News

5 വര്‍ഷം കൂടി കാലാവധി നീട്ടി; ടാറ്റ സണ്‍സിന്റെ തലപ്പത്ത് എന്‍ ചന്ദ്രശേഖരന്‍ തുടരും

ചെയര്‍മാന്‍ എന്‍ ചന്ദ്രശേഖരന്റെ കാലാവധി 5 വര്‍ഷം കൂടി നീട്ടി നല്‍കാന്‍ ടാറ്റ സണ്‍സ് ഡയറക്ടര്‍ ബോര്‍ഡ് യോഗം തീരുമാനിച്ചു. യോഗത്തില്‍ പ്രത്യേക ക്ഷണിതാവായെത്തിയ രത്തന്‍ ടാറ്റ, ചന്ദ്രശേഖരന്റെ നേതൃത്വത്തില്‍ ടാറ്റ ഗ്രൂപ്പ് കമ്പനികളുടെ പ്രവര്‍ത്തനത്തില്‍ സംതൃപ്തി രേഖപ്പെടുത്തി. ഏകകണ്ഠമായാണ് ബോര്‍ഡ് യോഗം ഇക്കാര്യത്തില്‍ തീരുമാനമെടുത്തത്.

മുന്‍ഗാമിയായ സൈറസ് മിസ്ത്രിയെ ബോര്‍ഡ് പുറത്താക്കിയതിനെ തുടര്‍ന്ന് പ്രതിസന്ധിയും വിശ്വാസക്കുറവും നേരിട്ട സമയത്താണ് ടാറ്റ ഗ്രൂപ്പിന്റെ തലപ്പത്തേയ്ക്ക് ചന്ദ്രശേഖരന്‍ എത്തുന്നത്. അതുവരെ ടിസിഎസിന് നേതൃത്വം നല്‍കുകയായിരുന്നു അദ്ദേഹം. താമസിയാതെ ടാറ്റ സണ്‍സിന്റെ വിശ്വസ്തനായി അദ്ദേഹം മാറി.

സൈറസ് മിസ്ത്രിക്കെതിരെ സുപ്രീം കോടതിയില്‍ നേടിയ വിജയം ചന്ദ്രശേഖരന്റെ നേട്ടങ്ങളിലൊന്നാണ്. നിക്ഷേപകരില്‍ നിന്നും ബിസിനസ് പങ്കാളികളില്‍ നിന്നും വിശ്വാസം വീണ്ടെടുക്കാനും അദ്ദേഹത്തിനായി. എയര്‍ ഇന്ത്യയെ ടാറ്റയുടെ ഭാഗമാക്കാന്‍ കഴിഞ്ഞതും നേട്ടമായി ബിസിനസ് ലോകം വിലയിരുത്തി.

ടാറ്റ സ്റ്റീല്‍ ഉള്‍പ്പടെയുള്ള കമ്പനികളെ കടബാധ്യതയില്‍ നിന്ന് മോചിപ്പിക്കുകയെന്ന ദൗത്യം കൂടി അദ്ദേഹത്തിനുണ്ടായിരുന്നു. കടബാധ്യതയില്‍ നിന്ന് മോചിപ്പിക്കാനായില്ലെങ്കിലും കമ്മോഡിറ്റികളുടെ വില വര്‍ധനയും ചൈനീസ് ആധിപത്യത്തില്‍ നിന്നുള്ള ഉരുക്ക് വ്യവസായത്തിന്റെ ഘടനാപരമായ മാറ്റവും ടാറ്റ സ്റ്റീലിന് നേട്ടമായി.

ചന്ദ്രശേഖരന്റെ നേതൃത്വത്തില്‍ ടാറ്റ മോട്ടോഴ്സിന്റെ വളര്‍ച്ച സ്ഥിരതയാര്‍ജിച്ചു. ചിപ്പ് ക്ഷാമം പരിഹരിക്കാന്‍ സ്വയംപര്യാപ്തത നേടുകയെന്ന ലക്ഷ്യവും അദ്ദേഹത്തിന്റെ സ്വീകാര്യത വര്‍ധിപ്പിച്ചു. സൂപ്പര്‍ ആപ്പ് സൃഷ്ടിക്കാനുള്ള ഒരുക്കം ടാറ്റയില്‍ തകൃതിയായി നടക്കുന്നുണ്ട്. അതിന്റെ ഭാഗമായാണ് ബിഗ് ബാസ്‌ക്കറ്റ്, 1എംജി ഉള്‍പ്പെടുയളള ഏറ്റെടുക്കലുകള്‍. ടെക്നോളജി മേഖലയില്‍ ചന്ദ്രശേഖരനുള്ള വൈദഗ്ധ്യം നേട്ടമാക്കാനാകുമെന്നാണ് ടാറ്റ സണ്‍സിന്റെ കണക്കുകൂട്ടല്‍.

Author

Related Articles