News

ഐപിഒയ്ക്ക് മുന്നേ പ്രധാന നിക്ഷേപകര്‍ പേടിഎമ്മില്‍ നിന്ന് പുറത്തേക്കോ?

മുംബൈ: ജൂലൈ മാസത്തോടെ പ്രഥമ ഓഹരി വില്‍പ്പന(ഐപിഒ)യ്ക്കുള്ള ഡ്രാഫ്റ്റ് റെഗ് ഹെറിംഗ് പ്രോസ്പക്റ്റസ് പേടിഎം സെബിയില്‍ സമര്‍പ്പിക്കും. ഇക്കഴിഞ്ഞ വെള്ളിയാഴ്ച്ചയാണ് പേടിഎം ഐപിഒയ്ക്ക് കമ്പനിയുടെ ബോര്‍ഡ് അംഗീകാരം നല്‍കിയത്. അതേസമയം ഐപിഒയ്ക്ക് മുമ്പ് തന്നെ നിലവിലെ പ്രധാന നിക്ഷേപകരുടെ പുറത്തുപോകലും ഉണ്ടാകുമെന്നാണ് നോയ്ഡ കേന്ദ്രമാക്കിയ കമ്പനിയില്‍ നിന്നും ലഭിക്കുന്ന സൂചന.

പേടിഎമ്മിലെ ഏറ്റവും വലിയ നിക്ഷേപകരായ ചൈനയുടെ ആലിബാബ ഗ്രൂപ്പും ജപ്പാന്റെ സോഫ്റ്റ് ബാങ്കും വെഞ്ച്വര്‍ ക്യാപിറ്റല്‍ സ്ഥാപനമായ ഇലവേഷന്‍ കാപ്പിറ്റലും പേടിഎമ്മില്‍ നിന്ന് പുറത്തുപോകുമെന്നാണ് കരുതുന്നത്. ആലിബാബയുടെ ഓഹരികള്‍ വിറ്റഴിയുന്നതോടെ ചൈനീസ് പിന്തുണയുള്ള കമ്പനിയെന്ന പ്രതിച്ഛായ മാറിക്കിട്ടും പേടിഎമ്മിന്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നോട്ട് അസാധുവാക്കലിന്റെ ഏറ്റവും വലിയ ഗുണഭോക്താക്കളായിരുന്നു പേടിഎം. എന്നാല്‍ ഈ നേട്ടമെല്ലാം കൊയ്യുന്നത് ചൈനയ്ക്ക് പ്രധാന പങ്കാളിത്തമുള്ള കമ്പനിയാണെന്ന ആക്ഷേപം വ്യാപകമായി ഉയര്‍ന്നിരുന്നു. തങ്ങള്‍ ചൈനീസ് കമ്പനിയല്ലെന്ന് പ്രഖ്യാപിക്കേണ്ട അവസ്ഥ വരെ പേടിഎം സ്ഥാപകനായ വിജയ് ശേഖര്‍ ശര്‍മയ്ക്ക് വന്നു.   

പ്രഥമ ഓഹരി വില്‍പ്പന(ഐപിഒ)യിലൂടെ ഏകദേശം 22,000 കോടി രൂപ സമാഹരിക്കാനാണ് പേടിഎം ഉദ്ദേശിക്കുന്നത്. ഇന്ത്യയിലെ ഏറ്റവും വലിയ പ്രഥമ ഓഹരി വില്‍പ്പനയായി ഇത് മാറും. ഈ വര്‍ഷം നവംബറില്‍ ഐപിഒ നടക്കുമെന്നാണ് വിവരം. ഐപിഒയിലൂടെ പേടിഎമ്മിന്റെ മൂല്യം 25 ബില്യണ്‍ ഡോളറിനും 30 ബില്യണ്‍ ഡോളറിനും ഇടയ്ക്കായി ഉയരും എന്നാണ് കമ്പനിയുടെ മാതൃസ്ഥാപനമായ വണ്‍97 കമ്യൂണിക്കേഷന്‍സ് കരുതുന്നത്. പേടിഎം ഐപിഒ വിജയകരമായി നടന്നാല്‍ 2010ല്‍ നടന്ന കോള്‍ ഇന്ത്യയുടെ ഐപിഒ സൃഷ്ടിച്ച റെക്കോഡാണ് തിരുത്തപ്പെടുന്നത്. അന്ന് ഐപിഒയിലൂടെ കോള്‍ ഇന്ത്യ സമാഹരിച്ചത് 15,000 കോടി രൂപയായിരുന്നു. രാജ്യത്തെ ഏറ്റവും വലിയ ഐപിഒ ഇതുവരെ അതാണ്. 22,000 കോടി രൂപ സമാഹരിക്കാന്‍ സാധിച്ചാല്‍ ഇന്ത്യന്‍ വിപണിയുടെ ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ പണം സമാഹരിക്കുന്ന കമ്പനിയായി പേടിഎം മാറും.

ഫോണ്‍പേ, ഗൂഗിള്‍ പേ, ആമസോണ്‍ പേ, ഫോസ്ബുക്ക് ഉടമസ്ഥതയിലുള്ള വാട്‌സാപ്പ് പേ തുടങ്ങിയവരാണ് ഡിജിറ്റല്‍ പേമെന്റ് രംഗത്ത് പേടിഎമ്മിന്റെ പ്രധാന എതിരാളികള്‍. ഇ-കൊമേഴ്‌സിലാകട്ടെ ഫ്‌ളിപ്കാര്‍ട്ട്, ആമസോണ്‍, അജിയോ പോലുള്ള വമ്പ?ാരും. മോര്‍ഗന്‍ സ്റ്റാന്‍ലി, സിറ്റിഗ്രൂപ്പ് ഇന്‍ക്, ജെപി മോര്‍ഗന്‍ ചേസ് തുടങ്ങിയവരാണ് ഐപിഒയില്‍ പേടിഎമ്മിനെ ഉപദേശിക്കുക. പേടിഎം മാള്‍ എന്ന പേരിലുള്ള ഇ-കൊമേഴ്‌സ് ബിസിനസ് ഉള്‍പ്പടെ നിരവധി മറ്റ് മേഖലകളിലും സജീവമാണ് കമ്പനി.

Author

Related Articles