News

കോവിഡില്‍ ഇന്‍ഷുറന്‍സ് ക്ലെയിം വര്‍ധിച്ചു; പ്രീമിയം വര്‍ധിപ്പിച്ച് കമ്പനികള്‍

കോവിഡ് വ്യാപനത്തെതുടര്‍ന്ന് ക്ലെയിം വര്‍ധിച്ചതിനാല്‍ ലൈഫ് ഇന്‍ഷുറന്‍സ് പ്രീമിയം കമ്പനികള്‍ കൂട്ടുന്നു. നടപ്പ് സാമ്പത്തികവര്‍ഷം നാലാം പാദത്തില്‍ ടേം ഇന്‍ഷുറന്‍സ് പ്രീമിയത്തില്‍ 4.18ശതമാനമാണ് വര്‍ധനവുണ്ടായത്. ഒരു കോടി രൂപയുടെ പരിരക്ഷയ്ക്ക് ഈടാക്കിയിരുന്ന ശരാശരി വാര്‍ഷിക പ്രീമിയം 29,443 രൂപയില്‍നിന്ന് 30,720 രൂപയായി വര്‍ധിച്ചു. അഞ്ചില്‍ മൂന്ന് ഇന്‍ഷുറന്‍സ് കമ്പനികളും പ്രീമിയം നിരക്കില്‍ വര്‍ധനവരുത്തിയിട്ടുണ്ട്.

വരും മാസങ്ങളില്‍ മറ്റുകമ്പനികളും നിരക്ക് വര്‍ധിപ്പിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. കോവിഡ് വ്യാപനത്തെതുടര്‍ന്ന് മരണനിരക്കിലുണ്ടായ വര്‍ധനയാണ് കമ്പനികളെ പ്രതിസന്ധിയിലാക്കിയത്. അതേസമയം, ഹെല്‍ത്ത് ഇന്‍ഷുറന്‍സ് പ്രീമയത്തില്‍ കമ്പനികള്‍ വര്‍ധനവരുത്തിയിട്ടില്ല. 2021 ഏപ്രില്‍ മുതലുള്ള നിരക്കുതന്നെയാണ് ഇപ്പോഴുമുള്ളത്.

നടപ്പ് സാമ്പത്തികവര്‍ഷം നാലാം പാദത്തിലെ കണക്കുപ്രകാരം 26 വയസ്സുളള ഒരാള്‍ അഞ്ചുലക്ഷം രൂപയുടെ പരിരക്ഷയ്ക്ക് ശരാശരി 8,274 രൂപയമാണ് പ്രീമിയമിനത്തില്‍ ചെലവഴിച്ചത്. മുതിര്‍ന്ന വിഭാഗത്തില്‍ പത്ത് ലക്ഷം രൂപയുടെ പരരക്ഷയ്ക്ക് 10,403 രൂപയുമായിരുന്നു നിരക്ക്. അതേസമയം, കുടുംബമായി ജീവിക്കുന്നവര്‍ക്ക് അനുയോജ്യം ഫ്ളോട്ടര്‍ പ്ലാനുകളാണ്. ഈ നിരക്കിലും വര്‍ധനവുണ്ടായിട്ടില്ല. 36 വയസ്സുള്ള രണ്ടുപേര്‍ക്ക് അഞ്ചുലക്ഷം രൂപയുടെ പരിരക്ഷയ്ക്ക് ശരാശരി 13,921 രൂപയും ഒരു കുട്ടിയുമുള്‍പ്പടെയാണെങ്കില്‍ 16,530 രൂപയുമാണ് നിലവിലെ ശരാശരി പ്രീമിയം നിരക്ക്. വ്യത്യസ്ത സവിശേഷതകളുള്ളതിനാല്‍ കമ്പനികള്‍ക്കനുസരിച്ച് ആരോഗ്യ ഇന്‍ഷുറന്‍സിന്റെ പ്രീമിയത്തില്‍ കാര്യമായ വ്യത്യാസമുണ്ട്.

Author

Related Articles