News

ഇപിഎഫ് നിക്ഷേപകര്‍ക്ക് 8.5 ശതമാനം പലിശ; 19 കോടി വരിക്കാര്‍ക്ക് ഗുണം

ഓഹരി വിപണി മികച്ച ഉയരത്തിലെത്തിയത് ഇപിഎഫ് നിക്ഷേപകര്‍ക്ക് ഗുണകരമായി. 2019-20 സാമ്പത്തിക വര്‍ഷത്തെ പലിശയായ 8.5 ശതമാനം ഉടനെ അക്കൗണ്ടില്‍ വരവുവെയ്ക്കും. പ്രതീക്ഷിച്ചതിലേറെ ആദായം ഓഹരി നിക്ഷേപത്തില്‍ നിന്ന് ലഭിച്ചതാണ് ഇപിഎഫ്ഒയ്ക്ക് നേട്ടമായത്. ഓഹരി നിക്ഷേപത്തില്‍ ഒരു ഭാഗം വിറ്റ് ലാഭമെടുത്താകും 8.5 ശതമാനം പലിശ 19 കോടിയോളം വരിക്കാര്‍ക്ക് നല്‍കുക.

ഇപിഎഫ്ഒയുടെ ശുപാര്‍ശ ധനമന്ത്രാലയത്തിന്റെ പരിഗണനയിലാണെന്നും ഒരാഴ്ചക്കകം തീരുമാനമുണ്ടാകുമെന്നും ഇപിഎഫ്ഒയുമായി ബന്ധപ്പെട്ടവൃത്തങ്ങള്‍ സൂചിപ്പിച്ചു. തൊഴില്‍മന്ത്രാലയം തീരുമാനത്തിന് പച്ചക്കൊടി കാണിച്ചിട്ടുണ്ട്.

കോവിഡ് വ്യാപനത്തെതുടര്‍ന്ന് കഴിഞ്ഞ സാമ്പത്തികവര്‍ഷത്തെ ഇപിഎഫ് പലിശ രണ്ട് ഘട്ടമായാണ് അക്കൗണ്ടില്‍ വരവുവെയ്ക്കുകയെന്ന് സെപ്റ്റംബറില്‍ തൊഴില്‍ വകുപ്പ് മന്ത്രി സന്തോഷ് കുമാര്‍ ഗാങ് വാര്‍ അറിയിച്ചിരുന്നു.

ഡെറ്റിലെ നിക്ഷേപത്തില്‍ നിന്നുള്ള 8.15ശതമാനം പലിശ ആദ്യ ഘട്ടമായും ഓഹരി നിക്ഷേപത്തില്‍ നിന്നുള്ള ആദായം കണക്കാക്കി 0.35 ശതമാനം പലിശ രണ്ടാം ഘട്ടമായും നല്‍കാനാണ് പദ്ധതി തയ്യാറാക്കിയത്. മൊത്തം ആസ്തിയുടെ 15 ശതമാനമാണ് ഇപിഎഫ്ഒ ഇടിഎഫ് വഴി ഓഹരി വിപണിയില്‍ നിക്ഷേപിച്ചിട്ടുള്ളത്.

Author

Related Articles