News

വണ്ടി മാത്രമല്ല ആസ്ഥാനമന്ദിരം തന്നെ വില്‍ക്കാന്‍ ഒരുങ്ങി ബ്രിട്ടീഷ് വാഹനനിര്‍മ്മാതാക്കള്‍; കൊറോണയില്‍ വലഞ്ഞ് മക്ലാരന്‍

കൊവിഡ് 19 വൈറസ് വ്യാപനവും ലോക്ക്ഡൗണുകളും ലോകത്തിന്റെ വിവിധ മേഖലകളെ പ്രതിസന്ധിയിലാക്കിക്കഴിഞ്ഞു. വിപണിയില്‍ പിടിച്ചുനില്‍ക്കാന്‍ പല കമ്പനികളും ഇപ്പോള്‍ വാഹനങ്ങള്‍ക്ക് വമ്പന്‍ ഡിസ്‌കൗണ്ടുകള്‍ പ്രഖ്യാപിച്ചിട്ടുണ്ട്. എന്നാല്‍, സ്വന്തം ആസ്ഥാനമന്ദിരം തന്നെ വില്‍ക്കാന്‍ വച്ചിരിക്കുകയാണ് ബ്രിട്ടീഷ് സ്‌പോര്‍ട്‌സ് കാര്‍ ബ്രാന്‍ഡ് മക്ലാരന്‍.

ബ്രിട്ടനിലെ വോക്കിങ്ങിലേ തങ്ങളുടെ ആസ്ഥാന മന്ദിരമാണ് കമ്പനി വില്‍പയ്ക്ക് വച്ചിരിക്കുന്നത്. ലോകത്തിലെ ഏറ്റവും ഭംഗിയേറിയ കാര്‍ കമ്പനി ആസ്ഥാന മന്ദിരങ്ങളില്‍ ഒന്നായ മക്ലാറന്റെ ഹെഡ്ഓഫീസ് 2004-ല്‍ ആണ് പ്രവര്‍ത്തനം ആരംഭിച്ചത്. 120 ഏക്കറിലായി വ്യാപിച്ചുകിടക്കുന്ന ഈ സൈറ്റിനായി 200 മില്ല്യണ്‍ യൂറോ (ഏകദേശം 1,880 കോടി) ആണ് കമ്പനി വിലയിട്ടിരിക്കുന്നത് എന്നാണ് റിപ്പോര്‍ട്ടുകള്‍. മക്ലാരന്‍ ഫോര്‍മുല വണ്‍ ടീമിന്റെ സിഇഒ സാക് ബ്രൌണ്‍ ആണ് ഇക്കാര്യം അറിയിച്ചതെന്ന് റോയിട്ടേഴ്സ് റിപ്പോര്‍ട്ട് ചെയ്യുന്നു. വിറ്റ ശേഷം ഉടമയില്‍ നിന്നും കെട്ടിടം പാട്ടത്തിനെടുക്കാനാണ് കമ്പനിയുടെ നീക്കം എന്നാണ് റിപ്പോര്‍ട്ടുകള്‍.

മെയ് മാസത്തില്‍ വോക്കിങ്ങ് ആസ്ഥാനം മന്ദിരത്തിലെ ഏകദേശം 1200 തൊഴില്‍ കമ്പനി വെട്ടികുറച്ചിരുന്നു. അപ്ലൈഡ്, ഓട്ടോമോട്ടീവ്, റേസിംഗ് ഡിവിഷനുകളില്‍ ജീവനക്കാര്‍ക്കാണ് ജോലി നഷ്ടപ്പെട്ടത്. തങ്ങളുടെ ക്ലാസിക് കാര്‍ ശേഖരം വിറ്റഴിക്കുന്നതിലൂടെ ഏകദേശം 2,585 കോടി സമാഹരിക്കാനും മക്ലാറന്‍ ശ്രമിച്ചിരുന്നു. ഇതുകൂടാതെ നാഷണല്‍ ബാങ്ക് ഓഫ് ബഹ്‌റൈനില്‍ നിന്നും ഏകദേശം 1,410 കോടി രൂപ മക്ലാറന്‍ ലോണും എടുത്തിരുന്നു. കൊവിഡ് പ്രതിസന്ധി ആരംഭിക്കുന്നതിനുമുമ്പ്, ബിസിനസ്സ് വിപുലീകരിക്കുന്നതിനും മുന്‍ ഓഹരി ഉടമ റോണ്‍ ഡെന്നിസിനെ വാങ്ങുന്നതിനും മക്ലാരന്‍ ഗണ്യമായ വായ്പകള്‍ സ്വരൂപിച്ചിരുന്നു.

മക്ലാറന്‍ പ്രൊഡക്ഷന്‍ സെന്റര്‍, മക്ലാറന്‍ ടെക്‌നോളജി സെന്റര്‍, മക്ലാറന്‍ തൊട്ട് ലീഡര്‍ഷിപ് സെന്റര്‍ എന്നിങ്ങനെ മൂന്നോളം സ്ഥാപനങ്ങള്‍ പ്രവര്‍ത്തിക്കുന്ന ഒരു വമ്പന്‍ ആസ്ഥാനമന്ദിരം ആണ് വോക്കിങ്ങിലേത്. ആസ്ഥാന മന്ദിരം വില്‍ക്കുന്നതിലൂടെ ദൈന്യന്തിന പ്രവര്‍ത്തനങ്ങള്‍ക്കാവശ്യമായ പണം കണ്ടെത്താന്‍ സാധിക്കും എന്ന് മക്ലാരന്റെ കണക്കുകൂട്ടല്‍.

കരാര്‍ അനുസരിച്ച് മക്ലാരന്റെ പ്രവര്‍ത്തനം തുടര്‍ന്നും വോക്കിങ് ഹെഡ്ക്വാട്ടേഴ്‌സില്‍ തന്നെ തുടരും. പുതിയ ഉടമയ്ക്ക് ഉടമസ്ഥാവകാശം കൈമാറും എന്ന് മാത്രം. മാത്രമല്ല കുറച്ച് വര്‍ഷത്തേക്ക് പുതിയ ഉടമയില്‍ നിന്നും സ്ഥലം പാട്ടത്തിനെടുത്താവും മക്ലാറന്‍ തുടര്‍ന്നും അതെ സ്ഥലത്ത് പ്രവര്‍ത്തിക്കും എന്നാണ് റിപ്പോര്‍ട്ടുകള്‍.

Author

Related Articles