News

വിജയ് മല്യയെ വിദേശത്ത് നിന്നും ഇന്ത്യയിലെത്തിക്കാനുള്ള രഹസ്യ നടപടികള്‍ പുരോഗമിക്കുന്നതായി കേന്ദ്രം സുപ്രീംകോടതിയോട്

ന്യൂഡല്‍ഹി: കോടികള്‍ വായ്പ്പയെടുത്ത് ബാങ്കുകളെ വെട്ടിച്ച് ഇന്ത്യയില്‍ നിന്നും കടന്ന വിജയ് മല്യയെ വിദേശത്ത് നിന്നും തിരികെ എത്തിക്കാനുള്ള രഹസ്യ നടപടികള്‍ പുരോഗമിക്കുന്നു. കേന്ദ്ര സര്‍ക്കാര്‍ സുപ്രീംകോടതിയില്‍ അറിയിച്ചിതാണ് ഇക്കാര്യം. അതേ സമയം ഈ നടപടികളില്‍ കേന്ദ്ര സര്‍ക്കാര്‍ പങ്കാളി അല്ലെന്നും നടപടികള്‍ എതുവരെ എത്തി എന്നതിനെക്കുറിച്ച് കൃത്യമായി അറിയില്ലെന്നും സര്‍ക്കാര്‍ കോടതിയില്‍ അറിയിച്ചു.

ബ്രിട്ടനിലാണ് വിജയ് മല്യ ഉള്ളത്. എന്നാല്‍ ഏത് തരത്തിലുള്ള നടപടികളാണ് നടക്കുന്നത് എന്നതിനെക്കുറിച്ച് തനിക്ക് അറിയില്ലെന്നാണ് മല്യയുടെ അഭിഭാഷകന്‍ അങ്കുര്‍ സെയ്ഗാള്‍ കോടതിയെ അറിയിച്ചത്. മല്യയെ ഇന്ത്യക്ക് കൈമാറാന്‍ നടക്കുന്ന രഹസ്യ ഇടപാടുകളെക്കുറിച്ച് കോടതിക്ക് അറിയണമെന്ന് ജസ്റ്റിസുമാരായ യു യു ലളിത്, അശോക് ഭൂഷണ്‍ എന്നിവരടങ്ങുന്ന ബെഞ്ച് മല്യയുടെ അഭിഭാഷകനോട് ആവശ്യപ്പെട്ടിരുന്നു.

മല്യയെ കൈമാറുന്നതിനായി അപേക്ഷ നല്‍കിയിരുന്നു. എന്നാല്‍ ഈ അപേക്ഷ തള്ളി, ഇക്കാര്യത്തെക്കുറിച്ച് മാത്രമേ തനിക്ക് അറിയുകയൊള്ളൂവെന്ന് അഭിഭാഷകന്‍ കോടതിയില്‍ അറിയിച്ചു. എന്നാല്‍ മല്യ കോടതിക്ക് മുമ്പാകെ ഹാജരാവുന്നത് സംബന്ധിച്ചും രഹസ്യനടപടികളുടെ വിവരങ്ങളും  നവംബര്‍ രണ്ടിന് കോടതിയെ അറിയിക്കണമെന്ന് കേസ് പരിഗണിച്ച ബഞ്ച് ആവശ്യപ്പെട്ടിട്ടുണ്ട്.

Author

Related Articles