News

ഇന്ത്യയിലെ അതിസമ്പന്നരുടെ എണ്ണത്തില്‍ 11 ശതമാനം വളര്‍ച്ച

കഴിഞ്ഞ വര്‍ഷം ലോകത്ത് അതിസമ്പന്നരുടെ എണ്ണം 9.3 ശതമാനം ആണ് വര്‍ധിച്ചത്. 51,000ല്‍ അധികം പേരാണ് തങ്ങളുടെ സമ്പാദ്യം 30 മില്യണ്‍ ഡോളറോ അതില്‍ കൂടുതലോ ആയി ഉയര്‍ത്തിയത്. അതി സമ്പന്നരുടെ വളര്‍ച്ചയില്‍ ഇന്ത്യ ആഗോള വര്‍ധനവിനെ മറികടന്നു. 2021ല്‍ രാജ്യത്തെ അതിസമ്പന്നരുടെ എണ്ണത്തില്‍ 11 ശതമാനത്തിന്റെ വളര്‍ച്ചയാണ് ഉണ്ടായത്.

ഏഷ്യ-പസഫിക് മേഖലയിലെ ഏറ്റവും ഉയര്‍ന്ന നിരക്കാണിത്. രാജ്യത്തെ ആഢംബര ഭവനങ്ങളുടെ വിലയിലും 2008ന് ശേഷമുള്ള ഏറ്റവും ഉയര്‍ന്ന വര്‍ധനവ് രേഖപ്പെടുത്തി. ആഢംബര താമസ മേഖലകളുടെ വിലയില്‍ ആഗോള തലത്തില്‍ ബെംഗളൂരുവും മുംബൈയും യഥാക്രമം 91, 92 സ്ഥാനങ്ങളിലാണ്.

ലണ്ടന്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന നൈറ്റ് ഫ്രാങ്കിന്റെ വെല്‍ത്ത് റിപ്പോര്‍ട്ട് 2022ല്‍ ആണ് ഇതു സംബന്ധിച്ച വിവരങ്ങള്‍ പ്രസിദ്ധീകരിച്ചിരിക്കുന്നത്. ഇക്വിറ്റി മാര്‍ക്കറ്റും ഡിജിറ്റലൈസേഷനുമാണ് ഇന്ത്യയിലെ അതിസമ്പന്നരുടെ എണ്ണം ഉയര്‍ത്തിയ കാരണങ്ങളായി റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നത്.

ഇന്ത്യയിലെ അതിസമ്പന്നരില്‍ 69 ശതമാനത്തിന്റെയും ആസ്ഥികള്‍ ഈ വര്‍ഷം 20 ശതമാനം വര്‍ധിക്കുമെന്നും റിപ്പോര്‍ട്ട് പറയുന്നു. 2021ല്‍ രാജ്യത്തെ അതിസമ്പന്നരായവരില്‍ കൂടുതലും ബെംഗളൂരുവില്‍ (17%) നിന്നാണ്. ഡല്‍ഹിയും (12.4%) മുംബൈയും (9%) ആണ് പിന്നാലെ. എന്നാല്‍ ഏറ്റവും അധികം സമ്പന്നരുള്ള നഗരം മുംബൈ ( 1,596) ആണ്.

ലോകത്തെ ശതകോടീശ്വരന്മാരില്‍ 36 ശതമാനവും ഏഷ്യക്കാരാണ്. ഏറ്റവും അധികം ശതകോടീശ്വരന്മാരുള്ള രാജ്യങ്ങളുടെ പട്ടികയില്‍ ഇന്ത്യ (145 പേര്‍) മൂന്നാമതാണ്. രാജ്യത്തെ 145 ശതകോടീശ്വരന്മാരില്‍ 24 പേരും പട്ടികയില്‍ ഇടം പിടിച്ചത് 2020-21 കാലയളവിലാണ്. ഒന്നാം സ്ഥാനത്തുള്ള യുഎസില്‍ 748ഉം രണ്ടാമതുള്ള ചൈനയില്‍ 554ഉം ശതകോടീശ്വരന്മാരാണ് ഉള്ളത്.

Author

Related Articles