News

2020 ല്‍ ആഗോള സാമ്പത്തിക വളര്‍ച്ച കൈപിടിച്ചുകയറ്റുക ഇന്ത്യ; ഇന്ത്യയില്‍ രൂപപ്പെട്ട മാന്ദ്യം അതിജീവിക്കുമെന്ന് ഐഎംഎഫ്

ന്യൂഡല്‍ഹി: ആഗോള സാമ്പത്തിക രംഗം ഇപ്പോള്‍ മാന്ദ്യത്തിന്റെ പിടിയിലാണ്. ഈ മാന്ദ്യത്തെ തുടര്‍ന്ന് ഇന്ത്യയിലെയും സാമ്പത്തിക രംഗം മോശമായ അവസ്ഥയിലൂടെയാണ് കടന്നു പോകുന്നത്. നോട്ടു നിരോധനവും ജിഎസ്ടിയും തകര്‍ത്തു കളഞ്ഞത് അതിവേഗം സാമ്പത്തിക മുന്നേറ്റം നടത്തുന്ന രാജ്യമെന്ന പദവിയാണ്. എന്നാല്‍, സാമ്പത്തിക വേഗത കൈവരിക്കാന്‍ വേണ്ടിയുള്ള നടപടികളുമായി മുന്നോട്ടു പോകുകയാണ് കേന്ദ്രസര്‍ക്കാര്‍. കോര്‍പ്പറേറ്റ് ടാക്സില്‍ ഇളവു വരുത്തിയും മറ്റും സാമ്പത്തിക വളര്‍ച്ച മുന്നോട്ടു കൊണ്ടുപോകാനുള്ള ശ്രമങ്ങളിലാണ് മോദി സര്‍ക്കാര്‍. ഇത് ഭാവിയില്‍ ഗുണം ചെയ്യുമെന്നാണ് പുറത്തുവരുന്ന വിവരങ്ങള്‍. രാജ്യാന്തര നാണ്യനിധി (ഐഎംഎഫ്) പുറത്തുവിട്ട കണക്കുകള്‍ പ്രകാരം അടുത്ത രണ്ട് പതിറ്റാണ്ടില്‍ രാജ്യത്തെ കൈപിടിച്ച് മുന്നോട്ടു നയിക്കുക ഇന്ത്യയായിരിക്കും എന്നാണ.

ആഗോള തലത്തില്‍ വളര്‍ച്ചയുടെ മുഖമായി തെക്കന്‍ ഏഷ്യ മാറുമെന്നും ഐഎംഎഫ് റിപ്പോര്‍ട്ടില്‍ പറയുന്നു. അതേസമയം ഇന്ത്യ കുതിക്കുമ്പോഴും പാക്കിസ്ഥാന് പ്രതീക്ഷകള്‍ക്ക് വകയില്ല. പാക്കിസ്ഥാന് ഇന്ത്യന്‍ കുതിപ്പ് നോക്കി നിന്നു കാണാനേ സ്ാധിക്കുകയുള്ളൂ എന്നാണ് ഐഎംഎഫിന്റെ റിപ്പോര്‍ട്ട്. 2040 ആകുമ്പോഴേക്കും ലോകരാജ്യങ്ങളുടെ മൊത്തം വളര്‍ച്ചയില്‍ മൂന്നിലൊന്നും തെക്കന്‍ ഏഷ്യന്‍ രാജ്യങ്ങളില്‍ നിന്നായിരിക്കും. ഐഎംഎഫ് റിപ്പോര്‍ട്ട് പ്രകാരം സൗത്ത് ഏഷ്യയില്‍ ഉള്‍പ്പെടുന്ന രാജ്യങ്ങള്‍ ഇവയാണ് ഇന്ത്യ, ബംഗ്ലാദേശ്, നേപ്പാള്‍, ശ്രീലങ്ക, ഭൂട്ടാന്‍, മാലദ്വീപ്. ഭൂമിശാസ്ത്രപരമായി ഐഎംഎഫ് വിവിധ രാജ്യങ്ങളെ തരംതിരിച്ചപ്പോള്‍ തെക്കന്‍ ഏഷ്യയില്‍ അഫ്ഗാനിസ്ഥാനെയും പാക്കിസ്ഥാനെയും ഉള്‍പ്പെടുത്തിയില്ല. ഭീകരവാദ ഭീഷണികള്‍ നേരിടുന്ന രണ്ട് രാജ്യങ്ങള്‍ക്ക് എത്രകണ്ട് സാമ്പത്തിക മുന്നേറ്റം സാധ്യമാണ് എന്നത് കണ്ടറിയണം.

