News

പ്രവാസി പുനരധിവാസ പദ്ധതി: 2,000 കോടി രൂപയുടെ സമഗ്ര പാക്കേജ് നിര്‍ദേശം കേന്ദ്രത്തിനു സമര്‍പ്പിക്കും

തിരുവനന്തപുരം: പ്രവാസി പുനരധിവാസത്തിനുള്ള സംസ്ഥാന പദ്ധതികള്‍ക്കു പുറമേ സമഗ്ര പുനരധിവാസ പാക്കേജ് നടപ്പാക്കാന്‍ 2,000 കോടി രൂപയുടെ വിശദ നിര്‍ദേശം ഉടന്‍ കേന്ദ്രത്തിനു സമര്‍പ്പിക്കുമെന്നു മുഖ്യമന്ത്രി പിണറായി വിജയന്‍ നിയമസഭയില്‍ അറിയിച്ചു. ഈ മാസം 26 വരെ 17,51,852 പ്രവാസി മലയാളികളാണു കോവിഡ് ജാഗ്രതാ പോര്‍ട്ടല്‍ പ്രകാരം തിരികെ എത്തിയതെന്നും മഞ്ഞളാംകുഴി അലിയുടെ ശ്രദ്ധ ക്ഷണിക്കലിന് അദ്ദേഹം മറുപടി നല്‍കി.

എയര്‍പോര്‍ട്ട് അതോറിറ്റിയുടെ രേഖകള്‍ പ്രകാരം 2020 മേയ് മുതല്‍ ഈ മാസം വരെ കേരളത്തിലെ വിമാനത്താവളങ്ങള്‍ വഴി 39,55,230 പേര്‍ വിദേശത്തേക്കു പോയി. തിരിച്ചുപോകാന്‍ ആഗ്രഹിച്ചവരില്‍ ഭൂരിഭാഗം പേരും പോയി എന്നു കരുതാം. തിരിച്ചെത്തിയ പ്രവാസികളില്‍ 12.67 ലക്ഷം പേര്‍ക്കു തൊഴില്‍ നഷ്ടപ്പെട്ടു എന്നാണ് കോവിഡ് പോര്‍ട്ടലിലെ വിവരങ്ങള്‍ സൂചിപ്പിക്കുന്നത്. ഇവരെ പുനരധിവസിപ്പിക്കുന്നതിനും തൊഴില്‍ പദ്ധതികള്‍ ആവിഷ്‌കരിക്കുന്നതിനും ബജറ്റില്‍ 50 കോടി രൂപ വകയിരുത്തിയിട്ടുണ്ട്.

തിരികെ എത്തിയ പ്രവാസികള്‍ക്കു സ്വയംതൊഴില്‍ സംരംഭം ആരംഭിക്കുന്നതിനുള്ള പദ്ധതി വിപുലീകരിക്കുകയും പദ്ധതി വിഹിതം 24.4 കോടിയായി വര്‍ധിപ്പിക്കുകയും ചെയ്തു. 30 ലക്ഷം രൂപ വരെയുള്ള ബാങ്ക് വായ്പകള്‍ക്കു 15% മൂലധന സബ്സിഡിയും (പരമാവധി 3 ലക്ഷം രൂപ) നാലു വര്‍ഷത്തേക്കു 3% പലിശ സബ്സിഡിയും ഈ പദ്ധതി മുഖേന ലഭിക്കും. നാട്ടില്‍ മടങ്ങി എത്തിയവരില്‍ ഭവനവായ്പ ഉള്‍പ്പെടെ മുടങ്ങുകയും ജപ്തി ഭീഷണി നേരിടുകയും ചെയ്യുന്ന പ്രവാസികളുടെ പ്രശ്‌നവും പദ്ധതികള്‍ക്കു വായ്പ അനുവദിക്കുന്നതില്‍ ബാങ്കുകള്‍ അനുഭാവ സമീപനം സ്വീകരിക്കണമെന്നതും സംസ്ഥാനതല ബാങ്കേഴ്സ് സമിതി മുന്‍പാകെ ഉന്നയിക്കും.

നിലവിലുള്ള വിദേശ റിക്രൂട്ടിങ് സംവിധാനം ശക്തമാക്കാന്‍ പൊതു, സ്വകാര്യ പങ്കാളിത്തത്തോടെ പുതിയ സംരംഭം രൂപീകരിക്കുക, പോസ്റ്റ് റിക്രൂട്‌മെന്റ് സേവനങ്ങള്‍ എന്നിവയും സര്‍ക്കാര്‍ ഉദ്ദേശിക്കുന്നുണ്ട്. ഇതിന് 2 കോടി രൂപ ബജറ്റില്‍ അനുവദിച്ചിരുന്നു. മടങ്ങിവന്ന പ്രവാസികള്‍ സര്‍ക്കാര്‍ രേഖകള്‍ക്ക് അപേക്ഷിച്ചാല്‍ 15 ദിവസത്തിനകം ലഭ്യമാക്കാന്‍ റവന്യു, തദ്ദേശ വകുപ്പുകള്‍ക്കു നിര്‍ദേശം നല്‍കിയിട്ടുണ്ട്. വിദേശത്തു നിന്നു ശമ്പളവും മറ്റ് ആനുകൂല്യവും ലഭിക്കാനുള്ളവര്‍ വിശദ അപേക്ഷയും രേഖകളും നോര്‍ക്കയുടെ ഇ മെയിലില്‍ അയയ്ക്കാന്‍ അറിയിച്ചിരുന്നു. ഇങ്ങനെ ലഭിച്ച അപേക്ഷകള്‍ എംബസികളുടെയും വിദേശകാര്യ മന്ത്രാലയങ്ങളുടെയും ശ്രദ്ധയില്‍പെടുത്തിയെന്നും മുഖ്യമന്ത്രി പറഞ്ഞു.

Author

Related Articles