News

എസ്ബിഐ അറ്റാദായത്തില്‍ നാലിരട്ടി വര്‍ധന; ലാഭം 3,580.81 കോടി രൂപ

രാജ്യത്തെ ഏറ്റവും വലിയ ബാങ്കായ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ അറ്റാദായം 2019-20 മാര്‍ച്ച് പാദത്തില്‍ നാലിരട്ടി വര്‍ധന രേഖപ്പെടുത്തി. 3,580.81 കോടി രൂപയായാണ് ലാഭം ഉയര്‍ന്നത്. കഴിഞ്ഞ വര്‍ഷം ഇതേ പാദത്തില്‍ 838.40 കോടി രൂപയായിരുന്നു അറ്റാദായം.

ബാങ്കിന്റെ മൊത്ത നിഷ്‌ക്രിയ ആസ്തി (എന്‍പിഎ) 2020 മാര്‍ച്ച് 31 ലെ മൊത്തം അഡ്വാന്‍സിന്റെ 6.15 ശതമാനമാണ്. 2019 ലെ ഇതേ കാലയളവില്‍  7.53 ശതമാനമായിരുന്നു. നെറ്റ് എന്‍പിഎ  2020 മാര്‍ച്ച് 31 ന് 2.23 ശതമാനമായും കുറഞ്ഞു. മുന്‍വര്‍ഷം ഇത് 3.01 ശതമാനമായിരുന്നുവെന്നും റെഗുലേറ്ററി ഫയലിംഗില്‍ പറയുന്നു.

മാര്‍ച്ച് പാദത്തില്‍ ബാങ്കിന്റെ വരുമാനം 76,027.51 കോടി രൂപയായി ഉയര്‍ന്നു. 2018-19 ലെ ഇതേ കാലയളവില്‍ 75,670.5 കോടി രൂപയായിരുന്നു.പലിശ വരുമാനം 0.81 ശതമാനം കുറഞ്ഞ് 22,767 കോടി രൂപയായി. മുന്‍വര്‍ഷം ഇതേ കാലയളവില്‍ 22,954 കോടി രൂപയായിരുന്നു പലിശയിനത്തില്‍ വരുമാനമായി ലഭിച്ചത്. പ്രവര്‍ത്തനഫലം പുറത്തുവന്നതിനെതുടര്‍ന്ന് ബാങ്കിന്റെ ഓഹരിവില ആറു ശതമാനം കുതിച്ച് 185 രൂപയായി.

Author

Related Articles