News

പുതിയ വിദ്യാഭ്യാസ നയം: ഒരു ജീവനക്കാരനെ പോലും പിരിച്ചുവിടില്ലെന്ന് ആന്ധ്രപ്രദേശ് മുഖ്യമന്ത്രി

അമരാവതി: പുതിയ വിദ്യാഭ്യാസ നയം (എന്‍ഇപി) നടപ്പാക്കുന്ന പ്രക്രിയയില്‍ സംസ്ഥാനത്തെ സ്‌കൂളുകളില്‍ നിന്നോ അംഗന്‍വാടികളില്‍ നിന്നോ ഒരു ജീവനക്കാരനെ പോലും പിരിച്ചുവിടില്ലെന്ന് ആന്ധ്രപ്രദേശ് മുഖ്യമന്ത്രി വൈ എസ് ജഗന്‍ മോഹന്‍ റെഡ്ഡി ഉറപ്പ് നല്‍കി. ഈ രണ്ട് ഘടകങ്ങളും കണക്കിലെടുത്താണ് വിദ്യാഭ്യാസ സംവിധാനത്തിലെ മാറ്റങ്ങള്‍ നടപ്പാക്കുന്നതെന്നും അംഗന്‍വാടികള്‍ അടച്ചിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. രണ്ട് തരം സ്‌കൂളുകളാണ് പുതിയ നയപ്രകാരം സര്‍ക്കാര്‍ സ്ഥാപിക്കാനൊരുങ്ങുന്നത്. ഇതില്‍ ഒന്ന്, രണ്ട് ക്ലാസുകളിലേക്കുള്ള സ്‌കൂളുകള്‍ വിദ്യാര്‍ത്ഥികളുടെ ഒരു കിലോമീറ്റര്‍ ചുറ്റളവില്‍ത്തന്നെ സ്ഥാപിക്കപ്പെടണം. 3 മുതല്‍ പത്താം ക്ലാസ് വരെയുള്ള മറ്റ് സ്‌കൂളുകള്‍ കുട്ടികള്‍ താമസിക്കുന്നതിന് മൂന്ന് കിലോമീറ്റര്‍ ചുറ്റളവില്‍ ഉണ്ടായിരിക്കണമെന്നും നയം നിര്‍ദേശിക്കുന്നു.   

ഈ നയത്തിന്റെ പ്രധാന ലക്ഷ്യം അധ്യാപക-വിദ്യാര്‍ത്ഥി അനുപാതം യുക്തിസഹമായി നിലനിര്‍ത്തുക എന്നതാണ്. കാരണം നാല് വിദ്യാര്‍ത്ഥികള്‍ക്ക് ഒരു അദ്ധ്യാപകനോ അല്ലെങ്കില്‍ ധാരാളം വിദ്യാര്‍ത്ഥികള്‍ക്ക് ഒരു അദ്ധ്യാപകനോ ഉണ്ടായിരിക്കുന്നത് ഉചിതമല്ല. എല്ലാ വിഷയങ്ങളും പഠിപ്പിക്കുന്ന ഒരൊറ്റ അധ്യാപകന്റെ സമീപനം തെറ്റാണെന്നും അദ്ദേഹം പറഞ്ഞു. എട്ട് വയസ്സിന് താഴെയുള്ള കുട്ടികള്‍ക്ക് മാനസിക വികസനം അനിവാര്യമായതിനാല്‍ ഫൗണ്ടേഷന്‍ കോഴ്‌സുകളില്‍ സന്തുലിതമായ അധ്യാപക-വിദ്യാര്‍ത്ഥി അനുപാതം നിലനിര്‍ത്തേണ്ടത് പ്രധാനമാണെന്നും മുഖ്യമന്ത്രി പറഞ്ഞു. 

ഗുണനിലവാരമുള്ള വിദ്യാഭ്യാസം നല്‍കാനാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. സംസ്ഥാന വിദ്യാഭ്യാസ നയം എന്‍ഇപിയുമായി സമന്വയിപ്പിക്കേണ്ടതുണ്ട്.അതുപോലെ തന്നെ ഇംഗ്ലീഷ് മാധ്യമത്തില്‍ ഗുണനിലവാരമുള്ള വിദ്യാഭ്യാസം നല്‍കാനും സര്‍ക്കാര്‍ ആഗ്രഹിക്കുന്നു. പുതിയ പദ്ധതി അവലോകനം ചെയ്ത റെഡ്ഡി അംഗന്‍വാടി കേന്ദ്രങ്ങളിലെ പദ്ധതിയുടെ പ്രവര്‍ത്തനം രണ്ട് വര്‍ഷത്തിനുള്ളില്‍ മെച്ചപ്പെടുത്താന്‍ കര്‍മപദ്ധതി തയ്യാറാക്കാന്‍ ഉദ്യോഗസ്ഥരോട് നിര്‍ദ്ദേശിച്ചു.

 

Author

Related Articles