News

വാഹന കയറ്റുമതിയില്‍ റെക്കോര്‍ഡ് സ്ഥാപിച്ച് മാരുതി സുസുകി; 20 ലക്ഷം കവിഞ്ഞു

ന്യൂഡല്‍ഹി: വാഹന കയറ്റുമതിയില്‍ റെക്കോര്‍ഡ് സ്ഥാപിച്ച് മാരുതി സുസുകി ഇന്ത്യ. കമ്പനിയുടെ സഞ്ചിത കയറ്റുമതി 20 ലക്ഷം കവിഞ്ഞിരിക്കുന്നു. കമ്പനി തന്നെ ഇക്കാര്യം നേരിട്ട് അറിയിക്കുകയായിരുന്നു. മാരുതി സുസുകി വാഹനങ്ങളായ എസ്പ്രസ്സോ, സ്വിഫ്റ്റ്, വിറ്റാര ബ്രസ്സ എന്നിവയുടെ ഒരു ബാച്ച് ദക്ഷിണാഫ്രിക്കയിലേക്ക് കയറ്റി അയച്ചതോടെയാണ് കമ്പനി ഈ നിര്‍ണായക നേട്ടം കൈവരിച്ചിരിക്കുന്നത്. ഗുജറാത്തിലെ മുന്ദ്ര തുറമുഖം വഴിയാണ് ഈ ബാച്ച് കയറ്റുമതി ചെയ്തിരിക്കുന്നത്.

മാരുതി സുസുകിയുടെ കയറ്റുമതി ചരിത്രത്തിന് 34 വര്‍ഷത്തെ പാരമ്പര്യമുണ്ട്. അന്ന് വാഹന നിര്‍മാണത്തില്‍ ഇന്ത്യ ലോകത്തിന് മുന്നില്‍ ഒന്നുമായിരുന്നില്ല എന്ന് കൂടി ഓര്‍ക്കേണ്ടതുണ്ട്. ഒരുപക്ഷേ, ഈ ചരിത്രം തന്നെയാണ് മാരുതിയ്ക്ക് ഇത്തരമൊരു നേട്ടത്തിന് അവസരമൊരുക്കിയത് എന്നാണ് മാരുതു സുസുകി ഇന്ത്യയുടെ എംഡിയും സിഇഒയും ആയ കെനിച്ചു അയുകാവാ പറയുന്നത്.

ഇന്ന് വാഹന നിര്‍മാണത്തിലും കയറ്റുമതിയിലും മുന്‍നിര കമ്പനികളോട് കിടപിടിക്കുന്നതാണ് മാരുതി സുസുകി ഇന്ത്യയും. 14 മോഡലുകളാണ് നിലവില്‍ കയറ്റുമതി ചെയ്യുന്നത്. അതില്‍ തന്നെ ഏതാണ്ട് 150 ഓളം വേരിയന്റുകള്‍ വരും. നൂറിലേറെ രാജ്യങ്ങളിലേക്കാണ് മാരുതി വാഹനങ്ങള്‍ കയറ്റുമതി ചെയ്യുന്നത്.

മാരുതി സുസുകി ഇന്ത്യയുടെ ഇപ്പോഴത്തെ ശക്തമായ പുതിയ വിപണി ദക്ഷിണാഫ്രിക്കയും ലാറ്റിന്‍ അമേരിക്കയും ആണ്. മുമ്പ്, വികസിത രാജ്യങ്ങളില്‍ നിന്നുള്ള യൂസ്ഡ് കാറുകള്‍ക്കായിരുന്നു ഇവിടങ്ങളില്‍ പ്രിയം. എന്നാല്‍ മാരുതി സുസുകിയുടെ വരവോട് അത് മാറിയിരിക്കുകയാണ്. 1986-1987 കാലഘട്ടത്തിലാണ് മാരുതി സുസുകി വാഹന കയറ്റുമതിയിലേക്ക് കടക്കുന്നത്. വലിയ കയറ്റുമതി നടക്കുന്നത് 1987 ല്‍ ആയിരുന്നു. അന്ന് 500 കാറുകള്‍ ആണ് ഹങ്കറിയിലേക്ക് കയറ്റിയ അയച്ചത്. 1987 സെപ്തംബറില്‍ ആയിരുന്നു ഇത്.

2012-2013 വര്‍ഷത്തിലാണ് പത്ത് ലക്ഷം കാറുകളുടെ കയറ്റുമതി എന്ന റെക്കോര്‍ഡില്‍ മാരുതി സുസുകി എത്തുന്നത്. അതില്‍ അമ്പത് ശതമാനവും യൂറോപ്പിലെ വികസിത രാജ്യങ്ങളിലെ വിപണികളിലേക്കായിരുന്നു. എന്തായാലും എട്ട് വര്‍ഷം പിന്നിടുമ്പോള്‍ മാരുതി സുസുകി 20 ലക്ഷം കയറ്റുമതി എന്ന നാഴികക്കല്ലുകൂടി പിന്നിടുകയാണ്. എട്ട് വര്‍ഷം കൊണ്ട് പത്ത് ലക്ഷം യൂണിറ്റുകളുടെ കയറ്റുമതി എന്നത് ചെറിയ നേട്ടമല്ല. ഇത്തവണ തുണയായത് ആഫ്രിക്കയും ലാറ്റിന് അമേരിക്കയും ഏഷ്യന്‍ രാജ്യങ്ങളും ആണ്. ആള്‍ട്ടോ, ബലേനോ, ഡ്സൈര്‍, സ്വിഫ്റ്റ് എന്നിവയാണ് കയറ്റുമതിയിലെ പ്രിയ മാരുതി മോഡലുകള്‍.

Author

Related Articles