സൗത്ത് ഏഷ്യന്‍ രാജ്യങ്ങളില്‍ ബംഗ്ലാദേശ് അടക്കം അതിവേഗം സാമ്പത്തിക കുതിപ്പു നടത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍. 'പറന്നുയരാന്‍ തയാറായോ തെക്കന്‍ ഏഷ്യ? സുസ്ഥിരമായ, എല്ലാം ഉള്‍പ്പെടുത്തിയ വളര്‍ച്ചാ അജന്‍ഡ' എന്നു പേരിട്ട റിപ്പോര്‍ട്ട് പുറത്തിറക്കാന്‍ ഇരിക്കുകയാണ്. ഇതിനിടെയാണ് റിപ്പോര്‍ട്ടിന്റെ വിവരങ്ങള്‍ പുറത്തുവന്നത്. ഇന്ത്യ അടക്കമുള്ള രാജ്യങ്ങള്‍ ഉദാരവല്‍ക്കരണ നയങ്ങളുമായി മുന്നോട്ടു പോകുകയാണ്. കൂടാതെ അടിസ്ഥാന സൗകര്യങ്ങള്‍ വര്‍ദ്ധിപ്പിക്കാനുള്ള ശ്രമം തുടരുകയും ചെയ്യുന്നു. യുവത്വമാണ് ഈ രാജ്യങ്ങളുടെ കരുത്ത്. ഈ യുവജനങ്ങളുടെ പിന്‍ബലത്തിലാണ് സാമ്പത്തികമായി രാജ്യം കുതിപ്പിന് ഒരുങ്ങുന്നതെന്നുമാണ് ഐഎംഎഫ് റിപ്പോര്‍ടട് പറയുന്നത്.

ഏഷ്യയുടെ മറ്റു ഭാഗങ്ങളിലുള്ള വികസനവും വിലയിരുത്തുമ്പോള്‍ ആഗോള വളര്‍ച്ചയുടെ കേന്ദ്രമായി തെക്കന്‍ ഏഷ്യ മാറുമെന്നാണ് ഐഎംഎഫ് ഏഷ്യ പസിഫിക് വിഭാഗം ഡപ്യൂട്ടി ഡയറക്ടര്‍ ആന്‍ മേരി ഗല്‍ഡ് വൂള്‍ഫിന്റെ കണക്കൂകൂട്ടല്‍. 2030 ആകുമ്പോഴേക്കും മേഖലയിലെ 15 കോടിയിലേറെ വരുന്ന യുവജനം തൊഴില്‍മേഖലയിലേക്ക് എത്തും. ഉയര്‍ന്ന നിലവാരമുള്ള, തൊഴില്‍ കേന്ദ്രീകൃതമായ വളര്‍ച്ചാ പദ്ധതികളാണ് തയാറാക്കുന്നതെങ്കില്‍ ഈ യുവാക്കളായിരിക്കും തെക്കന്‍ ഏഷ്യയുടെ കരുത്ത്. സമ്പദ്വ്യവസ്ഥയുടെ എല്ലാ മേഖലകളെയും സന്തുലിതമായി കൊണ്ടുപോകുന്നതിനുള്ള പ്രേരകശക്തിയായും ഇവര്‍ മാറുമെന്നും ഐഎംഎഫ് റിപ്പോര്‍ട്ടില്‍ പറയുന്നു.

ഉന്നത വിദ്യഭ്യാസ മേഖലയില്‍ ഇന്ത്യന്‍ മുന്നേറ്റം തൃപ്തികരമാണെങ്കിലും പോരായ്മകള്‍ പ്രൈമറി, സെക്കന്‍ഡറി തലത്തില്‍ നിലനില്‍ക്കുന്നതായും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. ഭൂമിശാസ്ത്രപരമായി പലതരത്തില്‍ രാജ്യം വിഭജിച്ചു കിടക്കുന്നതിന്റെ പ്രശ്നങ്ങളുണ്ട്. ഇത്രയേറെ വികസന പദ്ധതികള്‍ നടക്കുന്ന ഒരു രാജ്യത്തെ നിര്‍മ്മാണ മേഖലയുടെ വളര്‍ച്ച ഇത്രയല്ല വേണ്ടതെന്നും ഓര്‍ക്കണം. ഇന്ത്യയിലെ നിര്‍മ്മാണ മേഖലയില്‍ സ്വകാര്യകമ്പനികളെക്കൂടി കൂടുതലായി ഉള്‍പ്പെടുത്തേണ്ട ആവശ്യകതയിലേക്കും ഐഎംഎഫ് റിപ്പോര്‍ട്ട് വിരല്‍ചൂണ്ടുന്നു.

