News

ഇന്ത്യയിലെ ഇന്ധനവില എണ്ണ കമ്പനികള്‍ നിര്‍ണയിക്കുമെന്ന് കേന്ദ്ര പെട്രോളിയം മന്ത്രി

ന്യൂഡല്‍ഹി: റഷ്യ-യുക്രൈന്‍ യുദ്ധത്തെ തുടര്‍ന്ന് ആഗോള തലത്തില്‍ അസംസ്‌കൃത എണ്ണവില കുതിച്ചുയരുന്നതിനിടെ, രാജ്യത്ത് ഇന്ധനവില എണ്ണ കമ്പനികള്‍ നിര്‍ണയിക്കുമെന്ന് കേന്ദ്ര പെട്രോളിയം മന്ത്രി ഹര്‍ദീപ് സിങ് പുരി. രാജ്യത്ത് അസംസ്‌കൃത എണ്ണയുടെ ദൗര്‍ലഭ്യം ഇല്ല. ജനങ്ങളുടെ താത്പര്യം മുന്‍നിര്‍ത്തി സര്‍ക്കാര്‍ തീരുമാനം കൈക്കൊള്ളുമെന്നും ഹര്‍ദീപ് സിങ് പുരി അറിയിച്ചു.

രാജ്യത്ത് അസംസ്‌കൃത എണ്ണയുടെ ദൗര്‍ലഭ്യം ഇല്ലെന്ന് ഉറപ്പുനല്‍കുന്നു. രാജ്യത്തിന്റെ എണ്ണ ആവശ്യകത നിറവേറ്റുന്നുണ്ട് എന്ന് ഉറപ്പുവരുത്തും. രാജ്യത്തിന്റെ എണ്ണ ആവശ്യകതയുടെ 85 ശതമാനവും ഇറക്കുമതി ചെയ്യുകയാണെന്നും അദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ടാണ് ഇന്ധനവില കുറച്ചതെന്നും തെരഞ്ഞെടുപ്പ് പൂര്‍ത്തിയായ ഘട്ടത്തില്‍ വീണ്ടും വില വര്‍ധിപ്പിക്കുമെന്ന ആക്ഷേപം മന്ത്രി തള്ളി. കഴിഞ്ഞവര്‍ഷമാണ് പെട്രോളിന്റെയും ഡീസലിന്റെയും എക്സൈസ് നികുതി കുറച്ചത്. പെട്രോള്‍ ലിറ്ററിന് അഞ്ചുരൂപയും ഡീസല്‍ പത്തുരൂപയുമാണ് കുറച്ചത്. ഇത് തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ടാണെന്നാണ് യുവനേതാക്കള്‍ ആരോപിക്കുന്നത്. യുക്രൈന്‍- റഷ്യ യുദ്ധം അടക്കം ആഗോളതലത്തിലുള്ള മാറ്റങ്ങള്‍ ശ്രദ്ധിച്ചാല്‍ എന്തുകൊണ്ട് എണ്ണവില ഉയര്‍ന്നുനില്‍ക്കുന്നു എന്ന് മനസിലാവുമെന്നും അദ്ദേഹം പറഞ്ഞു.

ആഗോളവിലയുടെ അടിസ്ഥാനത്തിലാണ് രാജ്യത്ത് ഇന്ധനവില നിശ്ചയിക്കുന്നത്. ലോകത്തിന്റെ ഒരു ഭാഗത്ത് യുദ്ധ സമാനമായ സാഹചര്യമാണ് നിലനില്‍ക്കുന്നത്. എണ്ണ കമ്പനികള്‍ ഇത് കണക്കിലെടുത്താണ് വില നിര്‍ണയം നടത്തുക. സര്‍ക്കാര്‍ ജനങ്ങളുടെ താത്പര്യം കണക്കിലെടുത്താണ് തീരുമാനം കൈക്കൊള്ളുക എന്നും മന്ത്രി പറഞ്ഞു. കോവിഡ് വ്യാപനം കുറയ്ക്കാന്‍ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചപ്പോള്‍ സാമ്പത്തികരംഗം തടസ്സപ്പെട്ടു. ഇത് ആഗോളവിപണിയില്‍ എണ്ണവില കുറയാന്‍ ഇടയാക്കി. എന്നാല്‍ യുക്രൈനിലെ റഷ്യന്‍ സൈനിക നടപടി അടക്കമുള്ള വിഷയങ്ങള്‍ ഉയര്‍ന്നുവന്നത് എണ്ണവില ഉയരാന്‍ ഇടയാക്കിയെന്നും മന്ത്രി പറഞ്ഞു.

Author

Related Articles