News

ജിയോയില്‍ നിക്ഷേപം തുടരുന്നു; 730 കോടി രൂപ നിക്ഷേപവുമായി ക്വാല്‍കോം

ജിയോയിലേക്കുള്ള വിദേശ നിക്ഷേപ പ്രവാഹം തുടരുന്നു. പ്രമുഖ ചിപ്പ് നിര്‍മാതാക്കളായ ക്വാല്‍കോം ഇന്‍കോര്‍പറേറ്റിന്റെ നിക്ഷേപ സ്ഥാപനമായ ക്വാല്‍കോം വെഞ്ചേഴ്സ് ജിയോയില്‍ 730 കോടി രൂപ നിക്ഷേപിക്കും. ജിയോയുടെ 0.15 ശതമാനം ഓഹരികളാണ് ഇതിലൂടെ സ്ഥാപനം സ്വന്തമാക്കുക. മൂന്നു മാസത്തിനിടെ ജിയോയില്‍ പണമിറക്കുന്ന 12ാ മത്തെ സ്ഥാപനമാണ് ക്വാല്‍കോം.

ഈ കരാറോടെ ജിയോ പ്ലാറ്റ്ഫോമുകളുടെ ഇക്വിറ്റി മൂല്യം 4.91 ലക്ഷം കോടി രൂപയായും എന്റര്‍പ്രൈസ് മൂല്യം 5.16 ലക്ഷം കോടി രൂപയായും ഉയരുമെന്ന് റിലയന്‍സ് പ്രസ്താവനയില്‍ പറയുന്നു. രാജ്യവ്യാപകമായി ഡിജിറ്റല്‍ കണക്ടിവിറ്റി എത്തിക്കുന്നതിനും 5 ജി സാങ്കേതിക വിദ്യ പ്രാവര്‍ത്തികമാക്കുന്നതിനും വയര്‍ലെസ് ടെക്നോളജി രംഗത്തെ പ്രമുഖ സ്ഥാപനമായ ക്വാല്‍കോമിന്റെ സഹകരണത്തിലൂടെ ഇനി എളുപ്പമാകുമെന്ന് റിലയന്‍സ് ഇന്‍ഡസ്ട്രീസ് ചെയര്‍മാനും മാനേജിംഗ് ഡയറക്റ്ററുമായ മുകേഷ് അംബാനി പ്രസ്താവനയില്‍ പറഞ്ഞു.

ക്വാല്‍കോമിന്റെ നിക്ഷേപത്തോടെ ജിയോ ആകെ 1.18 ലക്ഷം കോടി രൂപ സ്വരൂപിച്ചു. ഫേസ് ബുക്കാണ് ജിയോയിലെ നിക്ഷേപങ്ങള്‍ക്ക് തുടക്കമിട്ടത്. 43,573 കോടി രൂപയ്ക്ക് 9.99 ശതമാനം ഓഹരികളാണ് ഫേസ്ബുക്ക് വാങ്ങിയത്. സില്‍വര്‍ ലേക്ക് പാര്‍ട്ണേഴ്സ്, വിസ്ത ഇക്വിറ്റി പാര്‍ട്ണേഴ്സ്, ജനറല്‍ അറ്റ്ലാന്റിക്, കെകെആര്‍, മുബദാല, അഡിയ, ടിപിജി, എല്‍ കാര്‍റ്റേര്‍ട്ടണ്‍, പിഐഎഫ്, ഇന്റല്‍ കാപിറ്റല്‍ തുടങ്ങിയ കമ്പനികളെല്ലാം കൂടി ജിയോയുടെ 25.24 ശതമാനം ഓഹരികളാണ് ഏതാനും മാസങ്ങള്‍ക്കുള്ളില്‍ സ്വന്തമാക്കിയത്.

Author

Related Articles