News

കോവിഡ് വ്യാപനത്തെ തുടര്‍ന്ന് സ്‌കൂളുകള്‍ അടച്ചിട്ടിരിക്കുന്നതിലൂടെ നഷ്ടം 400 ബില്യണ്‍ ഡോളര്‍: ലോക ബാങ്ക്

കോവിഡ് വ്യാപനത്തെ തുടര്‍ന്ന് രാജ്യത്തെ സ്‌കൂളുകള്‍ ദീര്‍ഘനാളായി അടച്ചിട്ടിരിക്കുന്നതിലൂടെ നഷ്ടമാകുന്നത് ഏകദേശം 400 ബില്യണ്‍ ഡോളറാണെന്ന് ലോക ബാങ്ക് റിപ്പോര്‍ട്ട്. ഭാവിയിലെ വരുമാനത്തിലുണ്ടാകുന്ന കുറവും പഠന നഷ്ടവും കണക്കാക്കിയാണ് റിപ്പോര്‍ട്ട് തയാറാക്കിയിരിക്കുന്നത്. ദക്ഷിണേഷ്യയുടെ ആകെ നഷ്ടം ഏകദേശം 622 ബില്യണ്‍ ഡോളര്‍ വരുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ഇനിയും സാഹചര്യം വഷളായാല്‍ ഇത് 880 ബില്യണ്‍ ഡോളറിലെത്തിയേക്കാം.

ദക്ഷിണേഷ്യന്‍ രാജ്യങ്ങളില്‍ ഇന്ത്യയ്ക്കാണ് ഏറ്റവും കൂടുതല്‍ നഷ്ടമുണ്ടാകുകയെങ്കിലും എല്ലാ രാജ്യങ്ങള്‍ക്കും ജിഡിപിയുടെ അടിസ്ഥാനത്തില്‍ സമാനമായ നഷ്ടം ഉണ്ടാകും. ദക്ഷിണേഷ്യ ചരിത്രത്തിലെ ഏറ്റവും വലിയ സാമ്പത്തിക പ്രതിസന്ധിയിലേക്കാണ് പോയിക്കൊണ്ടിരിക്കുന്നതെന്നും ലോക ബാങ്ക് പുറത്തിറക്കിയ റിപ്പോര്‍ട്ടില്‍ പറയുന്നു.

സ്‌കൂള്‍ അടച്ചിടുന്നതിലൂടെ 39.1 കോടി വിദ്യാര്‍ത്ഥികളുടെ പഠനമാണ് മുടങ്ങിയിരിക്കുന്നത്. നേരിട്ടുള്ള ക്ലാസുകളുടെ അഭാവം ഉണ്ടാക്കുന്ന പ്രശ്നങ്ങള്‍ തീര്‍ക്കാനുള്ള ശ്രമങ്ങള്‍ വിഫലമാകുകയാണ് ചെയ്യുക. പഠനം മുടങ്ങിയ കാലയളവില്‍ പുതിയ കാര്യങ്ങള്‍ പഠിച്ചില്ല എന്നു മാത്രമല്ല, പഠിച്ച പല കാര്യങ്ങളും വിദ്യാര്‍ത്ഥികള്‍ മറന്നു പോയിട്ടുണ്ടാകാമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

Author

Related Articles