News

ശതകോടീശ്വരപട്ടികയില്‍ ഇടം നേടി പോപ്പ് ഗായിക റിഹാന; സമ്പത്ത് 1.7 ബില്ല്യണ്‍ ഡോളര്‍

ശതകോടീശ്വരപട്ടികയില്‍ ഇടം നേടി പോപ്പ് ഗായിക റിഹാന. ഇതോടെ ലോകത്തിലെ ഏറ്റവും ധനികയായ ഗായിക എന്ന നേട്ടവും റിഹാന സ്വന്തമാക്കി. ഫോബ്സ് പ്രസദ്ധീകരിച്ച പട്ടികയിലെ കണക്ക് പ്രകാരം 1.7 ബില്ല്യണ്‍ ഡോളറാണ് അവരുടെ സമ്പത്ത്. എന്നാല്‍ വരുമാനത്തിന്റെ ഭൂരിഭാഗവും സംഗീത ജീവിതത്തില്‍ നിന്നല്ല അവര്‍ സ്വന്തമാക്കിയത്. മറിച്ച് ബിസിനസ്സ് സംരംഭങ്ങളിലെ നേട്ടങ്ങളാണ് റിഹാനയെ ഫോബ്‌സ് പട്ടികയില്‍ മുന്നില്‍ എത്തിച്ചത്. അവരുടെ സൗന്ദര്യവര്‍ദ്ധക ബ്രാന്‍ഡായ ഫെന്റി ബ്യൂട്ടി (ഏകദേശം 1.4 ബില്യണ്‍ ഡോളര്‍), അടിവസ്ത്ര നിര്‍മാണ രംഗത്തെ പ്രമുഖ ബ്രാന്‍ഡായ സാവേജ് എക്‌സ് ഫെന്റി (ഏകദേശം 270 മില്യണ്‍ ഡോളര്‍) എന്നിവ വിപണിയില്‍ കൈവരിച്ച മുന്നേറ്റം അവര്‍ക്ക് മികച്ച സംരംഭകയെന്ന പദവി കൂടി സമ്മാനിക്കുന്നു.   

ഓപ്ര വിന്‍ഫ്രേയ്ക്ക് പിന്നില്‍ രണ്ടാമത്തെ ഏറ്റവും ധനികയായ വനിതാ എന്റര്‍ടെയ്‌നറായും അവര്‍ മാറി. സംഗീതജ്ഞയും നടിയുമായ റിഹാനയുടെ കരിയറില്‍ നിന്നുള്ള വരുമാനത്തെപ്പറ്റി ഇപ്പോഴും കൃത്യമായ വിവരങ്ങള്‍ ലഭ്യമല്ലെന്നാണ് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. തന്റെ വരുമാനത്തെപ്പറ്റി കൂടുതല്‍ പ്രതികരിക്കാന്‍ താല്‍പര്യം ഇല്ലെന്നാണ് അവര്‍ അടുത്ത കാലത്ത് നല്‍കിയ ഒരു അഭിമുഖത്തില്‍ വ്യക്തമാക്കിയത്. ബാര്‍ബഡോസ് വംശജയായ 33 കാരിയായ റിഹാന സോഷ്യല്‍ മീഡിയയില്‍ സജീവമായ വ്യക്തിയാണ്. അവര്‍ക്ക് ഇന്‍സ്റ്റാഗ്രാമില്‍ 101 ദശലക്ഷം ഫോളോവേഴ്‌സും ട്വിറ്ററില്‍ 102.5 ദശലക്ഷം ഫോളോവേഴ്‌സും ഉണ്ട്. ഇത് ഫെന്റി ബ്യൂട്ടിയുടെ വളര്‍ച്ചയ്ക്കും ഏറെ സഹായകരമായിരുന്നു.
 
സൗന്ദര്യ വര്‍ദ്ധക രംഗത്തെ കമ്പനികള്‍ എന്നത്തേയും പോലെ ഇപ്പോഴും വിലമതിക്കുന്നു. എസ്റ്റീ ലോഡര്‍, എല്‍ ഓറിയല്‍ തുടങ്ങിയ വലിയ കമ്പനികളുടെ ഓഹരികള്‍ കുതിച്ചുയര്‍ന്നു. അവ എക്കാലത്തെയും ഉയര്‍ന്ന നിലവാരത്തിലെത്തി, സ്വതന്ത്ര ബ്രാന്‍ഡുകളായ ബ്യൂട്ടികൗണ്ടര്‍, ഷാര്‍ലറ്റ് ടില്‍ബറി എന്നിവ ഈ വര്‍ഷമാദ്യം നിക്ഷേപ സ്ഥാപനങ്ങളുമായി ബില്യണ്‍ ഡോളര്‍ മൂല്യനിര്‍ണ്ണയത്തില്‍ ഇടപാടുകള്‍ നടത്തി.

