News

ഇന്ത്യ സാമ്പത്തിക വളര്‍ച്ച തിരികെ പിടിക്കുമെന്ന് പ്രധാനമന്ത്രി; ആത്മ നിര്‍ഭര്‍ ഭാരത് ഇന്ത്യയെ സ്വയംപര്യാപ്തമാക്കും

ന്യൂഡല്‍ഹി: വിവിധ പരിഷ്‌കാരങ്ങള്‍ സര്‍ക്കാര്‍ നടപ്പിലാക്കുന്നതിനാല്‍ ഇന്ത്യ തീര്‍ച്ചയായും സാമ്പത്തിക വളര്‍ച്ച തിരികെ പിടിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. കൊറോണ വൈറസ് മഹാമാരിയ്‌ക്കെതിരെ പോരാടുന്നതിന് സര്‍ക്കാര്‍ കടുത്ത നടപടികള്‍ സ്വീകരിച്ചിട്ടുണ്ടെന്നും സമ്പദ്വ്യവസ്ഥ വളര്‍ച്ച കൈവരിക്കുമെന്നും വ്യവസായ അസോസിയേഷന്‍ സിഐഐയുടെ വാര്‍ഷിക സെഷനില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. 'ആത്മ നിര്‍ഭാര്‍ ഭാരത്' (സ്വാശ്രയ ഇന്ത്യ) എന്ന കാഴ്ചപ്പാടില്‍ ഇന്ത്യയില്‍ നിര്‍മ്മിച്ച ഉല്‍പ്പന്നങ്ങള്‍ക്ക് പ്രാധാന്യം നല്‍കും. ഇത് ഇറക്കുമതി കുറയ്ക്കാന്‍ സഹായിക്കുമെന്നും പ്രധാനമന്ത്രി പറഞ്ഞു.

ഒരു വശത്ത് നമ്മുടെ ജനങ്ങളുടെ സുരക്ഷിതമായ ജീവിതവും മറുവശത്ത് സമ്പദ്വ്യവസ്ഥയെ സുസ്ഥിരമാക്കുകയും ത്വരിതപ്പെടുത്തുകയും വേണമെന്നും അദ്ദേഹം പറഞ്ഞു. എന്നാല്‍ തീര്‍ച്ചയായും രാജ്യം വളര്‍ച്ച തിരികെ പിടിക്കുമെന്നും അദ്ദേഹം ഉറപ്പിച്ചു പറഞ്ഞു. സാമ്പത്തിക വളര്‍ച്ച തിരികെ പിടിക്കുന്നതിന് കര്‍ഷകരില്‍ നിന്നും ചെറുകിട വ്യവസായങ്ങളില്‍ നിന്നും സംരംഭകരില്‍ നിന്നും ആത്മവിശ്വാസം ലഭിക്കുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞു.

കൊറോണ രാജ്യത്തിന്റെ വളര്‍ച്ചയുടെ വേഗത കുറച്ചേക്കാം. എന്നാല്‍ ലോക്ക്‌ഡൌണില്‍ നിന്ന് ഇന്ത്യ ഇപ്പോള്‍ അണ്‍ലോക്കിന്റെ ആദ്യ ഘട്ടം വരെയെത്തി. അണ്‍ലോക്ക് ഫേസ് -1ലൂടെ സമ്പദ്വ്യവസ്ഥയുടെ വലിയൊരു ഭാഗം തന്നെ വീണ്ടും തുറന്നുവെന്നും അദ്ദേഹം പറഞ്ഞു. ഉയര്‍ന്ന വളര്‍ച്ചാ പാതയിലേക്ക് തിരിച്ചുവരാന്‍ ഇന്ത്യയ്ക്ക് ലക്ഷ്യം, ഉള്‍പ്പെടുത്തല്‍, നിക്ഷേപം, അടിസ്ഥാന സൌകര്യങ്ങള്‍, നവീകരണം എന്നിവ നിര്‍ണായകമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

സര്‍ക്കാരിനെ സംബന്ധിച്ചിടത്തോളം പരിഷ്‌കാരങ്ങള്‍ ക്രമരഹിതമോ ചിതറിക്കിടക്കുന്നതോ ആയ തീരുമാനങ്ങളല്ല. സര്‍ക്കാരിനെ സംബന്ധിച്ചിടത്തോളം പരിഷ്‌കാരങ്ങള്‍ വ്യവസ്ഥാപിതവും ആസൂത്രിതവും സംയോജിതവും പരസ്പര ബന്ധിതവും ദീര്‍ഘവീക്ഷണമുള്ളതുമായ പ്രക്രിയയാണെന്നും അദ്ദേഹം പറഞ്ഞു. പരിഷ്‌കാരങ്ങള്‍ എന്നതു കൊണ്ട് അര്‍ത്ഥമാക്കുന്നത് തീരുമാനങ്ങളെടുക്കാനുള്ള ധൈര്യവും യുക്തിസഹമായ നിഗമനത്തിലെത്താനുള്ള കഴിവുമാണെന്നും നരേന്ദ്രമോദി പറഞ്ഞു.

Author

Related Articles