News

മുംബൈ തിരിച്ചുവരവിന്റെ പാതയില്‍; ഹോട്ടലുകളില്‍ താമസക്കാര്‍ നിറയുന്നു; കേരളം ആശങ്കയില്‍

മുംബൈ: മുംബൈ തിരിച്ചുവരവിന്റെ പാതയില്‍. മുംബൈയിലെ ഹോട്ടലുകളില്‍ ബുക്കിംഗുകള്‍ കൂടി വരുന്നു എന്ന് സൂചന. ജൂണ്‍ മാസത്തില്‍ മുംബൈയിലെ ഹോട്ടല്‍ മുറികളില്‍ 51 മുതല്‍ 53 ശതമാനം വരെ നിറഞ്ഞിരുന്നു എന്നാണ് കണക്കുകള്‍. കൊവിഡ് വ്യാപനം തുടങ്ങിയതിന് ശേഷമുള്ള ഏറ്റവും ഉയര്‍ന്ന കണക്കാണിത്.

ഹോട്ടലുകളില്‍ താമസത്തിന് ആളുകള്‍ എത്തിത്തുടങ്ങുന്നു എന്നത് പ്രതീക്ഷ നല്‍കുന്ന സൂചന തന്നെയാണ്. ഡല്‍ഹിയിലും ഇത് പ്രകടമാണ്. ജൂണില്‍ ഡല്‍ഹിയിലെ ഹോട്ടല്‍ മുറികളില്‍ 39 മുതല്‍ 41 ശതമാനം വരെ നിറഞ്ഞിരുന്നു എന്നാണ് കണക്ക്. മുംബൈയില്‍ തൊട്ടുപിറകില്‍ ആണ് ഡല്‍ഹിയുടെ സ്ഥാനം. എച്ച്വിഎസ് അനറോക്ക് എന്ന റിയല്‍എസ്റ്റേറ്റ് സ്ഥാപനം പുറത്ത് വിട്ട റിപ്പോര്‍ട്ടിലാണ് ഇക്കാര്യങ്ങള്‍ സൂചിപ്പിക്കുന്നത്.

തദ്ദേശീയര്‍ അവധിയാഘോഷിക്കാന്‍ എത്തിത്തുടങ്ങിയതിന്റെ പ്രതിഫലനം ആണ് ഇപ്പോള്‍ പ്രകടമാകുന്നത്. കോര്‍പ്പറേറ്റ് മേഖലയില്‍ നിന്നുള്ളവരുടെ വാരാന്ത്യ യാത്രകള്‍ ഇപ്പോഴും പഴയ രീതിയിലേക്ക് എത്തിയിട്ടില്ല. ഇത് കൂടി പഴയ നിലയിലേക്ക് എത്തിയാല്‍ ഹോട്ടല്‍ വ്യവസായം അല്‍പം കൂടി പച്ചപിടിക്കും എന്നാണ് പ്രതീക്ഷിക്കുന്നത്. ആഭ്യന്തര വിമാന യാത്രകളുടെ കാര്യത്തിലും ഇത് പ്രതിഫലിക്കുന്നുണ്ട്. മെയ് മാസവുമായി താരതമ്യം ചെയ്യുമ്പോള്‍ ആഭ്യന്തര വിമാന സര്‍വ്വീസുകള്‍ 47 ശതമാനം വര്‍ദ്ധിച്ചിട്ടുണ്ട്. മെയ് മാസത്തില്‍ രാജ്യമെമ്പാടും കടുത്ത നിയന്ത്രണങ്ങളായിരുന്നു നില നിന്നിരുന്നത്. ജൂണില്‍ ഈ നിയന്ത്രണങ്ങള്‍ക്ക് ഇളവ് വരികയും ചെയ്തിരുന്നു.

രാജ്യത്തെ പ്രധാന നഗരങ്ങളില്‍ എല്ലാം തന്നെ ഹോട്ടല്‍ ഒക്യുപ്പന്‍സിയില്‍ ജൂണ്‍ മാസത്തില്‍ വലിയ മുന്നേറ്റം ഉണ്ടായിട്ടുണ്ട് എന്നാണ് കണക്കുകള്‍. ചെന്നൈ, ഹൈദരാബാദ്, പൂണെ,ചണ്ഡീഗഢ്, കൊല്‍ക്കത്ത, ബെംഗളൂരു എന്നീ നഗരങ്ങളില്‍ കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് ജൂണ്‍ മാസത്തില്‍ ഹോട്ടല്‍ ഒക്യുപ്പന്‍സി വളരെയധികം കൂടിയിട്ടുണ്ട്. അതേസമയം, പ്രധാന വിനോദ സഞ്ചാര കേന്ദ്രമായ ഗോവയില്‍ ഹോട്ടല്‍ ഒക്യുപ്പന്‍സിയില്‍ വലിയ പുരോഗതി ഉണ്ടായിട്ടില്ല. കടുത്ത കൊവിഡ് നിയന്ത്രണങ്ങള്‍ തന്നെയാണ് ഇതിന് കാരണം. കേരളത്തിലെ സ്ഥിതിയും ആശാവഹമല്ല. ടിപിആര്‍ അടിസ്ഥാനമാക്കി കേരളത്തില്‍ നടപ്പിലാക്കുന്ന പ്രാദേശിക നിയന്ത്രണങ്ങള്‍ ടൂറിസം മേഖലയ്ക്ക് വലിയ തിരിച്ചടിയാണ്.

Author

Related Articles