News

അടല്‍ പെന്‍ഷന്‍ യോജന: മുടങ്ങിപ്പോയ വിഹിതം സെപ്റ്റംബര്‍ 30നകം പിഴയില്ലാതെ അടയ്ക്കാം

സെപ്റ്റംബര്‍ 30നകം അടല്‍ പെന്‍ഷന്‍ യോജനയിലെ മുടങ്ങിപ്പോയ വിഹിതം പൂര്‍ണ്ണമായി അടച്ചില്ലെങ്കില്‍ പിഴ നല്‍കേണ്ടി വരും. കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ രാജ്യവ്യാപകമായി ലോക്ഡൗണ്‍ പ്രഖ്യാച്ചതിനെ തുടര്‍ന്ന് പെന്‍ഷന്‍ ഫണ്ട് റെഗുലേറ്ററി ഡെവലപ്മെന്റ് അതോറിറ്റി ( പിഎഫ്ആര്‍ഡിഎ) അടല്‍പെന്‍ഷന്‍ യോജന വിഹിതം അടയ്ക്കുന്നതിന് ജൂണ്‍ 30 വരെ സാവകാശം നല്‍കുകയും ഓട്ടോഡെബിറ്റ് താത്കാലത്തേക്ക് നിര്‍ത്തിവെയ്ക്കാന്‍ ബാങ്കുകള്‍ക്ക് നിര്‍ദ്ദേശം നല്‍കുകയും ചെയ്തിരുന്നു.

ജൂലൈ 1 മുതല്‍ ഓട്ടോ- ഡെബിറ്റ് സൗകര്യം പുനസ്ഥാപിച്ചെങ്കിലും അക്കൗണ്ട് പുനക്രമീകരിക്കുന്നതിനും മുടങ്ങിപ്പോയ വിഹിതം അടയ്ക്കുന്നതിനും വരിക്കാര്‍ക്ക് സെപ്റ്റംബര്‍ 30 വരെ സമയം നീട്ടി നല്‍കിയിട്ടുണ്ട്. സെപ്റ്റംബര്‍ 30ന് അകം മുടങ്ങിയ വിഹിതം അടയ്ക്കാനും അക്കൗണ്ട് ക്രമീകരിക്കാനും കഴിയാത്തവര്‍ പിഴ നല്‍കേണ്ടി വരും.

ഓട്ടോ-ഡെബിറ്റ് സൗകര്യം ഏപ്രില്‍ പകുതിയോടെയാണ് നിര്‍ത്തിവെച്ചത്. അതിനാല്‍ അര്‍ധവാര്‍ഷികമായി അല്ലെങ്കില്‍ ത്രൈമാസത്തില്‍ വിഹിതം നല്‍കുന്നവരെ സംബന്ധിച്ച് അക്കൗണ്ട് ക്രമീകരിക്കേണ്ട ആവശ്യം ഉണ്ടാകില്ല. ഇവരുടെ വിഹിതം മുടങ്ങാന്‍ സാധ്യത കുറവാണ്. അതേസമയം മാസം തോറും അക്കൗണ്ടിലേക്ക് വിഹിതം അടയ്ക്കുന്നവരുടെ കാര്യത്തില്‍ തവണ മുടങ്ങിയിട്ടുണ്ടാവും. അതിനാല്‍ പിഴ ഒഴിവാക്കുന്നതിന് എത്ര തവണകള്‍ മുടങ്ങിയിട്ടുണ്ടെന്ന് പരിശോധിച്ച് സെപ്റ്റംബര്‍ 30ന് മുമ്പായി വിഹിതം നല്‍കുകയും അക്കൗണ്ട് ക്രമീകരിക്കുകയും വേണം.

അക്കൗണ്ട് സ്റ്റേറ്റ്മെന്റ് പരിശോധിച്ചാല്‍ തവണകള്‍ മുടങ്ങിയതിന്റെ വിശദാംശങ്ങള്‍ അറിയാന്‍ കഴിയും. ജൂലൈ 1 ന് ശേഷം ഓട്ടോ-ഡെബിറ്റ് വഴി മുടങ്ങിയ വിഹിതം സ്വീകരിച്ചിട്ടില്ലെങ്കില്‍ ബാങ്കുകളെ സമീപിച്ച് വിഹിതം അടയ്ക്കാനും അക്കൗണ്ട് പുനക്രമീകരിക്കാനുമുള്ള നടപടികള്‍ സ്വീകരിക്കണം.

Author

Related Articles