്ധതി നടപ്പിലാക്കാന്‍ തിരുവനന്തപുരത്ത് പ്രവര്‍ത്തിക്കുന്ന കിഴങ്ങ് ഗവേഷണ കേന്ദ്രത്തിന് 2 കോടി രൂപ അനുവദിക്കും. പഴവര്‍ഗങ്ങളും കാര്‍ഷിക ഉല്‍പ്പന്നങ്ങളും ഉപയോഗിച്ച് എഥനോള്‍ ഉള്‍പ്പടെയുള്ള മൂല്യ വര്‍ധിത ഉല്‍പ്പന്നങ്ങള്‍ സംസ്ഥാനം നിര്‍മിക്കും. മൂല്യ വര്‍ധിത കാര്‍ഷിക ദൗത്യം എന്ന പേരില്‍ പ്രത്യേക പദ്ധതിയും ബജറ്റില്‍ പ്രഖ്യാപിച്ചു.

കാര്‍ഷിക മേഖലയെ പ്രധാന വരുമാന മേഖലായി ഉയര്‍ത്തുകയാണ് ലക്ഷ്യം. ഇതിനായി ക്വാളിറ്റി ചെക്കിംഗ് സൗകര്യം ഉള്‍പ്പടെയുള്ള അഗ്രിടെക്ക് ഫെസിലിറ്റേഷന്‍ കേന്ദ്രങ്ങള്‍ 7 ജില്ലകളില്‍ സ്ഥാപിക്കും. കൂടാതെ 100 കോടി ചിലവില്‍ 10 മിനി ഫുഡ് പാര്‍ക്കുകളും പ്രഖ്യാപിച്ചിട്ടുണ്ട്. സംസ്ഥാനത്തിന്റെ ഉല്‍പ്പന്നങ്ങള്‍ക്ക് അന്താരാഷ്ട്ര തലത്തില്‍ വിപണി കണ്ടെത്താന്‍ സിയാല്‍ മാതൃകയില്‍ മാര്‍ക്കറ്റിംഗ് കമ്പനിയും രൂപീകരിക്കും.

Author

Related Articles