News

ഓണസദ്യയ്ക്കായി മലയാളികള്‍ ആശ്രയിക്കുന്നത് ഹോട്ടലുകളെ; 100 കോടി രൂപയ്ക്കാണ് ഇക്കുറി ഓണസദ്യയെന്ന് കണക്കുകള്‍; വിഭവസമൃദ്ധമായ സദ്യയൊരുക്കി ബ്രാന്‍ഡ് ഇമേജ് കൂട്ടാനും നീക്കം

കേരളത്തിന്റെ ദേശീയോത്സമായ ഓണം ഇപ്പോള്‍ ഹോട്ടല്‍ ശൃംഖലകള്‍ക്കും ചാകരക്കാലമാണ്. വീട്ടില്‍ ഓണസദ്യയൊരുക്കുന്ന പതിവില്‍ നിന്നും മാറി ഹോട്ടലുകളെ ആശ്രയിക്കാന്‍ മലയാളി ശീലച്ചിട്ട് നാളേറെയായി. എന്നാല്‍ ഈ അവസരത്തില്‍ പുറത്ത് വരുന്നത് ഓണസദ്യയിലൂടെ കോടികള്‍ കൊയ്യുന്ന ഹോട്ടല്‍ ശൃംഖലകളുടെ ഞെട്ടിക്കുന്ന കണക്കുകളാണ്. ഇക്കുറി 10 ലക്ഷം ആളുകള്‍ ഓണസദ്യയ്ക്കായി ഹോട്ടലുകളെ ആശ്രയിക്കുമെന്നും ഇതിനായി ആളുകള്‍ 50 കോടി രൂപയെങ്കിലും ഹോട്ടലുകളില്‍ ചെലവഴിക്കുമെന്നും റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു.

ഓണത്തിന് ഏതാനും ദിവസം മുന്‍പ് തന്നെ ഹോട്ടലുകളില്‍ ഓണസദ്യയുടെ ബുക്കിങ് ആരംഭിച്ചിരുന്നു.  കാറ്ററിങ് സ്ഥാപനങ്ങള്‍ക്കും ഓണസദ്യ നല്‍കുന്നത് കോടികളുടെ ബിസിനസാണ്. ഇതു കൂടി ചേര്‍ത്താണ് 100 കോടി രൂപയുടെ വില്‍പ ഓണസദ്യയ്ക്കുണ്ടാകുമെന്ന് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. അണുകുടുംബങ്ങളെ സംബന്ധിച്ച് സദ്യ ഉണ്ടാക്കുക അത്ര എളുപ്പമുള്ള പണിയല്ല. അതാണ് ഹോട്ടലുകളിലെ സദ്യക്ക് സ്വീകാര്യത കൂട്ടുന്നത്. മിക്ക ഹോട്ടലുകളിലും ഓണസദ്യ നേരത്തേ ബുക്ക് ചെയ്യുന്ന രീതിയാണുള്ളത്.

ആളുകളുടെ എണ്ണം നേരത്തേ അറിയുമെന്നതാണ് ഇതിന്റെ മെച്ചം. ഓണത്തിന് സദ്യ ഇല്ലാതെ പോവരുത് എന്ന് നിര്‍ബന്ധമുള്ളതുകൊണ്ട് കൂടുതല്‍ പേരും നേരത്തെ ബുക്ക് ചെയ്യുന്നതായി ഈ രംഗത്തുള്ളവര്‍ പറയുന്നു. ജനങ്ങളുടെ ഇടയില്‍ തങ്ങളുടെ 'ബ്രാന്‍ഡ് ഇമേജ്' കൂട്ടുന്നതിന്റെ മാര്‍ഗമായിട്ടും ഹോട്ടലുകാര്‍ ഓണസദ്യയെ കാണുന്നുണ്ട്.  ഓണസദ്യ ഒരുക്കുന്നത് കൂടുതലും വെജിറ്റേറിയന്‍ ഹോട്ടലുകളാണ്. സാധാരണ റെസ്റ്റോറന്റുകള്‍ക്കു പുറമെ നക്ഷത്ര ഹോട്ടലുകളും ഇപ്പോള്‍ പ്രത്യേക പാക്കേജുകളും സാംസ്‌കാരിക പരിപാടികളുമൊക്കെയായി ഓണസദ്യയൊരുക്കുന്നുണ്ട്.

വീട്ടിലേക്ക് പാഴ്‌സല്‍ വാങ്ങുന്നവരും കുറവല്ലെന്ന് അസോസിയേഷന്‍ ട്രഷററും പയ്യന്നൂരിലെ ഹോട്ടലുടമയുമായ കെ.പി. ബാലകൃഷ്ണ പൊതുവാള്‍ പറയുന്നു. എല്ലാ വിഭാഗക്കാരും ഓണസദ്യക്കായി ഹോട്ടലുകളിലേക്ക് വരുന്നുണ്ടെന്ന് അസോസിയേഷന്‍ വര്‍ക്കിങ് പ്രസിഡന്റും ഗുരുവായൂരിലെ ഹോട്ടലുടമയുമായ ജി.കെ. പ്രകാശ് പറയുന്നു.

Author

Related Articles