News

ആധാറോ മറ്റ് തിരിച്ചറിയല്‍ രേഖയുമായോ പേടിഎം അടക്കമുള്ള മൊബൈല്‍ വാലറ്റുകള്‍ ബന്ധിപ്പിക്കാത്തവര്‍ക്ക് ബുദ്ധിമുട്ടുണ്ടാകുമെന്ന് ആര്‍ബിഐ; കെവൈസി നടപ്പാക്കിയില്ലെങ്കില്‍ വാലറ്റ് ഇടപാട് നിലയ്ക്കും

രാജ്യത്ത് ഇ-വാലറ്റ് ഉപയോഗം വര്‍ധിച്ച് വരുന്ന സാഹചര്യത്തിലാണ് പേടിഎം അടക്കമുള്ള മൊബൈല്‍ വാലറ്റുകള്‍ ആധാറുമായോ മറ്റ് തിരിച്ചറിയല്‍ രേഖയുമായോ ബന്ധിപ്പിക്കണമെന്നും കെവൈസി വ്യവസ്ഥകള്‍ പാലിക്കാത്തവര്‍ക്ക് 2020 ഫെബ്രുവരി മുതല്‍ ഇത്തരം വാലറ്റ് ഇടപാടുകളില്‍ തടസം നേരിടേണ്ടി വരുമെന്നും റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ മുന്നറിയിപ്പ് നല്‍കുന്നത്. ഇതോടെ രാജ്യത്ത് ഏറ്റവുമധികം ഉപയോഗിക്കപ്പെടുന്ന  പേടിഎം, ഗൂഗിള്‍ പേയ്, വോഡഫോണ്‍ എംപെസ, ആമസോണ്‍ പേയ്, എയര്‍ടെല്‍ മണി തുടങ്ങിയ വോലറ്റുകളിലെല്ലാം ചില സൗകര്യങ്ങള്‍ ഉപയോക്താക്കള്‍ക്കു നിഷേധിക്കപ്പെടും.

ഇത്തരത്തില്‍ അന്‍പതിലധികം വാലറ്റുകളാണ് ഇന്ത്യയിലുള്ളത്. ഉപഭോക്താക്കള്‍ക്ക് ഇപ്പോള്‍ വാലറ്റിലുള്ള ബാലന്‍സ് തുക ഉപയോഗിക്കുന്നതിന് ഒരു തരത്തിലുള്ള തടസവും ഇല്ലെന്ന് റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ മുന്‍പേ അറിയിച്ചിരുന്നു.  കെവൈസി ശരിയായില്ലെങ്കില്‍ ചില വോലറ്റുകളില്‍ ബാക്കിയുള്ള പണം ബാങ്ക് അക്കൗണ്ടിലേക്കു മാറ്റാനാകില്ല. ചില വോലറ്റുകളില്‍ പുതുതായി പണം നിക്ഷേപിക്കാനുമാകില്ല. നോ യുവര്‍ കസ്റ്റമര്‍ (ഇടപാടുകാരനെ അറിയുക) ഇവോലറ്റുകള്‍ക്ക് റിസര്‍വ് ബാങ്ക് നല്‍കിയിട്ടുള്ള കര്‍ശന നിര്‍ദേശമാണ്. അക്കൗണ്ട് ഉടമയുടെ കൃത്യമായ തിരിച്ചറിയല്‍ രേഖകള്‍ ഡേറ്റാ ബേസില്‍ വേണമെന്നതാണ് നിയമം.

എന്നാല്‍ ഒരിക്കല്‍ കെവൈസി നല്‍കി എന്നു കരുതി സമാധാനിച്ചിരിക്കാന്‍ കഴിയില്ല. കൃത്യമായ ഇടവേളകളില്‍ ഇതു പുതുക്കേണ്ടി വരുമെന്നാണ് വിദഗ്ധര്‍ പറയുന്നത്. മിക്ക ഇ-വോലറ്റ് കമ്പനികളുടെയും 70 ശതമാനത്തോളം ഉപയോക്താക്കളും ഇതുവരെ പൂര്‍ണമായി കെവൈസി വ്യവസ്ഥകള്‍ പൂര്‍ത്തിയാക്കിയിട്ടില്ല. കെവൈസി മാനദണ്ഡങ്ങള്‍ പാലിക്കാത്തതിനാല്‍ അടുത്തമാസം മുതല്‍ ഇത്തരം ഇ-വോലറ്റുകള്‍ അസാധുവാകുമായിരുന്നു. ഈ സാഹചര്യത്തിലാണ് ആര്‍ബിഐ സമയപരിധി നീട്ടിയത്.

കെവൈസി എന്നാല്‍ : ആധാര്‍ കാര്‍ഡ്, ഡ്രൈവിങ് ലൈസന്‍സ്, തിരഞ്ഞെടുപ്പ് വോട്ടേര്‍സ് ഐഡി, പാസ്‌പോര്‍ട്ട്, തൊഴിലുറപ്പ് പദ്ധതി കാര്‍ഡ് എന്നിവ തിരിച്ചറിയല്‍ രേഖയായി ഉപയോഗിക്കാം. പാസ്‌പോര്‍ട്ട്, ലൈസന്‍സ് തുടങ്ങിയ രേഖകളുടെ കാലാവധി ഇതിനകം കഴിഞ്ഞിട്ടുണ്ടെങ്കില്‍ പുതുക്കിയ കോപ്പി നല്‍കേണ്ടി വരും. നേരത്തേ അക്കൗണ്ടില്‍ നല്‍കിയ വിലാസം മാറിയിട്ടുണ്ടെങ്കില്‍ പുതിയ വിലാസം നല്‍കാം.

Author

Related Articles