News

പാചക വാതക വില വീണ്ടും കൂട്ടി; രണ്ടാഴ്ച്ചയ്ക്കിടെ ഉയര്‍ന്നത് 100 രൂപ

പാചക വാതക വില വീണ്ടും കൂട്ടി. ഗാര്‍ഹിക സിലിണ്ടറുകള്‍ക്ക് 50 രൂപ കൂട്ടി. രണ്ടാഴ്ച്ചയ്ക്കിടെ 100 രൂപയാണ് ഗ്യാസ് സിലിണ്ടറുകളുടെ വില ഉയര്‍ന്നത്. 701 രൂപയാണ് പുതിയ നിരക്ക്. പുതുക്കിയ വില ഇന്നു മുതല്‍ നിലവില്‍ വന്നു. വാണിജ്യ ആവശ്യങ്ങള്‍ക്ക് വില്‍ക്കുന്ന സിലിണ്ടറുകള്‍ക്കും വില കൂട്ടിയിരുന്നു. വാണിജ്യ സിലിണ്ടറുകളുടെ വില 27 രൂപ കൂടി 1319 രൂപയാക്കി ഉയര്‍ത്തി.

ഈ മാസം രണ്ടാം തവണയാണ് പാചകവാതക വില കൂട്ടുന്നത്. ഈ മാസം രണ്ടിനാണ് ഇതിനു മുമ്പ് വില കൂട്ടിയത്. 5 കിലോ ഷോര്‍ട്ട് സിലിണ്ടറിന്റെ വില 18 രൂപയും 19 കിലോ സിലിണ്ടറിന്റെ വില 36.50 രൂപയുമാണ് വര്‍ദ്ധിപ്പിച്ചത്. രാജ്യത്തെ ഏറ്റവും വലിയ എണ്ണക്കമ്പനിയായ ഐഒസിയുടെ കണക്കനുസരിച്ച് ഡല്‍ഹിയില്‍ 14.2 കിലോഗ്രാം ഗ്യാസ് സിലിണ്ടറിന്റെ വില ഇപ്പോള്‍ 644 രൂപയായി. കൊല്‍ക്കത്തയില്‍ 670.50 രൂപയായും മുംബൈയില്‍ 644 രൂപയായും ചെന്നൈയില്‍ 660 രൂപയായും വില ഉയര്‍ന്നു. എല്‍പിജി ഗ്യാസ് സിലിണ്ടറിന്റെ വില നിര്‍ണ്ണയിക്കുന്നത് സര്‍ക്കാര്‍ എണ്ണ കമ്പനികളാണ്. ഇത് പ്രതിമാസ അടിസ്ഥാനത്തില്‍ പരിഷ്‌കരിക്കും.

നേരത്തെ ഡല്‍ഹിയില്‍ 14.2 കിലോഗ്രാം ഗ്യാസ് സിലിണ്ടറിന്റെ വില 594 രൂപയായിരുന്നു. കൊല്‍ക്കത്തയില്‍ 620.50 രൂപയും മുംബൈയില്‍ 594 രൂപയും ചെന്നൈയില്‍ 610 രൂപയുമായിരുന്നു വില. അതുപോലെ തന്നെ 19 കിലോ എല്‍പിജി സിലിണ്ടറിന്റെ വില ദേശീയ തലസ്ഥാനത്ത് 54.50 സിലിണ്ടറായി ഉയര്‍ത്തി. വില പരിഷ്‌കരണത്തിനുശേഷം വാണിജ്യ സിലിണ്ടറിന്റെ വില ഡല്‍ഹിയില്‍ 1,296 രൂപയായി. വാണിജ്യ എല്‍പിജി സിലിണ്ടറിന്റെ നവംബറിലെ വില 1,241.50 രൂപയായിരുന്നു.

ഇന്ത്യയിലെ വീടുകള്‍ക്ക് പ്രതിവര്‍ഷം പരമാവധി 12 എല്‍പിജി സിലിണ്ടര്‍ വാങ്ങാന്‍ സബ്സിഡി നിരക്കില്‍ അനുമതിയുണ്ട്. വാങ്ങുന്ന സമയത്ത് സിലിണ്ടറുകള്‍ക്ക് മുഴുവന്‍ വിലയും നല്‍കണം. തുടര്‍ന്ന് സബ്‌സിഡി ഉപഭോക്താവിന്റെ ബാങ്ക് അക്കൗണ്ടിലേക്ക് സര്‍ക്കാര്‍ ക്രെഡിറ്റ് ചെയ്യും. എന്നിരുന്നാലും, മെയ് മുതല്‍ മിക്ക ഉപഭോക്താക്കള്‍ക്കും സബ്സിഡികള്‍ ലഭിച്ചിട്ടില്ല.

Author

Related Articles