News

വാണിജ്യ വാഹനങ്ങളുടെ വില വര്‍ധിപ്പിച്ച് ടാറ്റ മോട്ടോഴ്‌സ്; ഏപ്രില്‍ 1 മുതല്‍ പ്രാബല്യത്തില്‍

വാണിജ്യ വാഹനങ്ങളുടെ വില വര്‍ധിപ്പിച്ച് ആഭ്യന്തര വാഹന നിര്‍മ്മാതാക്കളായ ടാറ്റ മോട്ടോഴ്‌സ്. മോഡലിനും വേരിയന്റിനുമനുസരിച്ച് 2-2.5 ശതമാനം വരെ വില വര്‍ധനവാണ് ടാറ്റ മോട്ടോഴ്സ് പ്രഖ്യാപിച്ചത്. വില വര്‍ധനവ് ഏപ്രില്‍ ഒന്നുമുതല്‍ പ്രാബല്യത്തില്‍ വരുമെന്ന് ടാറ്റ മോട്ടോഴ്‌സ് റെഗുലേറ്ററി ഫയലിംഗില്‍ പറഞ്ഞു.

സ്റ്റീല്‍, അലുമിനിയം തുടങ്ങിയ ഉല്‍പ്പന്നങ്ങളുടെ വിലയിലുണ്ടായ വര്‍ധനവാണ് വാഹനങ്ങളുടെ വില ഉയര്‍ത്താന്‍ കാരണം. ഇവയ്ക്ക് പുറമെ മറ്റ് അസംസ്‌കൃത വസ്തുക്കളുടെ ഉയര്‍ന്ന വിലയും വാണിജ്യ വാഹനങ്ങളുടെ ഈ വില വര്‍ധനവിന് പ്രേരിപ്പിച്ചതായി ടാറ്റ മോട്ടോഴ്‌സ് റെഗുലേറ്ററി ഫയലിംഗില്‍ പറഞ്ഞു.

ഇന്‍പുട്ട് ചെലവിലെ വര്‍ധനയുടെ ആഘാതം ഭാഗികമായി നികത്തുന്നതിനായി ഏപ്രില്‍ 1 മുതല്‍ മുഴുവന്‍ മോഡല്‍ ശ്രേണിയുടെയും വില 3 ശതമാനം വരെ വര്‍ധിപ്പിക്കുമെന്ന് മെഴ്‌സിഡീസ്-ബെന്‍സ് ഇന്ത്യ കഴിഞ്ഞ ആഴ്ച വ്യക്തമാക്കിയിരുന്നു. ഈ വര്‍ഷം തുടക്കത്തില്‍ വാണിജ്യ വാഹനങ്ങളുടെ വില കമ്പനി നേരത്തെ വര്‍ധിപ്പിച്ചിരുന്നു.

അതേസമയം, അടുത്ത അഞ്ച് വര്‍ഷത്തിനുള്ളില്‍ ഇവി സെഗ്മെന്റില്‍ 15,000 കോടി രൂപ നിക്ഷേപിക്കാന്‍ ടാറ്റ മോട്ടോഴ്സ് പദ്ധതിയിടുന്നതായി കമ്പനിയിലെ ഒരു ഉന്നത ഉദ്യോഗസ്ഥന്‍ പറഞ്ഞു. ഓഫറുകളുമായി പുതുതായി ഉയര്‍ന്നുവരുന്ന നെക്സോണ്‍ പോലുള്ള ഇവി സെഗ്മെന്റില്‍ മുന്‍നിരയിലുള്ള കമ്പനി, പത്തോളം പുതിയ ഓഫറുകള്‍ കൂടി വികസിപ്പിക്കാന്‍ പദ്ധതിയിടുന്നതായി ടാറ്റ മോട്ടോഴ്സിന്റെ പാസഞ്ചര്‍ വെഹിക്കിള്‍സ് ബിസിനസ്സ് പ്രസിഡന്റ് ശൈലേഷ് ചന്ദ്ര പറഞ്ഞു.

Author

Related Articles