സ്വകാര്യ കമ്പനികളുടെ വളര്‍ച്ചയ്ക്കാവശ്യമായ സൗകര്യങ്ങള്‍ ഇന്ത്യ ഒരുക്കേണ്ടതുണ്ട്. അതോടൊപ്പം നേരിട്ടുള്ള വിദേശ നിക്ഷേപം ആകര്‍ഷിക്കാനുള്ള ശ്രമങ്ങളും വേണം. ഇന്ത്യയിലുണ്ടാകുന്ന അവസരങ്ങള്‍ ഉപയോഗപ്പെടുത്താന്‍ പറ്റിയ തൊഴിലാളികളെയും സൃഷ്ടിക്കേണ്ടതുണ്ട്. കമ്പനികള്‍ ചുവപ്പുനാടയില്‍ കുരുങ്ങുന്ന അവസ്ഥയുമുണ്ടാകരുത്. ഈ രീതിയില്‍ പുതിയ പരിഷ്‌കാരങ്ങള്‍ കേന്ദ്രീകരിച്ചു മുന്നോട്ടുപോകാന്‍ ഒട്ടും വൈകരുതെന്നും റിപ്പോര്‍ട്ട് മുന്നറിയിപ്പ് നല്‍കുന്നു. വസ്ത്ര വ്യവസായത്തില്‍ കേന്ദ്രീകരിച്ചുള്ള ബംഗ്ലാദേശിന്റെ അടുത്ത കാലത്തെ വളര്‍ച്ച ശ്രദ്ധേയമാണ്. എന്നാല്‍ സാമ്പത്തിക വ്യവസ്ഥയില്‍ വൈവിധ്യവല്‍കരണത്തിന് അവര്‍ ശ്രമിക്കേണ്ടതുണ്ടെന്ന നിര്‍ദ്ദേശവും ഐഎംഎഫ് ചൂണ്ടിക്കാട്ടുന്നു.

നേരത്തെ ആഗോള സാമ്പത്തിക സാഹചര്യം മോശമായി തുടരുന്നുണ്ടെങ്കിലും ലോകത്തിലെ ഏറ്റവും വേഗം വളരുന്ന സമ്പദ്വ്യവസ്ഥയെന്ന നേട്ടം ഇന്ത്യ നിലനിര്‍ത്തുമെന്ന് അന്താരാഷ്ട്ര നാണ്യ നിധി വ്യക്തമാക്കിയിരുവന്നു. അതേസമയം, നടപ്പു സാമ്പത്തികവര്‍ഷം ഇന്ത്യയുടെ വളര്‍ച്ചയനുമാനം 6.1 ശതമാനമായി കുറച്ചിട്ടുമുണ്ട്. ലോക സാമ്പത്തിക വീക്ഷണ റിപ്പോര്‍ട്ടിലാണ് ഐ.എം.എഫ്. ഇന്ത്യയുടെ വളര്‍ച്ച സംബന്ധിച്ച നിരീക്ഷണം പങ്കുവെച്ചിട്ടുള്ളത്. ജൂലായില്‍ പുറത്തുവിട്ട റിപ്പോര്‍ട്ടില്‍ ഇന്ത്യ ഏഴ് ശതമാനം വളര്‍ച്ച നേടുമെന്നായിരുന്നു ഐ.എം.എഫിന്റെ അനുമാനം. ഏപ്രിലില്‍ പുറത്തുവിട്ട റിപ്പോര്‍ട്ട് 7.3 ശതമാനം വളര്‍ച്ച പ്രതീക്ഷിച്ചിരുന്നു. മാന്ദ്യം സംബന്ധിച്ച സൂചനകള്‍ ആദ്യ പാദത്തില്‍തന്നെ ലഭിച്ചതായി ചൂണ്ടിക്കാട്ടി കഴിഞ്ഞദിവസം ലോക ബാങ്കും ഇന്ത്യയുടെ വളര്‍ച്ചാ അനുമാനം താഴ്ത്തിയിരുന്നു. ആറു ശതമാനമായാണ് ലോകബാങ്ക് വളര്‍ച്ചനിഗമനം വെട്ടിക്കുറച്ചത്. ഇന്ത്യയുടെ വളര്‍ച്ച 2020-ല്‍ ഏഴുശതമാനത്തിലെത്തുമെന്നാണ് ഐ.എം.എഫിന്റെ നിഗമനം.

ആഗോള സാമ്പത്തിക സാഹചര്യം കണക്കിലെടുക്കുമ്പോള്‍ ഇന്ത്യയുടെ ചിത്രം ശോഭനമാണെന്നാണ് ഐ.എം.എഫ്. വിലയിരുത്തുന്നത്. ആഗോള സമ്പദ്വ്യവസ്ഥ മാന്ദ്യം നേരിടുന്നുണ്ട്. വ്യാപാരത്തര്‍ക്കങ്ങളും മറ്റ് അനിശ്ചിതത്വങ്ങളുമാണ് ഇതിനു കാരണമെന്ന് ഐ.എം.എഫ്. മുഖ്യ സാമ്പത്തിക വിദഗ്ധ ഗീതാ ഗോപിനാഥ് ചൂണ്ടിക്കാട്ടുകയുണ്ടായി. നടപ്പുവര്‍ഷം ആഗോള വളര്‍ച്ചനിരക്ക് മൂന്നു ശതമാനമായി ചുരുങ്ങുമെന്നാണ് ഐ.എം.എഫിന്റെ വിലയിരുത്തല്‍. 2008-ലെ ആഗോള സാമ്പത്തികമാന്ദ്യം മുതലുള്ള കാലയളവിലെ ഏറ്റവും മോശം വളര്‍ച്ചനിരക്കായിരിക്കുമിതെന്നും ഐ.എം.എഫ്. ചൂണ്ടിക്കാട്ടി.

Author

Related Articles