News

ആരോഗ്യ മേഖലയിലും ചുവടുറപ്പിക്കാന്‍ പേടിഎം; ഡോക്ടര്‍മാര്‍ക്ക് പ്രത്യേക പേയ്‌മെന്റ് സ്‌പെയ്‌സ് സൃഷ്ടിക്കുമെന്ന് കമ്പനി; കണ്‍സള്‍ട്ടേഷന്‍ ഫീ ഇനി ഡിജിറ്റലായി സ്വീകരിക്കാം

ബെംഗലൂരു: ആരോഗ്യ രംഗത്ത് നാഴിക കല്ല് സൃഷ്ടിക്കാനുള്ള ശ്രമത്തിലാണ് ഡിജിറ്റല്‍ പേയ്‌മെന്റ് കമ്പനിയായ പേടിഎം. 15 ബില്യണ്‍ ഡോളര്‍ മുതല്‍ മുടക്കിലുള്ളതാണ് പദ്ധതി. വിദ്യാഭ്യാസം സംബന്ധിച്ചുള്ള സേവനങ്ങള്‍ക്ക് ഫീസ് പേയ്‌മെന്റ് മുതല്‍ ജോലിയ്ക്ക് അപേക്ഷിക്കുന്നതടക്കമുള്ള കാര്യങ്ങള്‍ക്ക് വേണ്ടി പുത്തന്‍ ചുവടുവെപ്പ് പ്രഖ്യാപിച്ചതിന് പിന്നാലെയാണ് ആരോഗ്യ രംഗത്തേക്കും പേടിഎം കടക്കുന്നത്. ഡോക്ടര്‍മാര്‍ക്ക് കണ്‍സള്‍ട്ടേഷന്‍ ഫീസ് ലഭിക്കുന്നതിനായി മാത്രം പ്രത്യേക പേയ്‌മെന്റ് രീതി ആരംഭിക്കാനാണ് നീക്കം.

മാത്രമല്ല മെഡിക്കല്‍ സപ്ലൈ അടക്കമുള്ള ബള്‍ക്ക് പര്‍ച്ചേസുകള്‍ക്കും ഇത് സഹായകരമാകുമെന്നാണ് കമ്പനി അറിയിപ്പ്.  ഒന്നിലധികം ആശുപത്രികളില്‍ സേവനം ചെയ്യുന്നത് കൊണ്ട് സാധാരണ ഗതിയില്‍ ഡോക്ടര്‍മാര്‍ ഡിജിറ്റല്‍ പേയ്‌മെന്റ് സ്വീകരിക്കാറില്ല. അതിനാല്‍ തന്നെ അത്തരം പേയ്‌മെന്റുകള്‍ സ്വീകരിക്കുന്നതിന് ഏകീകൃത സംവിധാനമില്ലെന്നും ഇത്തരം കാര്യങ്ങള്‍ നടത്തുന്നതിന് തങ്ങളുടെ പദ്ധതി സഹായകരമാകുമെന്നുമാണ് പേടിഎം സ്ഥാപകന്‍ വിജയ് ശേഖര്‍ ശര്‍മ്മ അഭിപ്രായപ്പെടുന്നത്.

എന്നാലിപ്പോള്‍ തങ്ങളുടെ പണം ചെലവഴിക്കുന്ന കാര്യത്തില്‍ ഡിജിറ്റല്‍ സംവിധാനത്തെ ആശ്രയിക്കാന്‍ ഡോക്ടര്‍മാര്‍ നിര്‍ബന്ധിതരാകുകയാണ്. ഡോക്ടര്‍മാര്‍ക്ക് അവരുടെ പേയ്‌മെന്റ് ബള്‍ക്കായി നടപ്പാക്കുന്നതിനും പേടിഎം സംവിധാനമൊരുക്കുന്നുണ്ട്.  മൊബൈല്‍ വാലറ്റ് ആന്‍ഡ് പേയ്‌മെന്റ്‌സ് ആപ്പായ പേടിഎം ഡിജിറ്റല്‍ പണമിടപാടുകള്‍ക്ക് ചാര്‍ജ് ഈടാക്കുന്നു. മെര്‍ച്ചന്റ് ഡിസ്‌കൗണ്ട് റേറ്റ് (എം ഡി ആര്‍) പേടിഎം പാസാക്കിയിരുന്നു. ബാങ്കുകളും കാര്‍ഡ് കമ്പനികളും ഡിജിറ്റല്‍ പണമിടപാടുകള്‍ക്ക് ജൂലൈ ഒന്നുമുതല്‍ ചാര്‍ജ് ഈടാക്കുമെന്ന് ഇക്കണോമിക്‌സ് ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു.

റിപ്പോര്‍ട്ട് അനുസരിച്ച്, ക്രെഡിറ്റ് കാര്‍ഡ് മുഖേന പേയ്‌മെന്റുകള്‍ നടത്തുമ്പോള്‍ തുകയുടെ ഒരു ശതമാനവും ഡെബിറ്റ് കാര്‍ഡ് വഴി പേയ്‌മെന്റ് നടത്തുമ്പോള്‍ 0.9 ശതമാനവും നെറ്റ് ബാങ്കിംഗ്, യൂണിഫൈഡ് പേയ്‌മെന്റ്‌സ് ഇന്റര്‍ഫേസ് എന്നിവ വഴി ഇടപാടുകള്‍ നടത്തുമ്പോള്‍ 12 - 15 വരെയും തുക ഈടാക്കും. ഉപഭോക്താക്കളെ ആകര്‍ഷിക്കുന്നതിനു വേണ്ടി ഇത്രയും കാലം പേടിഎം ഇത്തരത്തിലുള്ള ചാര്‍ജുകള്‍ ഒന്നും ഈടാക്കിയിരുന്നില്ല.

Author

Related Articles