News

ബ്രെന്‍ഡ് ക്രൂഡ് ഓയില്‍ വില മൂന്നാഴ്ചക്കിടെ ആദ്യമായി 100 ഡോളറില്‍ താഴെ

ന്യൂഡല്‍ഹി: യുക്രൈനിലെ റഷ്യന്‍ സൈനിക നടപടിയെ തുടര്‍ന്ന് കുതിച്ചുയര്‍ന്ന അസംസ്‌കൃത എണ്ണവില താഴ്ന്നു. ഇന്ത്യ മുഖ്യമായി ആശ്രയിക്കുന്ന ബ്രെന്‍ഡ് ക്രൂഡിന്റെ വില മൂന്നാഴ്ചക്കിടെ ആദ്യമായി ബാരലിന്  100 ഡോളറില്‍ താഴെ എത്തി. 96 ഡോളറായാണ് താഴ്ന്നത്. നിലവില്‍ 101 ഡോളറിന് മുകളിലാണ് വ്യാപാരം നടക്കുന്നത്.

എണ്ണ സംഭരണം വര്‍ധിച്ചതാണ് വില കുറയാന്‍ കാരണമെന്നാണ് റിപ്പോര്‍ട്ടുകള്‍. കൂടാതെ ചൈനയില്‍ കോവിഡ് കേസുകള്‍ ഉയര്‍ന്നതോടെ, ലോകത്തെ ഏറ്റവും വലിയ എണ്ണ ഇറക്കുമതി രാജ്യങ്ങളില്‍ ഒന്നായ ചൈനയില്‍ എണ്ണയുടെ ആവശ്യകത കുറയുമോ എന്ന ആശങ്കയുമാണ് വിപണിയില്‍ പ്രതിഫലിക്കുന്നത്.

അടുത്തിടെ ബ്രെന്‍ഡ് ക്രൂഡിന്റെ വില 140 ഡോളറിനോട് അടുപ്പിച്ച്  കുതിച്ചുയര്‍ന്നിരുന്നു. യുക്രൈന്‍- റഷ്യ സംഘര്‍ഷത്തില്‍ അയവുവരുമെന്ന റിപ്പോര്‍ട്ടുകളും ബ്രെന്‍ഡ് ക്രൂഡിന്റെ വിലയെ സ്വാധീനിച്ചു. റഷ്യയുമായുള്ള ചര്‍ച്ചയില്‍ യുക്രൈന്‍ പ്രസിഡന്റ് സെലെന്‍സ്‌കി പ്രതീക്ഷ പ്രകടിപ്പിച്ചതാണ് ബ്രെന്‍ഡ് ക്രൂഡിന്റെ വില കുറയാന്‍ ഒരു കാരണമെന്ന് വിദഗ്ധര്‍ പറയുന്നു. ബ്രെന്‍ഡ് ക്രൂഡിന്റെ വില കുറഞ്ഞതോടെ, ഇന്ത്യയില്‍ ഇന്ധനവില കുതിച്ചുയരുമെന്ന ആശങ്കകള്‍ക്ക് താത്കാലിക ആശ്വാസമായതായും റിപ്പോര്‍ട്ടുകളുണ്ട്.

Author

Related Articles