News

ഇഡിയ്ക്ക് സഹായവുമായി നീരവ് മോദിയുടെ സഹോദരി; 17.25 കോടി രൂപ സര്‍ക്കാരിലേക്കെത്തി

മുംബൈ: വായ്പാ തട്ടിപ്പ് കേസില്‍ രാജ്യം വിട്ട നീരവ് മോദിക്കെതിരെയ കള്ളപ്പണ കേസില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന് സഹായവുമായി സഹോദരി. നീരവ് മോദിയുടെ സഹോദരി പൂര്‍വി മോദിയാണ് ഇഡിക്ക് 17.25 കോടി രൂപ കണ്ടെത്താന്‍ സഹായം നല്‍കിയത്. പൂര്‍വിക്ക് അവരുടെ പേരില്‍ യുകെയില്‍ 2,316,889 ഡോളറിന്റെ നിക്ഷേപം ഉണ്ടായിരുന്നു. ഈ തുകയാണ് അവര്‍ കേന്ദ്രസര്‍ക്കാരിന്റെ അക്കൗണ്ടിലേക്ക് മാറ്റിയത്. നേരത്തെ നീരവ് മോദിക്കും മറ്റ് പ്രതികള്‍ക്കുമൊപ്പം പൂര്‍വിയെയും ഭര്‍ത്താവ് മായങ്ക് മേത്തയെയും ഇഡി പ്രതി ചേര്‍ത്തിരുന്നു.

എന്നാല്‍ സിആര്‍പിസി സെക്ഷന്‍ 306, 307 എന്നിവ പ്രകാരം പൂര്‍വിയും ഭര്‍ത്താവും കോടതിയോട് ക്ഷമാപണം നടത്തി. നീരവ് മോദിക്കെതിരെ അന്വേഷണത്തിന് തന്നാല്‍ കഴിയും വിധം എല്ലാ തരത്തിലും സഹായിക്കുമെന്നും അവര്‍ ഉറപ്പ് നല്‍കിയിരുന്നു. ഇതിന് പിന്നാലെയാണ് 17 കോടിയിലേറെ രൂപയുടെ നിക്ഷേപവും പുറത്തായത്.

തന്റെ പേരില്‍ നീരവ് മോദി യുകെയില്‍ 17.25 കോടി രൂപയുടെ നിക്ഷേപം നടത്തിയിട്ടുണ്ടെന്ന് പൂര്‍വിയാണ് ഇഡി ഉദ്യോഗസ്ഥരെ അറിയിച്ചത്. ആ പണം തന്റേതല്ലെന്നും കേന്ദ്രസര്‍ക്കാരിന് പണം കൈമാറാന്‍ തയ്യാറാണെന്നും പൂര്‍വി വ്യക്തമാക്കി. ബെല്‍ജിയന്‍ പൗരയാണ് പൂര്‍വി. ഐറിഷ് പൗരനാണ് ഇവരുടെ ഭര്‍ത്താവായ മായങ്ക്. പൂര്‍വിയുടെയും, അവരുടെ പേരില്‍ ഉണ്ടാക്കിയ കമ്പനിയുടെയും മറവില്‍ നീരവ് മോദി നിയമവിരുദ്ധമായി ഉണ്ടാക്കിയ പണമാണ് ഇതെന്നാണ് അന്വേഷണ സംഘം കരുതുന്നത്.

അന്വേഷണത്തിനിടെ പൂര്‍വിയുടെ പേരില്‍ 12 ലേറെ ബാങ്ക് അക്കൗണ്ടുകളുണ്ടെന്നും നിരവധി കമ്പനികളിലും ട്രസ്റ്റുകളിലും അവര്‍ക്ക് ഉടമസ്ഥതയുണ്ടെന്നും ഇഡി കണ്ടെത്തിയിരുന്നു. എന്നാല്‍ ഇവയൊന്നും തന്റേതല്ലെന്നും എല്ലാം നീരവ് മോദിയുടേതാണെന്നുമായിരുന്നു പൂര്‍വിയും ഭര്‍ത്താവും കോടതിയില്‍ പറഞ്ഞത്. പഞ്ചാബ് നാഷണല്‍ ബാങ്കില്‍ നിന്ന് 13000 കോടി രൂപയുടെ വായ്പാ തട്ടിപ്പ് നടത്തിയ കേസിലാണ് നീരവ് മോദിക്കും അമ്മാവനായ മെഹുല്‍ ചോക്‌സിക്കുമെതിരെ അന്വേഷണം നടക്കുന്നത്. തട്ടിപ്പിലൂടെ നേടിയ പണം ഇവര്‍ വിദേശത്തേക്ക് കടത്തിയെന്നാണ് സംശയം.

Author

Related Articles