റിഹാനയ്ക്ക് ഇത് ഒരു സന്തോഷ വാര്‍ത്തയാണ്. സൗന്ദര്യ വര്‍ദ്ധക രംഗത്തെ കമ്പനികളുടെ വ്യാപാര നേട്ടത്തിന് അവര്‍ നന്ദി പറയുന്നു. ഫെന്റി ബ്യൂട്ടിക്ക് 2.8 ബില്യണ്‍ ഡോളര്‍ മൂല്യമുണ്ടെന്ന് ഫോബ്‌സ് കണക്കാക്കുന്നു. എല്ലാ സൂചകങ്ങളും കമ്പനി വളരുന്നതിലേക്ക് വിരല്‍ ചൂണ്ടുന്നു. 2020 ലെ വാര്‍ഷിക റിപ്പോര്‍ട്ടില്‍, ഫെന്റി ബ്യൂട്ടി ഒരു പ്രീമിയര്‍ മേക്കപ്പ് ബ്രാന്‍ഡ് എന്ന നിലയില്‍ അതിന്റെ ആകര്‍ഷണം നിലനിര്‍ത്തിയെന്നും വ്യക്തമാക്കുന്നു.

ഫെബ്രുവരിയില്‍ അടിവസ്ത്ര നിര്‍മാണ രംഗത്തെ പ്രമുഖ ബ്രാന്‍ഡായ സാവേജ് എക്‌സ് ഫെന്റി 115 മില്യണ്‍ ഡോളര്‍ ധന സമാഹരണം നടത്തിയിരുന്നു. കമ്പനിക്ക് ഒരു ബില്യണ്‍ മൂല്യം കണക്കാക്കിയിരുന്ന സമയത്തായിരുന്നു ഈ ധനസമാഹരണ പ്രവര്‍ത്തനം. ടെക്‌സ്‌റ്റൈല്‍ ഫാഷന്‍ ഗ്രൂപ്പുമായി സംയുക്ത സംരംഭം എന്ന നിലയില്‍ 2018 ല്‍ ആരംഭിച്ച കമ്പനിയില്‍, ജയ്-സെഡ്‌സ് മാര്‍സി വെഞ്ച്വര്‍ പാര്‍ട്‌ണേര്‍സ്, സ്വകാര്യ ഇക്വിറ്റി സ്ഥാപനമായ എല്‍ കാറ്റര്‍ട്ടണ്‍ (ഇതില്‍ ബെര്‍ണാഡ് അര്‍നോള്‍ട്ട് ഒരു നിക്ഷേപകനാണ്) തുടങ്ങിയ ബ്ലൂ-ചിപ്പ് നിക്ഷേപകരും ഓഹരി ഉടമകളാണ്. റിഹാനയ്ക്ക് 30 ശതമാനം ഉടമസ്ഥാവകാശം കമ്പനിയിലുളളതായും ഫോബ്‌സ് കണക്കാക്കുന്നു.

സംഗീതത്തിന് പുറത്ത് ഫാഷനിലും ബ്യൂട്ടി സ്‌പേസിലും റിഹാന ഒരു വ്യത്യസ്ത ശൈലി സൃഷ്ടിച്ചതായാണ് ബിസിനസ് വിദഗ്ധര്‍ അവരുടെ നേട്ടത്തെപ്പറ്റി അഭിപ്രായപ്പെടുന്നത്. എന്നാല്‍, സംരംഭക എന്ന രീതിയില്‍ തിരക്കിലാകുന്നത് പുതിയ ആല്‍ബങ്ങള്‍ പുറത്തിറക്കുന്നതിന് റിഹാനയ്ക്ക് തടസ്സം സൃഷ്ടിക്കുന്നതായി ആരാധകര്‍ പരാതിപ്പെടുന്നു. മിക്കവാറും എല്ലാ വര്‍ഷവും ഒരു ആല്‍ബം പുറത്തിറക്കുന്ന അവര്‍, 2016 ലെ ആന്റിക്ക് ശേഷം ഒരു പുതിയ ആല്‍ബം പുറത്തിറക്കിയിട്ടില്ല.

Author

Related Articles