News

അനില്‍ അംബാനി ഗുരുതര പ്രതിസന്ധിയില്‍; 3 ബാങ്ക് അക്കൗണ്ടുകള്‍ വ്യാജമെന്ന് എസ്ബിഐ ഡല്‍ഹി ഹൈക്കോടതിയില്‍

ന്യൂഡല്‍ഹി: അനില്‍ അംബാനിയുടെ ബാങ്ക് അക്കൗണ്ടുകള്‍ വ്യാജമാണെന്ന് ഡല്‍ഹി ഹൈക്കോടതിയില്‍ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ. അനില്‍ അംബാനിയുടെ റിലയന്‍സ് കമ്മ്യൂണിക്കേഷന്‍, റിലയന്‍സ് ടെലികോം, റിലയന്‍സ് ഇന്‍ഫ്രാടെല്‍ എന്നീ ബാങ്ക് അക്കൗണ്ടുകള്‍ വ്യാജമാണ് എന്നാണ് എസ്ബിഐ ദില്ലി ഹൈക്കോടതിയെ അറിയിച്ചിരിക്കുന്നത്. എസ്ബിഐയുടെ നീക്കം അനില്‍ അംബാനിയെ വന്‍ കുരുക്കിലാണ് വീഴ്ത്തിയിരിക്കുന്നത്.

ബാങ്ക് തട്ടിപ്പ് ആരോപിച്ച് അന്വേഷണം ആവശ്യപ്പെട്ട് എസ്ബിഐക്ക് സിബിഐക്ക് മുന്നിലേക്ക് നീങ്ങാവുന്ന സാഹചര്യമാണ് നിലനില്‍ക്കുന്നത് എന്നതാണ് അനില്‍ അംബാനിയെ വെട്ടിലാക്കുന്നത്. അനില്‍ അംബാനിയുടെ കമ്പനികളുടെ അക്കൗണ്ടുകളുടെ തല്‍സ്ഥിതി തുടരാനാണ് എസ്ബിഐയോട് ദില്ലി ഹൈക്കോടതി നിര്‍ദേശിച്ചിരിക്കുന്നത്.

ഒരു നിശ്ചിത കാലയളവോളം പണമിടപാടുകള്‍ നടക്കാതിരിക്കുന്ന അക്കൗണ്ടുകള്‍ ആര്‍ബിഐ ചട്ടം പ്രകാരം നോര്‍ പെര്‍ഫോമിംഗ് അസറ്റായിട്ടാണ് കണക്കാക്കുക. തങ്ങള്‍ നടത്തിയ ഓഡിറ്റിനിടെ ഫണ്ടുകളില്‍ ക്രമക്കേടും ഫണ്ടുകള്‍ വഴി തിരിച്ച് വിടലും അടക്കമുളളവ കണ്ടെത്തിയതോടെയാണ് അനില്‍ അംബാനിയുടെ മൂന്ന് ബാങ്ക് അക്കൗണ്ടുകള്‍ തട്ടിപ്പാണെന്ന് പ്രഖ്യാപിച്ചതെന്നും എസ്ബിഐ ദില്ലി ഹൈക്കോടതിയെ അറിയിച്ചു.

ഒരു അക്കൗണ്ടിനെ ബാങ്ക് വ്യാജമെന്ന് കണ്ടെത്തിയാല്‍ 7 ദിവസത്തിനുളളില്‍ അക്കാര്യം റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയെ അറിയിക്കണം എന്നാണ് ചട്ടം. ക്രമക്കേട് കണ്ടെത്തിയ തുക ഒരു കോടിക്ക് മുകളില്‍ ആണെങ്കില്‍ ആര്‍ബിഐയെ അറിയിച്ച് 30 ദിവസത്തിനുളളില്‍ സിബിഐയെയും അറിയിക്കേണ്ടതുണ്ട്. അനില്‍ അംബാനിയുടെ മൂന്ന് സ്ഥാപനങ്ങളുടെ ബാങ്കിലെ കുടിശിക 49000 കോടിക്ക് മുകളിലാണെന്നാണ് റിപ്പോര്‍ട്ടുകള്‍. അതില്‍ റിലയന്‍സ് ഇന്‍ഫ്രാടെലിന്റെ കടം 12000 കോടിയും റിലയന്‍സ് ടെലികോമിന്റെ കടം 24000 കോടിയുമാണ്.

Author

Related Articles