News

സിനിമാ തിയേറ്റര്‍ ഉടമകള്‍ക്ക് ആശ്വാസം: വിനോദ നികുതി ഒഴിവാക്കി, വൈദ്യുതി നിരക്കില്‍ ഇളവ്

സിനിമാ തിയേറ്റര്‍ ഉടമകള്‍ക്ക് വലിയ ആശ്വാസമേകുന്ന തീരുമാനവുമായി കേരള സര്‍ക്കാര്‍. ജനുവരി മുതല്‍ മാര്‍ച്ച് വരെ വിനോദ നികുതി ഒഴിവാക്കാന്‍ തീരുമാനിച്ചു. കൊവിഡ് -19 ആരംഭിച്ചതിനെത്തുടര്‍ന്ന് തിയേറ്ററുകള്‍ അടച്ചിരിക്കേണ്ടിവന്ന പത്തുമാസക്കാലത്തെ നിശ്ചിത വൈദ്യുതി ചാര്‍ജുകളും 50% ആയി കുറച്ചിട്ടുണ്ട്.

തദ്ദേശസ്ഥാപനം, ഇലക്ട്രിക്കല്‍ ഇന്‍സ്‌പെക്ടറേറ്റ്, ഫില്‍സ് ഡിവിഷന്‍, ആരോഗ്യ വകുപ്പ്, അഗ്‌നിശമന സേന എന്നിവയില്‍ നിന്നും തിയേറ്ററുകള്‍ക്കുള്ള വിവിധ ലൈസന്‍സുകളുടെ കാലാവധി മാര്‍ച്ച് 31 വരെ നീട്ടി. മുഖ്യമന്ത്രി അധ്യക്ഷത വഹിച്ച യോഗത്തില്‍ വൈദ്യുതി മന്ത്രി എം.എം.മണി, തദ്ദേശ സ്വയംഭരണ മന്ത്രി എ സി മൊയ്തീന്‍, കെ എസ് ഇ ബി ചെയര്‍മാന്‍ എന്‍ എസ് പിള്ള തുടങ്ങിയവര്‍ പങ്കെടുത്തു.

സര്‍ക്കാര്‍ ഉദ്യോഗസ്ഥരുമായുള്ള ഉന്നതതല യോഗത്തിന് ശേഷം പ്രാദേശിക സ്വയംഭരണ സ്ഥാപനങ്ങള്‍, ഇലക്ട്രിക്കല്‍ ഇന്‍സ്‌പെക്ടറേറ്റ്, ഫിലിംസ് ഡിവിഷന്‍ സര്‍ട്ടിഫിക്കേഷന്‍ ബോഡി, ബില്‍ഡിംഗ് ഫിറ്റ്‌നസ്, ഫയര്‍ ഫോഴ്സ്, ആരോഗ്യ വകുപ്പ് എന്നിവരുമായി കൂടിയാലോചിച്ചാണ് തീരുമാനം. കേരള ഫിലിം ചേംബര്‍ ഓഫ് കൊമേഴ്സ് സംസ്ഥാനത്ത് സിനിമാ തീയറ്ററുകള്‍ പുനരാരംഭിക്കുന്നതിന് മറ്റ് ആവശ്യങ്ങള്‍ക്കൊപ്പം നികുതി ഇളവുകളും ആവശ്യപ്പെട്ടതിനെ തുടര്‍ന്നാണ് യോഗം വിളിച്ചത്.

ജനുവരി 5 മുതല്‍ 50% ശേഷിയില്‍ സിനിമാ തിയേറ്ററുകള്‍ തുറക്കാന്‍ കേരള സര്‍ക്കാര്‍ അനുമതി നല്‍കിയിരുന്നു. എന്നിരുന്നാലും, ഇളവുകള്‍ നല്‍കുന്നതുവരെ തീയേറ്ററുകള്‍ തുറക്കാന്‍ തിയറ്റര്‍ ഉടമകള്‍ വിസമ്മതിച്ചു. പുതിയ തീരുമാനം സിനിമ മേഖലയ്ക്ക് ഏറെ ആശ്വാസം പകരുന്നതാണെന്ന് മേഖലയിലെ പ്രമുഖര്‍ പ്രതികരിച്ചു.

Author

Related Articles