News

പ്രധാന്‍മന്ത്രി കിസാന്‍ സമ്മാന്‍ നിധിയിലൂടെ 29 മില്യണ്‍ കര്‍ഷകര്‍ക്ക് സഹായം നല്‍കാന്‍ യുപി സര്‍ക്കാര്‍; കാര്‍ഷിക മേഖലയില്‍ വന്‍ വികസനം നടത്താന്‍ നീക്കം

ഡല്‍ഹി: പ്രധാന്‍ മന്ത്രി കിസാന്‍ സമ്മാന്‍ നിധി കുറഞ്ഞ വേതന പിന്‍തുണ സ്‌കീം പ്രകാരം 29 മില്യണ്‍ കര്‍ഷകര്‍ക്ക് സഹായം നല്‍കാനുള്ള നീക്കത്തിലാണ് ഉത്തര്‍പ്രദേശ് സര്‍ക്കാര്‍. സെപ്റ്റംബര്‍ അവസാനത്തോടെ ഇത് നടപ്പിലാക്കുമെന്നാണ് ഇപ്പോള്‍ വിവരങ്ങള്‍ പുറത്ത് വരുന്നത്. കര്‍ഷകര്‍ക്ക്  പ്രതിവര്‍ഷം 6000 രൂപ ധനസഹായം നല്‍കുന്ന സ്‌കീം വഴി 23.22 മില്യണ്‍ കര്‍ഷകര്‍ക്ക് സര്‍ക്കാന്‍ താങ്ങായി നിന്നിരുന്നു. പിഎം കിസാന്‍ സമ്മാന്‍ നിധി സ്‌കീം പ്രകാരം യുപി സര്‍ക്കാര്‍ 23.18 മില്യണ്‍ കര്‍ഷകരുടെ വിവരങ്ങള്‍ അതാത് ജില്ലാ അതോറിറ്റികളുടെ സഹായത്തോടെ ഓണ്‍ലൈന്‍ പോര്‍ട്ടലില്‍ സേവ് ചെയ്‌തെന്നും ജില്ലാ മജിസ്‌ട്രേറ്റുമാര്‍ക്ക് അയച്ച കത്തില്‍ യുപി സര്‍ക്കാര്‍ വ്യക്തമാക്കി. 

ചെറുകിട നാമമാത്ര കര്‍ഷകര്‍ക്കായി നിലവില്‍ വന്ന കേന്ദ്രാവിഷ്‌കൃത പദ്ധതിയാണ് പ്രധാനമന്ത്രി കിസാന്‍ സമ്മാന്‍ നിധി. സംസ്ഥാന സര്‍ക്കാരിന്റെ ലാന്‍ഡ് റെക്കോര്‍ഡ് പ്രകാരമാണ് സ്ഥല പരിധി കണക്കാക്കുന്നത്. രണ്ട് ഹെക്ടറില്‍ കവിയാത്ത കൃഷിഭൂമിയുളള കുടുംബത്തിന് ആനുകൂല്യം ലഭിക്കും. പദ്ധതിയിലേക്ക് നിശ്ചിത സമയപരിധിക്കുളളില്‍ അപേക്ഷിക്കുന്നവര്‍ക്ക് അഞ്ച് ദിവസത്തിനകം തുക ബാങ്ക് അക്കൗണ്ടിലെത്തും. എന്നാല്‍, സ്വന്തമായ സ്ഥാപനത്തോടനുബന്ധിച്ചുളള വസ്തു ഉടമകള്‍ക്ക് ആനൂകൂല്യം ലഭിക്കില്ല.

മന്ത്രിമാര്‍, എംഎല്‍എമാര്‍, ജില്ലാ പഞ്ചായത്ത് അദ്ധ്യക്ഷന്മാര്‍, മേയര്‍മാര്‍, എംപിമാര്‍, ഭരണഘടന സ്ഥാപനങ്ങളില്‍ നിലവിലുളളതും മുന്‍പ് പ്രവര്‍ത്തിച്ചിരുന്നവരുമായ ഉദ്യോഗസ്ഥര്‍ എന്നിവര്‍ക്കും പദ്ധതിയിലേക്ക് അപേക്ഷിക്കാനാകില്ല. കേന്ദ്ര- സംസ്ഥാന സര്‍ക്കാരില്‍ സര്‍വീസിലുളളവരിലും വിരമിച്ചവരുമായ ഉദ്യോഗസ്ഥര്‍ (ക്ലാസ് നാല് ഗ്രൂപ്പ് ഡി ഒഴികെ) തുടങ്ങിയവരും പദ്ധതിയിലേക്ക് അപേക്ഷിക്കാന്‍ യോഗ്യരല്ല.

കേന്ദ്ര- സംസ്ഥാന- സ്വയം ഭരണ സര്‍വീസില്‍ നിന്ന് വിരമിച്ച് പ്രതിമാസം 10,000 രൂപയോ അതില്‍ കൂടുതലോ പെന്‍ഷന്‍ ലഭിക്കുന്നവരും പ്രഫഷനല്‍ തൊഴിലുകളില്‍ ഏര്‍പ്പെട്ടിരിക്കുന്നു (രജിസ്റ്റര്‍ ചെയ്ത്) ഡോക്ടര്‍മാര്‍, എഞ്ചിനീയര്‍മാര്‍, അഭിഭാഷകര്‍, അക്കൗണ്ടന്റ് തുടങ്ങിയവര്‍ക്കും അവസാന അസസ്‌മെന്റ് വര്‍ഷം ആദായ നികുതി അടച്ചവര്‍ക്കും പദ്ധതിയിലേക്ക് അപേക്ഷിക്കാനാകില്ല.

Author

Related Articles