News

തലസ്ഥാനത്ത് ലുലു ഗ്രൂപ്പ് ഡിസംബര്‍ 16ന് പ്രവര്‍ത്തനം ആരംഭിക്കുന്നു; മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും

തിരുവനന്തപുരം: ടെക്‌നോപാര്‍ക്കിനു സമീപം ആക്കുളത്ത് സ്ഥിതി ചെയുന്ന ലുലു ഗ്രൂപ്പ് ഷോപ്പിങ് മാള്‍ ഡിസംബര്‍ 16ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും. 2000 കോടി രൂപ ചെലവിട്ട് 20 ലക്ഷം ചതുരശ്രയടിയില്‍ നിര്‍മിച്ചതാണ് ഇത്. ലുലു ഗ്രൂപ്പിന്റെ കേരളത്തിലെ രണ്ടാമത്തെ മാള്‍ ഇന്ത്യയിലെ ഏറ്റവും വലുപ്പമുള്ള മാളുകളിലൊന്നാണെന്നു ഗ്രൂപ്പ് ചെയര്‍മാന്‍ എംഎ യൂസഫലി അറിയിച്ചു. പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ അധ്യക്ഷത വഹിക്കുന്ന ചടങ്ങില്‍ കേന്ദ്രമന്ത്രി വി മുരളീധരന്‍, ജനപ്രതിനിധികള്‍, ഗള്‍ഫ് രാജ്യങ്ങളിലെ മന്ത്രിമാര്‍ എന്നിവര്‍ പങ്കെടുക്കും.

2 ലക്ഷം ചതുരശ്രയടിയുള്ള ലുലു ഹൈപ്പര്‍ മാര്‍ക്കറ്റാണ് പ്രധാന ആകര്‍ഷണം. ഇതോടൊപ്പം ലുലു കണക്ട്, ലുലു സെലിബ്രിറ്റ്, ഇരുനൂറിലേറെ രാജ്യാന്തര ബ്രാന്‍ഡുകള്‍, 12 സ്‌ക്രീനുകളുള്ള മള്‍ട്ടിപ്ലക്‌സ്, 80,000 ചതുരശ്രയടിയില്‍ കുട്ടികള്‍ക്കായി എന്റര്‍ടെയ്ന്‍മെന്റ് സെന്റര്‍, 2,500 പേര്‍ക്കിരിക്കാവുന്ന വിശാലമായ ഫുഡ്‌കോര്‍ട്ട് എന്നിവയുമുണ്ട്. 3,500 വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യാവുന്ന 8 നിലകളിലെ പാര്‍ക്കിങ് കേന്ദ്രവും തയാറായി.

രൂപരേഖ തയാറാക്കിയ യുകെയിലെ ആര്‍ക്കിടെക്ട് സ്ഥാപനമായ ഡിസൈന്‍ ഇന്റര്‍നാഷനലാണ് മാളിന്റെ ട്രാഫിക് ഇംപാക്ട് പഠനവും നടത്തിയത്. ഷോപ്പിങ് മാളിനുള്ള എല്ലാ അനുമതികളും കേന്ദ്ര-സംസ്ഥാന സര്‍ക്കാര്‍ വകുപ്പുകളില്‍ നിന്നു ലഭിച്ചതായി ലുലു തിരുവനന്തപുരം ഡയറക്ടര്‍ ജോയ് സദാനന്ദന്‍ നായര്‍ അറിയിച്ചു. ഡിസംബര്‍ 17 മുതല്‍ ഷോപ്പിങ് സൗകര്യമുണ്ടാകുമെന്ന് ലുലു ഗ്രൂപ്പ് കമ്യൂണിക്കേഷന്‍സ് ഡയറക്ടര്‍ വി. നന്ദകുമാര്‍ അറിയിച്ചു.

Author

Related Articles