News

കര്‍ഷകരുടെ ഉന്നമനത്തിനായി പുതിയ പദ്ധതി; 18 ലക്ഷം രൂപ നല്‍കാനുള്ള നീക്കവുമായി കേന്ദ്ര സര്‍ക്കാര്‍

രാജ്യത്തെ കര്‍ഷകരുടെ ഉന്നമനത്തിനായി പുതിയ പദ്ധതി അവതരിപ്പിക്കാനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍. കര്‍ഷകരുടെ വരുമാനം വര്‍ധിപ്പിക്കാന്‍ സഹായിക്കുന്ന ഒരു പുതിയ ബില്‍ അവതരിപ്പിക്കാനാണ് കേന്ദ്രത്തിന്റെ നീക്കം. ഈ ബില്‍ പ്രാവര്‍ത്തികമാകാന്‍ സമയമെടുക്കുമെന്നാണു സൂചന. അതിനാല്‍ അടുത്തിടെ പ്രഖ്യാപിച്ച എഫ്പിഒ (ഫാര്‍മേഴ്സ് പ്രൊഡ്യൂസര്‍ ഓര്‍ഗനൈസേഷന്‍) പദ്ധതി വഴി കര്‍ഷകര്‍ക്ക് പ്രതിവര്‍ഷം 18 ലക്ഷം രൂപ നല്‍കാനുള്ള നീക്കമാണ് സജീവമാക്കിയിരിക്കുന്നത്.

കര്‍ഷകള്‍ അംഗങ്ങളായ സംഘടനയാണ് എഫ്പിഒ ഫാര്‍മേഴ്സ് പ്രൊഡ്യൂസേഴ്സ് ഓര്‍ഗനൈസേഷന്‍ ചെറുകിട കര്‍ഷകര്‍ക്ക് വിളവിറക്കുന്നതു മുതല്‍ വിപണി വരെയുള്ള എല്ലാ പിന്തുണയും സേവനങ്ങളും നല്‍കും. കൂടാതെ സാങ്കേതിക സേവനങ്ങള്‍, വിപണനം, സംസ്‌കരണം, കൃഷി വിജ്ഞാനം തുടങ്ങിയ കാര്യങ്ങളും ഉറപ്പുവരുത്തും. 2020 ല്‍, പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന സാമ്പത്തികകാര്യ കാബിനറ്റ് കമ്മിറ്റി, 2019 - 2024 കാലഘട്ടത്തില്‍ 10,000 എഫ്പിഒകള്‍ രൂപീകരിക്കാന്‍ അംഗീകാരം നല്‍കിയിരുന്നു.

രാജ്യത്തെമ്പാടുമുള്ള കര്‍ഷകര്‍ക്ക് പുതിയ കാര്‍ഷിക ബിസിനസ് ആരംഭിക്കുന്നതിനുള്ള സാമ്പത്തിക സഹായമാണ് പദ്ധതി വഴി ലഭിക്കുക. 11 കര്‍ഷകര്‍ കൂടി വേണം ഒരു കമ്പനി ആരംഭിക്കേണ്ടത്. ഉല്‍പാദന സാങ്കേതികവിദ്യ, മൂല്യവര്‍ധന സേവനങ്ങള്‍, വിപണനം എന്നിവ പ്രയോഗിക്കാന്‍ സാമ്പത്തിക ശക്തിയില്ലാത്ത ചെറുകിട- ഇടത്തര കര്‍ഷകരെ സഹായത്തിക്കുന്നതിനായാണ് ഇത്. എഫ്പിഒകളിലൂടെ, കര്‍ഷകര്‍ക്ക് ഗുണനിലവാരമുള്ള അസംസ്‌കൃത വസ്തുക്കള്‍, സാങ്കേതികവിദ്യ, വായ്പ, വരുമാന വര്‍ധനയ്ക്കുള്ള കാര്യങ്ങള്‍, വിപണി എന്നിവ കൈവരിക്കാനാകുമെന്നാണു വിലയിരുത്തല്‍. പദ്ധതി പ്രകാരം, കര്‍ഷകര്‍ക്ക് മൂന്ന് വര്‍ഷം തവണകളായാകും 18 ലക്ഷം രൂപ ലഭിക്കുക. 6885 കോടി രൂപ പദ്ധതിക്കായി സര്‍ക്കാര്‍ ചെലവഴിക്കും.

കര്‍ഷകരുടെ സാമ്പത്തിക ഉന്നമനമാണ് പ്രധാന ലക്ഷ്യം. എല്ലാ വിഭാഗത്തില്‍പ്പെട്ട കര്‍ഷകര്‍ക്കും പദ്ധതി പ്രകാരം സഹായം ലഭിക്കും. വന്‍കിട കുത്തകകളില്‍ നിന്നും ഇടിനിലക്കാരില്‍നിന്നും എഫ്പിഒ കര്‍ഷകരെ രക്ഷിക്കുമെന്നാണു വിലയിരുത്തല്‍. സ്വന്തം വിളകള്‍ക്കു മികച്ച വിപണിയും വരുമാനവും കര്‍ഷകര്‍ക്കു ലഭിക്കും. വിളകളില്‍ നിന്നു കൂടുതല്‍ മൂല്യവര്‍ധിത ഉല്‍പ്പന്നങ്ങള്‍ നിര്‍മിക്കാനും കയറ്റുമതി ചെയ്യാനും സഹായവും പരിജ്ഞാനവും ലഭിക്കും. പദ്ധതികള്‍ വഴി കൂടുതല്‍ ആളുകളെ കാര്‍ഷിക മേഖലയിലേക്ക് ആകര്‍ഷിക്കാനാകുമെന്നാണു സര്‍ക്കാര്‍ വിലയിരുത്തല്‍. ഉയര്‍ന്നുവരുന്ന തൊഴിലില്ലായ്മാ പ്രശ്നത്തിനും ഇതു പരിഹാരമാകും.

ഒക്ടോബര്‍ മുതല്‍ കര്‍ഷകര്‍ക്കും മറ്റും കൂടുതല്‍ തുക വായ്പ നല്‍കാന്‍ കഴിഞ്ഞമാസം ധനമ്രന്തി നിര്‍മലാ സീതാരാമന്‍ നിര്‍ദേശം നല്‍കിയിരുന്നു. ബാങ്ക് തലവന്‍മാരുമായുള്ള ചര്‍ച്ചയിലായിരുന്നു മന്ത്രിയുടെ പ്രതികരണം. മുടങ്ങിപ്പോയ വായ്പാമേളകള്‍ പുനരാരംഭിക്കാനാണു നീക്കം. കോവിഡില്‍ തളര്‍ന്ന മേഖലകളേയും സമ്പദ് വ്യവസ്ഥയേയും ഉണര്‍ത്തിന്നതിനാണിത്. കര്‍ഷകര്‍ക്ക് സര്‍ക്കാര്‍ ജാമ്യത്തില്‍ തന്നെ വായ്പകള്‍ നല്‍കാനും പദ്ധതികളുണ്ട്. നിലവില്‍ നാല് ശതമാനം പലിശയില്‍ കര്‍ഷകര്‍ക്കു മാത്രമാണ് ബാങ്കുകള്‍ സ്വര്‍ണവായ്പ നല്‍കുന്നത്.

Author

Related Articles