News

പരാജയപ്പെടുന്ന ഓരോ ഇടപാടിനും ചാര്‍ജ് ഈടാക്കാന്‍ എസ്ബിഐ; ഉപഭോക്താക്കള്‍ക്ക് വന്‍ തിരിച്ചടിയോ?

ന്യൂഡല്‍ഹി: സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ തങ്ങളുടെ എടിഎം പണം പിന്‍വലിക്കല്‍ നയത്തില്‍ ഭേദഗതി വരുത്തി. ഉപഭോക്താക്കളുടെ സുരക്ഷയെ കരുതിയാണ് പുതിയ ഭേദഗതി എന്നാണ് പറയുന്നതെങ്കിലും അത് ഉപഭോക്താവിന് കൂടുതല്‍ നഷ്ടം വരുത്തിവെക്കുമോയെന്നാണ് ഇപ്പോള്‍ ഉയരുന്ന ആശങ്ക. അക്കൗണ്ടില്‍ ഉള്ളതിനേക്കാള്‍ കൂടുതല്‍ തുക എടിഎം വഴി പിന്‍വലിക്കാന്‍ ശ്രമിച്ചാല്‍ പണം കിട്ടില്ലെന്ന് മാത്രമല്ല, അക്കൗണ്ടില്‍ ഉള്ളത് കൂടി പോകുമെന്ന നിലയാണ്. ഇത്തരത്തില്‍ പരാജയപ്പെടുന്ന ഓരോ ഇടപാടിനും 20 രൂപയും ഒപ്പം ജിഎസ്ടിയും ഉപഭോക്താവ് നല്‍കേണ്ടി വരും.

പരിധിയില്‍ കൂടുതല്‍ സാമ്പത്തിക ഇടപാട് നടത്തിയാലും ബാങ്കിന് പണം അധികം നല്‍കേണ്ടി വരും. ഇത്തരം ഇടപാടുകള്‍ക്ക് 10 രൂപയും ജിഎസ്ടിയും മുതല്‍ 20 രൂപയും ജിഎസ്ടിയും വരെ നല്‍കേണ്ടി വരും. നിലവില്‍ രാജ്യത്തെ മെട്രോ നഗരങ്ങളില്‍ അഞ്ച് എസ്ബിഐ എടിഎമ്മുകളില്‍ നിന്നും മൂന്ന് എസ്ബിഐ ഇതര എടിഎമ്മുകളില്‍ നിന്നുമായി മാസം എട്ട് തവണ സൗജന്യമായി ഉപഭോക്താക്കള്‍ക്ക് പണം പിന്‍വലിക്കാന്‍ സാധിക്കാറുണ്ട്.

എസ്ബിഐ ഉപഭോക്താക്കള്‍ക്ക് ഒറ്റത്തവണ പാസ്വേഡിന്റെ സഹായത്തോടെ എടിഎമ്മുകളില്‍ നിന്ന് 10000 രൂപയിലേറെ പിന്‍വലിക്കാനാവും. പുതിയ നയം മാറ്റത്തിനൊപ്പം അക്കൗണ്ടില്‍ എത്ര പണം ഉണ്ടെന്ന് ഇന്റര്‍നെറ്റിന്റെ സഹായമില്ലാതെ അറിയാനുള്ള സൗകര്യവും എസ്ബിഐ ഒരുക്കിയിട്ടുണ്ട്. ബാലന്‍സ് എന്ന് രജിസ്റ്റേര്‍ഡ് മൊബൈല്‍ നമ്പറില്‍ നിന്നും 9223766666 എന്ന ടോള്‍ ഫ്രീ നമ്പറിലേക്ക് എസ്എംഎസ് അയക്കുകയോ അല്ലെങ്കില്‍ 9223766666 എന്ന നമ്പറിലേക്ക് വിളിക്കുകയോ ചെയ്യണം.

Author

Related Articles