News

അതിജീവിക്കാനാകാതെ ടൂറിസം മേഖല; സാമ്പത്തിക പാക്കേജുകള്‍ സംരംഭകരിലേക്ക് എത്തുന്നില്ല

തിരുവനന്തപുരം: കോവിഡ് പ്രതിസന്ധി അതിജീവിക്കാനാകാതെ ടൂറിസം മേഖല കടുത്ത പ്രതിസന്ധിയില്‍. കടബാധ്യതകളെത്തുടര്‍ന്നു 3 സംരംഭകര്‍ ഈയിടെ ജീവനൊടുക്കിയിരുന്നു. ടൂറിസം മേഖലയ്ക്കായി സര്‍ക്കാര്‍ സാമ്പത്തിക പാക്കേജുകള്‍ പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും സാധാരണക്കാരായ സംരംഭകര്‍ക്കു ലഭിക്കുന്നില്ലെന്നാണു പരാതി. സര്‍ക്കാരിന്റെ സാമ്പത്തിക പാക്കേജുകള്‍ ബാങ്കുകള്‍ വഴിയാണു നല്‍കുന്നത്. എന്നാല്‍, ടൂറിസം സംരംഭകര്‍ക്കു വായ്പ നല്‍കാന്‍ ബാങ്കുകള്‍ തയാറാകുന്നില്ലെന്നു പരാതിയുണ്ട്. പ്രളയവും നിപ്പയും ഉള്‍പ്പെടെ കഴിഞ്ഞ വര്‍ഷങ്ങളിലുണ്ടായ പ്രതിസന്ധികളെത്തുടര്‍ന്നു പലരുടെയും വായ്പ തിരിച്ചടവു മുടങ്ങിയതോടെ സിബില്‍ സ്‌കോറിനെ ബാധിച്ചു.

ഇതോടെ വായ്പകള്‍ ലഭിക്കാനുള്ള സാധ്യത കുറഞ്ഞു. ജീവനക്കാര്‍ക്കു ശമ്പളം നല്‍കാന്‍ പണമില്ലാതായതോടെ ഭൂരിഭാഗം പേരെയും പിരിച്ചു വിട്ടു. വിനോദസഞ്ചാര കേന്ദ്രങ്ങള്‍ ഭാഗികമായി തുറന്നെങ്കിലും പ്രാദേശിക നിയന്ത്രണങ്ങള്‍ മൂലം ഇതര സംസ്ഥാന സഞ്ചാരികളൊന്നും എത്തുന്നില്ല. സര്‍ക്കാരിന്റെ അംഗീകാരമുള്ള സംരംഭകര്‍ക്കെങ്കിലും ടൂറിസം വകുപ്പ് നേരിട്ടു സാമ്പത്തിക സഹായം നല്‍കണമെന്നാണു സംരംഭകരുടെ അഭ്യര്‍ഥന. ടൂറിസം അഡൈ്വസറി ബോര്‍ഡ് യോഗം ചേര്‍ന്നു സാധാരണക്കാരായ സംരംഭകരുടെ പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്യണമെന്നും അവര്‍ ആവശ്യപ്പെടുന്നു.

Author

Related Articles