News

ഭൂമി ആസ്തികള്‍ക്കായി 10,000 കോടിരൂപയുടെ ടെണ്ടറുകള്‍ പുറത്തിറക്കാന്‍ റെയില്‍വേ

ബെംഗളുരു: ഭൂമി ആസ്തികളില്‍ നിന്നുള്ള ധനസമ്പാദന ശ്രമത്തിന്റെ ഭാഗമായി 2020-21 ല്‍ പതിനായിരം കോടിരൂപയുടെ ടെണ്ടറുകള്‍ നല്‍കാന്‍ റെയില്‍ലാന്റ് ഡവലപ്പ്‌മെന്റ് അതോറിറ്റി പദ്ധതിയിടുന്നു. വരും ദിവസങ്ങളില്‍ രാജ്യത്തെ മെഗാസിറ്റികളില്‍ ഉടനീളം തങ്ങളഅ# കൂടുതല്‍ ഭൂമി വില്‍പ്പനയ്ക്ക് എത്തിക്കും. ഇത് റിയല്‍റ്റി ഡവലപ്പര്‍മാര്‍ക്ക് ആര്‍എല്‍ഡിഎയുമായി പങ്കാളിത്തത്തില്‍ എത്താന്‍ അവസരമൊരുക്കുമെന്ന് ആര്‍എല്‍ഡിഎ വൈസ് ചെയര്‍മാന്‍ വേദ് പ്രകാശ് ദുഡെജ പറഞ്ഞു. ചെന്നൈ,ബംഗളുരു,ഹൈദരാബാദ് എന്നിവടങ്ങളില്‍ എല്ലാം പ്രധാനപ്പെട്ട കേന്ദ്രങ്ങളില്‍ അതോറിറ്റിക്ക് ഭൂമി ആസ്തികള്‍ സ്വന്തമാണ്.

മുംബൈയില്‍ ബാന്ദ്ര,മഹാലക്ഷ്മി എന്നിവടങ്ങളിലെ ആസ്തികള്‍,കുര്‍ലയിലെ ലോക്മാന്യതിലക് ടെര്‍മനല്‍സിന് സമീപമുള്ള ആറ് ഹെക്ടര്‍ എന്നി ഉയര്‍ന്ന മൂല്യമുള്ള ആസ്തികള്‍ ഉള്‍പ്പെടെ 74 വാണിജ്യഭൂമികള്‍ ഘട്ടംഘട്ടമായി കൈമാറി ധനസമാഹരണം നടത്താനാണ് പദ്ധതി. ഈ ആഴ്ച  ആദ്യം ദില്ലിയിലെ അശോക് വിഹാറിലുള്ള 10.76 ഹെക്ടര്‍ ഭൂമി ആര്‍എല്‍ഡിഎ 1359 കോടിരൂപയ്ക്ക് ഗോദ്‌റജ് പ്രോപ്പര്‍ട്ടിക്ക് പാട്ടത്തിന് നല്‍കിയിട്ടുണ്ട്. 2.66 മില്യണ്‍ ചതുരശ്രയടി വിസ്തീര്‍ണത്തിലേക്ക് വിപുലീകരിക്കാന്‍ ശേഷിയുള്ള പദ്ധതിയാണിത്.

ഭൂമി ആസ്തികള്‍ വില്‍പ്പനയിലൂടെ ലഭിക്കുന്നത് സ്വകാര്യ പങ്കാളികള്‍ക്ക് കൂടുതല്‍ ആത്മവിശ്വാസം നല്‍കുകയും പ്രധാന നഗരങ്ങളിലുടനീളമുള്ള ആസ്തികളിലൂടെയുള്ള ധനസമ്പാദനം കൂടുതല്‍ സുഗമമാക്കുകയും ചെയ്യുമെന്ന് ദുഡെജ പറഞ്ഞു.രാജ്യത്തൊട്ടാകെയുള്ള 55 റെയില്‍വേ സ്റ്റേഷനുകള്‍ നവീകരിക്കുന്നതിനും റെയില്‍വേ കോളനികളുടെ പുനര്‍വികസനത്തിനും അടുത്ത സാമ്പത്തിക വര്‍ഷത്തില്‍ ടെണ്ടറുകള്‍ ക്ഷണിക്കാന്‍ അതോറിറ്റി പദ്ധതിയിടുന്നുണ്ട്. നടപ്പ് സാമ്പത്തിക വര്‍ഷത്തില്‍ ഇതുവരെ 1600 കോടി രൂപയുടെ ടെണ്ടറുകള്‍ നല്‍കിയിട്ടുണ്ട്. മൊത്തം 1850 കോടിരൂപയുടെ ധനസമാഹരണം സാമ്പത്തിക വര്‍ഷത്തില്‍ മൊത്തമായി നടത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. റെയില്‍വേ മന്ത്രാലയത്തിന് കീഴിലുള്ള നോഡല്‍ അതോറിറ്റിയായ ആര്‍എല്‍ഡിഎ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഏകദേശം 43000 ഹെക്ടര്‍ മിച്ചഭൂമിയാണ് ധനസമ്പാദനത്തിനായി പട്ടികപ്പെടുത്തിയിട്ടുള്ളത്.

റസിഡന്‍ഷ്യല്‍ ടൗണ്‍ഷിപ്പ്, വാണിജ്യ പ്രൊജക്ടുകള്‍,സമ്മിശ്ര ഉപയോഗത്തിനുള്ള പദ്ധതികള്‍ എന്നിവയാണ് ഈ ഭൂമി ആസ്തികളില്‍ വികസിപ്പിക്കാന്‍ തയ്യാറെടുക്കുന്നത്. ട്രെയിനുകള്‍ നടത്തിപ്പില്‍ സ്വകാര്യമേഖലയുടെ പങ്കാളിത്തത്തിനുള്ള നടപടികള്‍ റെയില്‍വേ ആരംഭിച്ചുകഴിഞ്ഞു. ആദ്യഘട്ടത്തില്‍ നൂറ് റൂട്ടുകളിലായി 150 ഓളം ട്രെയ്‌നുകളാണ് സ്വകാര്യ പങ്കാളികള്‍ക്ക് നടത്തിപ്പിനായി കൈമാറുക. 2025 ഓടെ സ്വകാര്യമേഖലയില്‍ ഓടുന്ന ട്രെയിനുകളുടെ എണ്ണം അഞ്ഞൂറ് ആക്കി ഉയര്‍ത്തുന്നതിനാണ് റെയില്‍വേ പദ്ധതിയിടുന്നത്.

Author

Related Articles