News

എസ്ബിഐ ഭവന വായ്പ നിരക്ക് ഇനി ആറ് മാസത്തില്‍ റീസെറ്റ് ചെയും

എസ്ബിഐയില്‍ നിന്ന് എംസിഎല്‍ആര്‍ (മാര്‍ജിനല്‍ കോസ്റ്റ് ഓഫ് ഫണ്ട് ബേസ്ഡ് ലെന്‍ഡിംഗ് റേറ്റ്)  നിരക്കില്‍ ഭവന വായ്പയെടുത്തവര്‍ക്ക് ഒരു സന്തോഷ വാര്‍ത്ത. എംസിഎല്‍ആര്‍ മാനദണ്ഡമനുസരിച്ചുള്ള ഭവന വായ്പകളുടെ റീസെറ്റ് കാലം ബാങ്ക് ഒരു വര്‍ഷത്തില്‍ നിന്ന് ആറ് മാസമായി  കുറച്ചു. ഇതോടെ എം സി എല്‍ ആര്‍ നിരക്കിലെ കുറവ് വേഗത്തില്‍ വായ്പകളില്‍ പ്രതിഫലിക്കും. നിലവില്‍ ആര്‍ബിഐ പലിശ കുറച്ചാലും അതിന്റെ ആനുകൂല്യം ലഭിക്കാന്‍ അടുത്ത റീസെറ്റ് പീരിയഡ് വരെ കാത്തിരിക്കണമായാരുന്നു. റീസെറ്റ് പിരീഡ് ഒരു വര്‍ഷത്തില്‍ നിന്ന് ആറ് മാസമാക്കിയതോടെ നിരക്ക് വ്യത്യാസത്തിന്റെ ആനുകൂല്യം വേഗത്തില്‍ വായ്പയെടുത്തര്‍ക്ക് ലഭിക്കും. ഇത് പലിശ കുറയുന്ന കാലഘട്ടമായതിനാല്‍ നേട്ടമാണ്. പക്ഷേ പലിശ കൂടുന്ന അവസരമാണെങ്കില്‍ ഇതു പ്രതികൂലമായി ആകും ബാധിക്കുക.

എംസിഎല്‍ആര്‍ വായ്പകള്‍

ആര്‍ബിഐ പലിശ  വ്യത്യാസപ്പെടുത്തിയാലും വായ്പയെടുത്തവര്‍ക്ക് അതിന്റെ ഗുണം ലഭിക്കുന്നില്ലെന്ന് പരാതിയുണ്ട്. അതുകൊണ്ടാണ് നിരക്കു വ്യത്യാസം  അപ്പപ്പോള്‍ ഇടപാടുകാര്‍ക്ക് കൈമാറാനായി 2019 ഒക്ടോബറില്‍ എം സി എല്‍ ആര്‍ ന് പകരം റിപോ അധിഷ്ഠിത നിരക്ക് ആര്‍ ബി ഐ നടപ്പാക്കിയത്. റിപോ അധിഷ്ടിത നിരക്കിലെടുത്തവര്‍ക്ക് പലിശ നിരക്കിലെ കുറവ് അപ്പപ്പോള്‍ വായ്പകളില്‍ ലഭ്യമാകുന്നുണ്ട്.  

അതേസമയം എം സി എല്‍ ആര്‍  വായ്പകള്‍ക്ക് ഈ ആനുകൂല്യത്തിന് അടുത്ത റീസെറ്റ് പീരിയഡ് വരെ കാത്തിരിക്കണം. ഉദാഹരണത്തിന് നിങ്ങളുടെ ഭവനവായ്പ റീസെറ്റ് ചെയ്യുന്നത് ( വായ്പ അനുവദിച്ച മാസം ) ജൂണിലാണെന്നിരക്കട്ടെ . തൊട്ടടുത്ത  ഓഗസ്റ്റില്‍  ബാങ്ക് എം സി എല്‍ ആര്‍   കുറവ് വരുത്തിയാലും    അത് നിങ്ങള്‍ക്കു കിട്ടണമെങ്കില്‍  അടുത്ത ജൂണ്‍ വരെ കാത്തിരിക്കണ?. എന്നാല്‍ റീസെറ്റ് കാലാവധി ആറുമാസമാക്കിയതോടെ  പലിശ ഇളവ് ഡിസംബര്‍ മുതല്‍ തന്നെ നിങ്ങള്‍ക്ക് ലഭിച്ചു തുടങ്ങും.

മാര്‍ജിനല്‍ ലെന്റിങ് റേറ്റ് മാനദണ്ഡമനുസരിച്ചുള്ള വായ്പകളില്‍ നിരക്ക് ബാങ്ക് കുറച്ചാല്‍ മാത്രമെ അതിന്റെ പ്രയോജനം ലഭിക്കു. കാരണം ആര്‍ബി ഐ റേറ്റ് കട്ട് അടക്കം പുറമേയുള്ള നടപടികള്‍ മാത്രമല്ല അതത് ബാങ്കിന്റെ ആഭ്യന്തര സാഹചര്യം  കുടി പരിഗണിച്ചുള്ളതാണ് എം സി എല്‍ ആര്‍ റേറ്റ്. അതുകൊണ്ട് അടുത്ത റീസെറ്റ് തീയതിയിലേ ഈ ആനുകൂല്യം നിങ്ങളിലേക്ക് ബാങ്ക് കൈമാറൂ.

Author

Related Articles