News

ബജറ്റ് പ്രഖ്യാപനങ്ങള്‍: മാധ്യമ-ആശാ പ്രവര്‍ത്തകര്‍ക്ക് ആശ്വാസം

തിരുവനന്തപുരം: ജേര്‍ണലിസ്റ്റ്, നോണ്‍ ജേര്‍ണലിസ്റ്റ് പെന്‍ഷനുകള്‍ 1000 രൂപ വീതം വര്‍ധിപ്പിക്കുമെന്ന് ധനമന്ത്രി തോമസ് ഐസക്ക്. പത്ര പ്രവര്‍ത്തക ആരോഗ്യ ഇന്‍ഷുറന്‍സിനുള്ള സംസ്ഥാന സഹായം 50 ലക്ഷമായി ഉയര്‍ത്തുമെന്നും അദ്ദേഹം പറഞ്ഞു. മാധ്യമങ്ങള്‍ക്കുള്ള സര്‍ക്കാര്‍ കുടിശ്ശിക ബില്ലുകള്‍ തയ്യാറാക്കുന്ന മുറയ്ക്ക് മാര്‍ച്ച് മാസത്തിനുള്ളില്‍ കൊടുത്തു തീര്‍ക്കും. മീഡിയ അക്കാദമിക്ക് അഞ്ചു കോടി രൂപ വകയിരുത്തും.

മീഡിയ അക്കാദമിയുടെ ആഭിമുഖ്യത്തില്‍ വനിതാ പത്രപ്രവര്‍ത്തകര്‍ക്ക് തലസ്ഥാന നഗരിയില്‍ താമസസൗകര്യത്തോടു കൂടിയുള്ള പ്രസ് ക്ലബ് ഉണ്ടാവുമെന്നും ധനമന്ത്രി ബജറ്റ് അവതരിപ്പിക്കവെ പറഞ്ഞു. കോവിഡ് കാലത്ത് തുച്ഛമായ അലവന്‍സിന് വലിയ സേവനം കാഴ്ചവെച്ച ആശാപ്രവര്‍ത്തകരുടെ അലവന്‍സില്‍ 1000 രൂപയുടെ വര്‍ധവ് വരുത്തുമെന്ന് ധനമന്ത്രി തോമസ് ഐസക്.

എല്ലാ പ്രാഥമിക ആരോഗ്യകേന്ദ്രങ്ങളലും ഉച്ച കഴിഞ്ഞും ഒപിയും ലാബും ഫാര്‍മസിയും ഉണ്ടാകും. 85 ആരോഗ്യ സ്ഥാപനങ്ങളാണ് കേരളത്തില്‍ നിന്ന് ദേശീയ അക്രഡിറ്റേഷന്‍ കരസ്ഥമാക്കിയതെന്നും ധനമന്ത്രി പറഞ്ഞു. ആരോഗ്യ കേന്ദ്രങ്ങളില്‍ ആവശ്യമായ തസ്തികകള്‍ സൃഷ്ടിക്കും. ആരോഗ്യ ഇന്‍ഷുറന്‍സ് സമ്പ്രദായത്തില്‍ നിന്ന് ആരോഗ്യ അഷ്വറന്‍സ് സമ്പ്രദായത്തിലേക്ക് കേരളം മാറി. വ്യത്യസ്ത ആരോഗ്യ ഇന്‍ഷുറന്‍സ് സ്‌കീമുകളെ ഏകോപിപിച്ചുകൊണ്ട് ആരോഗ്യ വകുപ്പിന് കീഴിലുളള സ്റ്റേറ്റ് ഹെല്‍ത്ത് ഏജന്‍സി വഴിയാണ് ഇത് നടത്തുന്നത്.

കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതിയിലൂടെ 41.5 ലക്ഷം കുടുംബങ്ങള്‍ക്ക് അഞ്ചുലക്ഷം രൂപ വരെ കിടത്തി സഹായം സര്‍ക്കാര്‍ നേരിട്ട് നല്‍കുന്നു. കാരുണ്യ ബെനവലന്റ് ഫണ്ടും തുടങ്ങി. കഴിഞ്ഞ രണ്ടുവര്‍ഷം കൊണ്ട് 16.2 ലക്ഷം കുടുംബങ്ങള്‍ക്ക് ആരോഗ്യ പരിരക്ഷ നല്‍കി. 941 കോടി രൂപ ചെലവഴിച്ചു. 190 സര്‍ക്കാര്‍ ആശുപത്രികളും 372 സ്വകാര്യ ആശുപത്രികളും ഈ പദ്ധതിക്ക് കീഴില്‍ എംപാനല്‍ ചെയ്തിട്ടുണ്ട്. മൂന്നുപുതിയ കാര്യങ്ങള്‍ കൂടി  ഈ പദ്ധതിയില്‍ ചേര്‍ക്കുകയാണെന്നും മന്ത്രി പറഞ്ഞു. റോഡപകടങ്ങളില്‍ പരിക്കേല്‍ക്കുന്നവര്‍ക്ക് ആദ്യ 48 മണിക്കൂറിനുളളില്‍ സൗജന്യ ചികിത്സ നല്‍കുന്നതിനുളള പദ്ധതി ഈ സ്‌കീമിന് കീഴില്‍ വരുന്നതാണ്. കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതിയുടെ കീഴില്‍ അല്ലാത്ത അര്‍ഹരായ കുടുംബങ്ങള്‍ക്ക് വേണ്ടി കാരുണ്യ ബെനവലന്റ് ഫണ്ട് നടപ്പാക്കും.

കിഫ്ബി ഫണ്ട് ഉപയോഗപ്പെടുത്തി മെഡിക്കല്‍ കോളേജുകള്‍ ജില്ലാ താലൂക്ക് ആശുപത്രികള്‍ അതിവേഗത്തില്‍ നവീകരിക്കും. 3,122കോടി രൂപയാണ് ഇതിനായി അനുവദിച്ചിട്ടുളളത്. 2021-22ല്‍ ഡെന്റല്‍ കോളേജുകള്‍ക്ക് 20 കോടി അനുവദിക്കും. പുതിയ മെഡിക്കല്‍ കോളേജുകളായ കോന്നി, ഇടുക്കി, വയനാട്, കാസര്‍കോട്, എന്നിവിടങ്ങളില്‍ കൂടുതല്‍ സ്പെഷ്യാലിറ്റി ഫണ്ടുകളും ആവശ്യമായ ആരോഗ്യ ജീവനക്കാരേയും നിയോഗിക്കുന്നതാണ്. ആരോഗ്യ വകുപ്പിന് അനുവദിച്ചിട്ടുളള നാലായിരം തസ്തികകളില്‍ പ്രഥമ പരിഗണന ഈ മെഡിക്കല്‍ കോളേജുകള്‍ക്കായിരിക്കും.

റീജണല്‍ കാന്‍സര്‍ സെന്ററിന് 71 കോടി രൂപ അനുവദിക്കും. മലബാര്‍ കാന്‍സര്‍ സെന്ററിന് 25 കോടി രൂപ അനുവദിക്കും. കൊച്ചി കാന്‍സര്‍ സെന്റര്‍ 21-22 ല്‍ പൂര്‍ത്തിയാകും. പാരിപ്പിളളി- മഞ്ചേരി മെഡിക്കല്‍ കോളേജുകളില്‍ നഴ്സിങ് കോളേജുകള്‍ ആരംഭിക്കുന്നതാണ്. നഴ്സിങ് പാസ്സായവര്‍ക്ക് വിദേശ ഭാഷാ നൈപുണി അടക്കം ഫിനിഷിങ് കോഴ്സുകള്‍ ഏര്‍പ്പെടുത്തുമെന്നും ധനമന്ത്രി പറഞ്ഞു.

Author

Related Articles